ഡൽഹി ജി ബി പന്ത് ആശുപത്രി പുറത്തിറക്കിയ ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം വിവാദ ഉത്തരവ് അധികൃതർ പിൻവലിച്ചിട്ടുണ്ട്
പിണറായി വിജയൻ. PHOTO:Facebook
ഹൈലൈറ്റ്:
- സംസ്കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഉത്തരവ്
- ഭാഷയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ വേർതിരിക്കരുത്
- വിവാദ വിഷയത്തിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി
തിരുവനന്തപുരം: ജോലി സമയത്ത് നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സംസ്കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നെന്നും പിണറായി വിജയൻ പറഞ്ഞു.
മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്.
ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്കൃത സമൂഹത്തിനും യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികളെന്നും പിണറായി പറഞ്ഞു. ജി ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ജി ബി പന്ത് ആശുപത്രി പുറത്തിറക്കിയ ഉത്തരവ് വിവാദമായതിന് പിന്നാലെയാണ് അധികൃതർ ഇത് റദ്ദാക്കിയത്. സർക്കുലറിനെതിരെ ദേശീയതലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ കേരള സർക്കാർ നേരിട്ട് ഡൽഹി സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു.
പഞ്ചായത്തിന്‍റെ ഇടപെടല്‍; സ്ഥിരം വാക്‌സിനേഷന്‍ സംവിധാനം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala cm pinarayi vijayan on g b pant hospital controversial order
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download