ഡെവോൺ കോൺവെ: ന്യൂസിലന്‍‍ഡ് ക്രിക്കറ്റിലെ പുതിയ വസന്തം

ഡെവോൺ-കോൺവെ:-ന്യൂസിലന്‍‍ഡ്-ക്രിക്കറ്റിലെ-പുതിയ-വസന്തം

ന്യൂസിലന്‍ഡിലേക്ക് ചേക്കേറാനായി സ്വന്തമായുണ്ടായിരുന്ന സ്വത്തും കാറുമെല്ലാം കോണ്‍വെയ്ക്ക് വില്‍ക്കേണ്ടി വന്നു

“നിങ്ങള്‍ മികച്ചതാണെന്ന് സ്വയം വിശ്വസിപ്പിക്കുക, പിന്നീടുള്ള കാലം ഇത് ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള സമയമാണ്”. ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഡെവോണ്‍ കോണ്‍വെയുടെ വാക്കുകളാണിത്. താരത്തിന്റെ ജീവിതവുമായി ഏറ്റവും ഇണങ്ങുന്ന വാചകങ്ങള്‍ ഇതു തന്നെ ആയിരിക്കണം. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച്, 30-ാം വയസില്‍ വെറും ആറ് അന്താരാഷ്ട്ര മത്സരം കളിച്ച് ന്യൂസിലന്‍ഡ് ദേശിയ ടീമിലെ പ്രധാനിയാകണമെങ്കില്‍ താണ്ടിയ വഴികളും ദുഷ്കരമായിരിക്കുമല്ലോ.

സിനിമകളില്‍ പ്രധാന കഥാപാത്രങ്ങള്‍ നിരവധി തിരച്ചടികള്‍ നേരിട്ട് കഥാന്ത്യത്തില്‍ വിജയിച്ച് വരുന്നത് കണ്ടിട്ടില്ലേ. കോണ്‍വെയുടെ ജീവിതവും സമാനം തന്നെ. താരത്തിന്റെ കരിയര്‍ തുടക്കം മുതല്‍ അത്ര ശുഭകരമായിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ അഭ്യന്തര ക്രിക്കറ്റിലാണ് ആദ്യ ചുവടുകള്‍. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായൊരു ടീമില്‍ ഇടം പിടിക്കുമ്പോള്‍ ആ 17 വയസുകാരന് ഒരുപാട് സ്വപ്നങ്ങളുമുണ്ടായിരുന്നു.

ഗോട്ടെങ്ങിന് വേണ്ടിയായിരുന്നു അരങ്ങേറ്റം. സെന്റ് ജോണ്‍സ് കോളെജിനായി മൂന്നാം നമ്പരില്‍ ബാറ്റ്സ്മാനായി ഇറങ്ങുന്ന കാലം. പരീക്ഷണങ്ങളുടെ കുത്തൊഴുക്കായിരുന്നു കോണ്‍വെയെ തേടി വന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ മൂന്ന് രാജ്യങ്ങളിലായി 21 ടീമുകള്‍ക്കായി പാഡണിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ എത്രത്തോളം പരാജയമാണ് എന്നതിന് കോണ്‍വയേക്കാള്‍ മികച്ച ഉദാഹരണമില്ല.

ദക്ഷിണാഫ്രിക്കയില്‍ വിവിധ ലീഗുകള്‍, ലങ്കാഷെയർ ലീഗ്, ഈസ്റ്റ് ആംഗ്ലിയൻ ലീഗ്, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് ലീഗ്, നോർത്തേൺ പ്രീമിയർ ലീഗ് എന്നിവയിൽ, സോമർസെറ്റിന്റെ രണ്ടാം ഇലവനിൽ അങ്ങനെ നീളുന്നു ടീമുകളുടെ എണ്ണം. പല പരിശീലകരും കോണ്‍വയിലെ താരത്തിനെ മനസിലാക്കാനോ വളര്‍ത്തിയെടുക്കാനോ ശ്രമിച്ചില്ല. ചിലപ്പോള്‍ ഒപ്പണറായി, ചിലപ്പോള്‍ അ‍ഞ്ചാമനായി, അല്ലെങ്കില്‍ ആരുടെയെങ്കിലും അഭാവത്തിലൊക്കെയാണ് കളത്തിലിറങ്ങാന്‍ കഴിഞ്ഞത്.

Also Read: പെപ്പ് ഗ്വാർഡിയോളയുടെ കവിത

2018 ലാണ് ന്യൂസിലന്‍ഡ് ക്ലബ്ബിനൊപ്പം ചേരാനുള്ള അവസരം എത്തിച്ചേരുന്നത്. മറ്റൊരു രാജ്യത്തിലേക്ക് ചേക്കേറാനായി സ്വന്തമായുണ്ടായിരുന്ന വീടും കാറുമെല്ലാം വില്‍ക്കേണ്ടി വന്നു താരത്തിനും കുടുംബത്തിനും. പിന്നീട് ഒരു തിരിഞ്ഞു നോട്ടം കോണ്‍വെയ്ക്ക് ഉണ്ടായില്ല. 2018-19 സീസണില്‍ പ്ലങ്കറ്റ് ഷീല്‍ഡില്‍ ഒട്ടാഗോയ്ക്കെതിരെ അപരാജിത ഇരട്ട സെഞ്ചുറി. പ്ലങ്കറ്റ് ഷീല്‍ഡില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 659 റണ്‍സുമായി വരവറിയിച്ചു.

