ട്വിറ്ററിലെ തമാശകള്‍ കാര്യമായി; പുലിവാലു പിടിച്ച് ഇംഗ്ലണ്ട് താരങ്ങള്‍

ട്വിറ്ററിലെ-തമാശകള്‍-കാര്യമായി;-പുലിവാലു-പിടിച്ച്-ഇംഗ്ലണ്ട്-താരങ്ങള്‍

ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗനും, ജോസ് ബട്ലറുമാണ് കുരുക്കിലായിരിക്കുന്നത്

കൊല്‍ക്കത്ത: വംശീയ അധിക്ഷേപവും പിന്നാലെ ഒലി റോബിന്‍സണ്‍ന്റെ സസ്പെന്‍ഷനും പുതിയ വഴിത്തിരിവിലേക്ക് എത്തിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റിനെ. ബോര്‍ഡിന്റെ ഉന്നതതല സമിതി ഇപ്പോള്‍ നായകന്‍ ഇയോണ്‍ മോര്‍ഗന്റെയും വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറിന്റെയും ട്വീറ്റുകളില്‍ അന്വേഷണം നടത്തുകയാണ്. 2017,2018 വര്‍ഷങ്ങളില്‍ ഇന്ത്യക്കാരുടെ ഇംഗ്ലീഷിനെ അനുകരിച്ച് ഇരുവരും ട്വീറ്റ് ചെയ്തതാണിപ്പോള്‍ വിവാദത്തിലേക്ക് എത്തിയിരിക്കുന്നത്.

മോര്‍ഗന്‍ ഇംഗ്ലണ്ടിന്റെ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലേയും, ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും നായകനാണ്. ബട്ലറാവട്ടെ രാജ്യത്തിന്റെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍. രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന താരവുമാണ് ബട്ലര്‍. ഇരുവര്‍ക്കും പുറമെ മുന്‍ ന്യൂസിലന്‍ഡ് ബാറ്റ്സ്മമാനും കൊല്‍ക്കത്തയുടെ പരിശീലകനുമായ ബ്രണ്ടണ്‍ മക്കല്ലവും ഇവര്‍ക്കൊപ്പമുണ്ട്. ബട്ലറിന് മക്കല്ലം ട്വിറ്ററിലൂടെ അന്ന് മറുപടി നല്‍കിയിരുന്നു.

ബട്ലറിന്റേയും മോര്‍ഗന്റേയും ട്വീറ്റുകള്‍

സര്‍ എന്ന പ്രയോഗം ഉപയോഗിച്ച് ഇന്ത്യക്കാരെ അനുകരിക്കാന്‍ ശ്രമിച്ചതായി തോന്നിയ ബട്ലറിന്റേയും മോര്‍ഗന്റെയും ട്വീറ്റുകളില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം ആരംഭിച്ചതായാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2017 ഓഗസ്റ്റ് മാസത്തിലാണ് സംഭവം. ബട്ലര്‍, മോര്‍ഗന്‍, മക്കല്ലം എന്നിവരുടെ ട്വീറ്റുകളിലെല്ലാം സര്‍ എന്ന പ്രയോഗമുണ്ടായിരുന്നു.

ജോസ് ബട്ലറുടെ ട്വീറ്റുകള്‍. ഫൊട്ടോ: ട്വിറ്റര്‍/ജോസ് ബട്ലര്‍

Also Read: ഗവാസ്കറുടെയും കൂട്ടരുടേയും വിദ്യ ഫലം കണ്ടു; ബാറ്റിങ് മെച്ചപ്പെട്ടതിനെക്കുറിച്ച് സേവാഗ്

തുടര്‍ നടപടികള്‍

എട്ട്, ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വംശീയ അധിക്ഷേപ ട്വീറ്റിന്റെ പേരില്‍ റോബിണ്‍സണെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. താരങ്ങളുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷിക്കുന്നുണ്ട്. മോര്‍ഗന്റെയും, ബട്ലറിന്റേയും കാര്യത്തില്‍ നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കുമെന്നാണ് ബോര്‍ഡിന്റെ പക്ഷം.

ആന്‍ഡേഴ്സണും പട്ടികയില്‍

2010 ലെ ആൻഡേഴ്സൺന്റെ ഒരു ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷ് ടീമിൽ സഹതാരമായ സ്റ്റുവർട്ട് ബ്രോഡിനെ ലെസ്ബിയൻ എന്നു വിളിക്കുന്നതായിരുന്നു ആ ട്വീറ്റ്. ബ്രോഡിന്റെ പുതിയ ഹെയർ സ്റ്റൈലിനെ പരിഹസിച്ച് ’15 വയസ്സുള്ള ലെസ്ബിയനെപ്പോലുണ്ട്’ എന്നാണ് ആൻഡേഴ്സൺ ട്വീറ്റ് ചെയ്തതിരുന്നത്. എന്നാല്‍ ട്വീറ്റ് പിന്നീട് താരം പിന്‍വലിക്കുകയും ചെയ്തു. ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതിലെ പ്രശ്നം മനസിലാക്കുന്നെന്ന് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

Exit mobile version