വാക്സിൻ പാഴാക്കുന്നതിൽ ജാർഖണ്ഡ് മുന്നിൽ; ഒട്ടും കളയരുതെന്ന് കേന്ദ്രം; കേരളം ‘അതുക്കും മേലെ’

വാക്സിൻ-പാഴാക്കുന്നതിൽ-ജാർഖണ്ഡ്-മുന്നിൽ;-ഒട്ടും-കളയരുതെന്ന്-കേന്ദ്രം;-കേരളം-‘അതുക്കും-മേലെ’

Edited by

Samayam Malayalam | Updated: 10 Jun 2021, 04:21:00 PM

45 വയസ്സിനു മുകളിൽ പ്രായമുള്ള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കേരളവും ഡൽഹിയും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങള്‍ വാക്സിൻ നൽകിയിട്ടുണ്ട്. പാഴാക്കാതെ വാക്സിൻ നല്‍കുന്നതിൽ ഏറ്റവും മുന്നിൽ കേരളമാണ്.

Virus Outbreak Indonesia

പ്രതീകാത്മക ചിത്രം Photo: AP/File

ഹൈലൈറ്റ്:

  • വാക്സിൻ പാഴാക്കുന്നതിൽ ജാര്‍ഖണ്ഡ് മുന്നിൽ
  • കൃത്യതയോടെ ഉപയോഗിക്കുന്നത് കേരളവും പശ്ചിമ ബംഗാളും
  • കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ ഇങ്ങനെ

ന്യൂ ഡൽഹി: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന വാക്സിൻ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ കേരളം ഏറ്റവും മുന്നിലെന്ന് കണക്കുകള്‍. കേന്ദ്രം നല്‍കുന്ന വാക്സിൻ പാഴാക്കുന്നതിൽ ജാര്‍ഖണ്ഡാണ് ഏറ്റവും മുന്നിലെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കൃത്യതയോടെ വാക്സിൻ ഉപയോഗിക്കുന്നതു മൂലം കേരളവും പശ്ചിമ ബംഗാളും നെഗറ്റീവ് വേസ്റ്റേജാണ് രേഖപ്പെടുത്തുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തിന് ഇത്തരത്തിൽ 1.10 ലക്ഷം ഡോസും പശ്ചിമ ബംഗാളിന് 1.61 ലക്ഷം ഡോസും വാക്സിൻ അധികമായി വിതരണം ചെയ്യാൻ സാധിച്ചെന്നാണ് കണക്കുകള്‍. കേരളത്തിൽ – 6.37 ശതമാനമാണ് വാക്സിൻ വേസ്റ്റേജ്. അതായത് പതിനായിരം ഡോസ് വാക്സിൻ കേരളത്തിൽ ലഭിക്കുമ്പോള്‍ അത് 10637 പേര്‍ക്ക് വിതരണം ചെയ്യുന്നുവെന്ന് സാരം. വാക്സിൻ ലഭിക്കുന്ന വയൽ എന്ന ചെറു ചില്ലുകുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഡോസുകളിലും കൂടുതൽ അളവ് വാക്സിനുണ്ടാകും. സിറിഞ്ചിൽ നിറയ്ക്കുമ്പോഴും മറ്റും ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്താണ് ഇത്തരത്തിൽ ഓവര്‍ഫിൽ ചെയ്യുന്നത്. എന്നാൽ അതീവശ്രദ്ധയോടെ വാക്സിൻ കൈകാര്യം ചെയ്താൽ ഈ അധിക വാക്സിനും ഉപയോഗിക്കാനാകും. ഇത്തരത്തിലാണ് കേരളത്തിനു നേട്ടമുണ്ടാക്കാനായത്. ഇത്തരത്തിൽ പശ്ചിമ ബംഗാളിൽ – 5.48 ശതമാനമണ് വാക്സിൻ്റെ നെഗറ്റീവ് വേസ്റ്റേജ്.

Also Read: ‘ഇരകളെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തും; മാർട്ടിൻ മനോരോഗി’; ഒളിത്താവളം കണ്ടെത്തി പോലീസ്

അതേസമയം, വാക്സിൻ പാഴാക്കുന്നതിൽ ജാര്‍ഖണ്ഡ് ആണ് മുന്നിൽ. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ലഭിക്കുന്ന വാക്സിൻ്റെ 33.95 ശതമാനവും സംസ്ഥാനത്ത് പാഴാകുകയാണ്. ഛത്തീസ്ഗഡിൽ 15.79 ശതമാനവും മദ്യപ്രദേശിൽ 7.35 ശതമാനവും വാക്സിൻ പാഴാകുന്നുണ്ട്. പഞ്ചാബ് (7.08%), ‍ഡൽഹി (3.95%), രാജസ്ഥാൻ (3.91%), ഗുജറാത്ത് (3.63%), മഹാരാഷ്ട്ര (3.59) തുടങ്ങിയ സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കുന്നുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വേണ്ടത്ര ആളുകള്‍ എത്താത്തതാണ് വാക്സിൻ പാഴാകാനുള്ള പ്രധാന കാരണം.

ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും 79.06 കോടി വാക്സിൻ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിൽ 21.27 ലക്ഷം ഡോസ് സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ട്. അതേസമയം, മെയ് മാസത്തിൽ ഏപ്രിലിനെ അപേക്ഷിച്ച് വാക്സിനേഷൻ നടന്നതിൻ്റെ എണ്ണം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Also Read: മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി: മുഖ്യമന്ത്രി

45 വയസ്സിനു മുകളിൽ പ്രായമുള്ള 92 ശതമാനം പേര്‍ക്കും വാക്സിൻ നല്‍കിയ ത്രിപുരയാണ് നിലവിൽ ജനസംഖ്യാനുപാതത്തിലുള്ള കണക്കിൽ മുന്നിൽ. രാജസ്ഥാനിലും ഛത്തീസ്ഗഡിലും 65 ശതമാനം പേര്‍ക്ക് വാക്സിൻ ലഭിച്ചു. ഗുജറാത്തിൽ 45 വയസ്സിനു മുകളിലുള്ള 53 ശതമാനം പേര്‍ക്കും കേരളത്തിൽ 51 ശതമാനം പേര്‍ക്കും വാക്സിൻ നല്‍കിയെന്നാണ് കണക്ക്. അതേസമയം, അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ 19 ശതമാനം പേര്‍ക്കു മാത്രമാണ് ആദ്യഡോസ് വാക്സിൻ ലഭിച്ചത്.

വലിയപാറയില്‍ തീപ്പൊരിച്ചിതറും ട്രാന്‍സ്‌ഫോര്‍മര്‍; നാട്ടുകാർ ഭീതിയിൽ!

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : central govt data on vaccine kerala and west bengal shows negative wastage as jharkhand tops in wasting jabs
Malayalam News from malayalam.samayam.com, TIL Network

Exit mobile version