2019ല്‍ ന്യൂസിലന്‍ഡിലെ മികച്ച പുരുഷ അഭ്യന്തര ക്രിക്കറ്ററായി തിരഞ്ഞെടുത്തു. പിന്നാലെയെത്തിയ സീസണില്‍ കാന്‍റര്‍ബറിക്കെതിരെ 327 റണ്‍സ്. അതും പുറത്താകാതെ. ന്യൂസിലന്‍ഡിലെ ക്രിക്കറ്റ് മൈതാനങ്ങളില്‍ കോണ്‍വെ വൈകാതെ തന്നെ പ്രിയങ്കരനായി. 2019-20 സീസണില്‍ സൂപ്പര്‍ സ്മാഷില്‍ കേവലം 49 പന്തുകളില്‍ നിന്ന് സെഞ്ചുറി. പോയ സീസണില്‍ നേടിയതിന്റെ ഇരിട്ടിയോളം റണ്‍സുമായാണ് ടോപ് സ്കോററായത്.

റെക്കോര്‍ഡുകള്‍ക്ക് പുറമെ ഒരു ബാറ്റ്സ്മാന്‍ എന്ന നിലയിലും മുന്നേറിയ വര്‍ഷങ്ങളായിരുന്നു കടന്നു പോയത്. സാങ്കേതികപരമായി ഒരുപാട് പിന്നിലായിരുന്നു ഇടം കൈയ്യന്‍ ബാറ്റ്സ്മമാന്‍. മൈതാനത്തിന്റെ ഏതൊരു കോണിലേക്കും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള മികവ് സ്വന്തമായുള്ള ചില താരങ്ങള്‍ മാത്രമെ ഇന്ന് ക്രിക്കറ്റിലുള്ളു. കോണ്‍വെ ഇന്ന് അത്തരമൊരു ബാറ്റ്സ്മാനാണെന്നാണ് ന്യൂസിലന്‍ഡ് താരം ഗ്രാന്‍ എലിയട്ടിന്റെ പക്ഷം. കോണ്‍വെയുടെ ശൈലി എലിയട്ടിന്റെ വാക്കുകള്‍ ശരി വയ്ക്കുന്നതാണ്.

2020 മാര്‍ച്ചിലാണ് കോണ്‍വെയ്ക്ക് ന്യൂസിലന്‍ഡ് ദേശിയ ടീമില്‍ കളിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അനുവാദം നല്‍കുന്നത്. കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല, നവംബറില്‍ ന്യൂസിലന്‍ഡ് ടീമിലേക്ക് കോണ്‍വെയെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ താരം തിളങ്ങി. 41,65 എന്നിങ്ങനെയായിരുന്നു സ്കോര്‍. ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 99 റണ്‍സാണ് കോണ്‍വയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തത്.

ഏകദിനത്തിലും സമാന തുടക്കം ലഭിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ബംഗ്ലാദേശിനെതിരെ നേടിയത് 225 റണ്‍സ്. ഒരു സെഞ്ചുറിയും, അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെട്ടു ഏകദിനത്തിലെ ചുവടു വയ്പ്പില്‍. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘമേറിയ ഫോര്‍മാറ്റായ ടെസ്റ്റില്‍ സാന്നിധ്യമറിയിക്കുക എന്നത് ഏതൊരു താരത്തിന്റേയും സ്വപ്നമാണ്. കോണ്‍വയെ ഈ അവസരം തേടിയെത്തിയപ്പോള്‍ പ്രായം മുപ്പതിലേക്ക് അടുത്തു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകള്‍ക്കുള്ള ടീമില്‍ കോണ്‍വെയും. ഇംഗ്ലണ്ടിന്റെ സ്വന്തം മണ്ണില്‍ അവര്‍ക്കെതിരെ ആദ്യ മത്സരം. ഇരട്ട സെഞ്ചുറി നേടിയാണ് താരം ആഘോഷിച്ചത്. ഇംഗ്ലണ്ടില്‍ വച്ച് ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍, ഇരട്ട സെഞ്ചുറി എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ 23 റണ്‍സെടുക്കാനെ സാധിച്ചൊള്ളു എങ്കിലും 39 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡും കോണ്‍വെ തകര്‍ത്തു. ഇംഗ്ലണ്ടിനെതിരെ കന്നി ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ റണ്‍സ് എന്ന നേട്ടം. രണ്ട് ഇന്നിങ്സുകളിലുമായി 223 റണ്‍സ്. 1982 ല്‍ ഓസ്ട്രേലിയന്‍ താരം കെപ്ലര്‍ വെസലിന്റെ (218) റെക്കോര്‍ഡാണ് മറികടന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കോണ്‍വെ ഇന്ത്യ ബോളിങ് നിരയ്ക്ക് വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.

ഒരിക്കല്‍ ഒരു ട്വന്റി 20 ക്യാമ്പില്‍ വച്ച് കെയിന്‍ വില്ല്യംസണിനേയും, റോസ് ടെയ്ലറിനേയും നേരിട്ട് കണ്ടത് കൗതുകത്തോടെ കോണ്‍വെ പറഞ്ഞിട്ടുണ്ട്. ട്രെന്റ് ബോള്‍ട്ടിനെ നെറ്റ്സില്‍ നേരിട്ടപ്പോഴത്തെ അനുഭവവുമൊക്കെ വിശദീകരിച്ചയാള്‍ ഇന്ന് അവര്‍ക്കൊപ്പം ദേശിയ ടീമിന്റെ ഭാഗമാണ്.

Exit mobile version