Ken Sunny | Samayam Malayalam | Updated: 11 Aug 2021, 09:22:00 AM
വീഡിയോ യഥാർത്ഥത്തിൽ ബുർജ് ഖലീഫയുടെയുടെ മുകളിൽ കയറി എടുത്തതല്ല എന്നും സിനിമയിൽ സാഹസീക രംഗങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ഗ്രീൻ മാറ്റ് സംവിധാനം ഉപയോഗിച്ചാണ് ചിത്രീകരിച്ചത് എന്നും വാദങ്ങൾ ഉയർന്നിരുന്നു.
PC: Emirates
ഹൈലൈറ്റ്:
- ‘ബിഹൈൻഡ് ദി സീൻ’ വിഡിയോയുമായാണ് എമിറേറ്റ്സ് സംശയങ്ങളുടെ മുനയൊടിച്ചത്.
- സ്‍കൈ ഡൈവിങ് ഇൻസ്‍ട്രക്ടറാണ് എമിറേറ്റ്സിന്റെ ക്യാബിൻ ക്രൂ യൂണിഫോം ധരിച്ച് ബുർജ് ഖലീഫയുടെ നെറുകെയെത്തിയത്.
- ഒരൊറ്റ ഡ്രോൺ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ മുഴുവൻ പകർത്തിയത് എന്നും എമിറേറ്റ്സ് വെളിപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വലിയ രീതിയിൽ വൈറലായ വിഡിയോയാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻസിന്റെ പരസ്യം. എയർലൈൻസിന്റെ യൂണിഫോം ധരിച്ച ക്യാബിൻ ക്രൂ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ നിൽക്കുന്നതാണ് വീഡിയോ. യുകെയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് യുഎഇയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് എമിറേറ്റ്സ് ഇത്തരമൊരു വിഡിയോയുമായെത്തിയത്.
828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയുടെ നെറുകെയിൽ നിൽകുമ്പോൾ തങ്ങൾ ലോകത്തിന്റെ നെറുകെയിൽ നിൽക്കുകയാണ് എന്ന സന്ദേശമാണ് ലോകത്തിലെ ഏറ്റവും വലിയ വിമാന സർവീസുകളിൽ ഒന്നായ എമിറേറ്റ്സ് നൽകിയത്. വീഡിയോ വൈറലായതോടൊപ്പം ധാരാളം പേർ ഈ വീഡിയോ യഥാർത്ഥത്തിൽ ബുർജ് ഖലീഫയുടെയുടെ മുകളിൽ കയറി എടുത്തതല്ല എന്നും സിനിമയിൽ സാഹസീക രംഗങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ഗ്രീൻ മാറ്റ് സംവിധാനം ഉപയോഗിച്ചാണ് ചിത്രീകരിച്ചത് എന്നും വാദങ്ങൾ ഉയർന്നിരുന്നു. ഏതായാലും വിവിധ സിദ്ധാന്തങ്ങൾ പ്രചരിക്കുന്നതിന് മുൻപായി വീഡിയോയ്ക്ക് പിന്നിലെ സത്യം എമിറേറ്റ്സ് തന്നെ പുറത്ത് വിട്ടു.
‘ബിഹൈൻഡ് ദി സീൻ’ വിഡിയോയുമായാണ് എമിറേറ്റ്സ് സംശയങ്ങളുടെ മുനയൊടിച്ചത്. നിക്കോൾ സ്‍മിത്ത് ലുഡ്‍വിക് എന്ന വിദഗ്ധ പരിശീലനം നേടിയ സ്‍കൈ ഡൈവിങ് ഇൻസ്‍ട്രക്ടറാണ് എമിറേറ്റ്സിന്റെ ക്യാബിൻ ക്രൂ യൂണിഫോം ധരിച്ച് ബുർജ് ഖലീഫയുടെ നെറുകെയെത്തിയത്. എമിറേറ്റ്സിന്റെ യഥാർത്ഥ ക്യാബിൻ ക്രൂ അംഗങ്ങൾ തന്നെ ബുർജ് ഖലീഫയുടെ മുകളിൽ കയറാൻ തയ്യാറായിരുന്നു എങ്കിലും സുരക്ഷയെ മുൻ നിർത്തിയാണ് പരിശീലനം ലഭിച്ച നിക്കോൾ സ്‍മിത്ത് ലുഡ്‍വിക് മതി എന്ന് തീരുമാനിച്ചതത്രെ.
നിരവധി ദിവസത്തെ പരിശീനലവും, കർശനമായ സുരക്ഷാ മാനദണ്ഡവും പാലിച്ചാണ് വീഡിയോ ഷൂട്ട് ചെയ്തത്. ബുർജ് ഖലീഫയുടെ നെറുകെ നിക്കോൾ സ്‍മിത്ത് ലുഡ്‍വികിന് നിൽക്കാൻ ചെറിയ ഒരു പ്ലാറ്റ്‌ഫോം പുറകിൽ ഒരു തൂണും ഘടിപ്പിച്ചിരുന്നു. ഇത് പക്ഷെ വിഡിയോയിൽ കാണാനാവില്ല. നിക്കോൾ സ്‍മിത്ത് ലുഡ്‍വികിനെ ക്യാബിൻ ക്രൂ യൂണിഫോമിൽ തന്നെ ഈ തൂണുമായി ബന്ധിപ്പിച്ചിരുന്നു.
ഒരു മണിക്കൂറും 15 മിനിറ്റുമെടുത്താണ് വീഡിയോ ചിത്രീകരിക്കുന്ന സംഘം ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ എത്തിയത് എന്നും ഒരൊറ്റ ഡ്രോൺ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ മുഴുവൻ പകർത്തിയത് എന്നും എമിറേറ്റ്സ് വെളിപ്പെടുത്തി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : viral emirates video of cabin crew on top of burj khalifa is not fake
Malayalam News from malayalam.samayam.com, TIL Network