ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ തേരോട്ടം തുടരുന്നു; ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ഫ്രഞ്ച്-ഓപ്പണില്‍-നദാലിന്റെ-തേരോട്ടം-തുടരുന്നു;-ക്വാര്‍ട്ടറില്‍-പ്രവേശിച്ചു

റോളണ്ട് ഗാരോസിലെ നദാലിന്റെ 104-ാം വിജയമാണിത്

പാരിസ്: റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ റഫേല്‍ നദാലിന്റെ ആധിപത്യം തുടരുകയാണ്. ഇറ്റാലിയന്‍ കൗമാരതാരം യാനിക്ക് സിന്നെറിനെ 7-5, 6-3,6-0 എന്ന സ്കോറില്‍ കീഴ്പ്പെടുത്തി 15-ാം ക്വാര്‍ട്ടര്‍ പ്രവേശനം. 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമാക്കിയാണ് ഇതിഹാസത്തിന്റെ തേരോട്ടം. ഇതിൽ വിജയിച്ചാൽ 21 ഗ്രാന്‍ഡ് സ്ലാം കിരീടം എന്ന സ്വപ്ന തുല്യമായ നേട്ടത്തിലേക്ക് കടക്കാം.

ടെന്നിസിലെ ഭാവി താരമെന്ന് വിശേഷിപ്പിക്കുന്ന സിന്നറിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ സെറ്റില്‍ 5-3 ന് നദാലിനെ പിന്നിലാക്കാന്‍ പത്തൊന്‍പതുകാരനായിരുന്നു. എന്നാല്‍ നദാലിന്റെ തിരിച്ചു വരവ് സിന്നറിന് പ്രതിരോധിക്കാനായില്ല. അര്‍ജന്റീനയുടെ ഡിയഗോ ഷ്വാര്‍ട്ട്സ്മാനാണ് ക്വാര്‍ട്ടറില്‍ സ്പെയിന്‍ താരത്തിന്റെ എതിരാളി.

“ടെന്നിസില്‍ മികച്ച ഭാവിയുള്ള ഒരു താരത്തിനെതിരെയാണ് ഞാന്‍ കളിച്ചത്. ജയിക്കാനായതില്‍ സന്തോഷമുണ്ട്,” നദാല്‍ പറഞ്ഞു.

Also Read: ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നതായി റോജർ ഫെഡറർ

“തുടക്കത്തില്‍ നന്നായി കളിക്കാനായെങ്കിലും പിന്നീട് ഞാന്‍ പ്രതിരോധത്തിലേക്ക് പോയി. അത് എതിരാളിക്ക് ആധിപത്യം സ്ഥാപിക്കാനുള്ള അവസരമൊരുക്കി. പിന്നീട് മത്സരം മാറി മറിഞ്ഞു,” സിന്നര്‍ വ്യക്തമാക്കി. നദാലിന് മുകളിലുണ്ടായിരുന്ന മികവ് പിന്നീട് തുടരാന്‍ സാധിക്കാതെ പോയതാണ് സിന്നറിന് തിരിച്ചടിയായത്.

റോളണ്ട് ഗാരോസിലെ നദാലിന്റെ 104-ാം വിജയമാണിത്. 2015 ന് ശേഷം പാരിസ് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ നദാല്‍ തോല്‍വിയറിഞ്ഞിട്ടില്ല. സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് അന്ന് ക്വാര്‍ട്ടറില്‍ സ്പെയിന്‍ താരത്തെ കീഴടക്കിയിരുന്നു. അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ സെമിയില്‍ ദ്യോക്കോവിച്ചായിരിക്കും നദാലിന്റെ എതിരാളി.

Exit mobile version