ഈ നിമിഷം അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു: ചേതന്‍ സക്കറിയ

ഈ-നിമിഷം-അച്ഛന്‍-ഉണ്ടായിരുന്നെങ്കില്‍-എന്ന്-ഞാന്‍-ആഗ്രഹിക്കുന്നു:-ചേതന്‍-സക്കറിയ

ഐപിഎല്ലിലെ മികവാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്ന് നല്‍കിയത്

ചെന്നൈ: ശ്രീലങ്കന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങളില്‍ ഒരാളാകാന്‍ സൗരാഷ്ട്രക്കാരന്‍ ചേതന്‍ സക്കറിയക്കുമായി. എന്നാല്‍ മറ്റ് താരങ്ങളെ പോല അല്ലായിരുന്നു പോയ നാളുകള്‍ സക്കറിയക്ക്. ശരിക്കും ഒരു റോളര്‍ കോസ്റ്റര്‍ റൈഡിന് സമാനം.

ആദ്യം അനുജന്റെ മരണം, വൈകാതെ ഐപിഎല്ലിലേക്ക്. രാജസ്ഥാന്‍ റോയല്‍സ് സക്കറിയയെ സ്വന്തമാക്കിയത് 1.2 കോടി രൂപയ്ക്ക്. പിന്നാലെ കോവിഡ് മഹാമാരി പിതാവിന്റെ ജീവനും കവര്‍ന്നു. എന്നാല്‍ വീണ്ടും ക്രിക്കറ്റ് സക്കറിയക്ക് സന്തോഷം സമ്മാനിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്കുള്ള അവസരത്തിന്റെ രൂപത്തില്‍. നേട്ടങ്ങളെല്ലാം പിതാവിന് സമര്‍പ്പിക്കുകയാണ് ഇടം കൈയ്യന്‍ മീഡിയം പേസര്‍.

ഈ നിമിഷത്തില്‍ അച്ഛന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു ഞാന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത്. അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടമാണ്. ഒരുപാട് ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിലുണ്ടായി. വളരെ വൈകാരികമായ യാത്രയാണിത്. ചേതന്‍ സക്കറിയ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

Also Read: കളിമൺ കോർട്ടിൽ ഇന്ന് ലോകം കാത്തിരുന്ന പോരാട്ടം; നദാലും ജോക്കോവിച്ചും നേർക്കുനേർ

എനിക്കെന്റെ സഹോദരനെ നഷ്ടമായി, ഒരു മാസത്തിന് ശേഷം ഐപിഎല്ലില്‍ വലിയൊരു കരാര്‍ ലഭിച്ചു. കഴിഞ്ഞ മാസം പിതാവും മരണത്തിന് കീഴടങ്ങി. ഇന്ത്യന്‍ ടീമിലേക്കുള്ള ഒരു അവസരം ദൈവം അപ്പോള്‍ എനിക്ക് കൈമാറി. അച്ഛനില്ല എന്നത് നികത്താനാകാത്ത വിടവാണ്. ഈ നേട്ടം അച്ഛനും സഹോദരനും എനിക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന അമ്മക്കും സമര്‍പ്പിക്കുന്നു, ചേതന്‍ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ഇന്ത്യ എ ടീമിന്റെ പോലും ഭാഗമായിട്ടില്ല ചേതന്‍ സക്കറിയ. ഐപിഎല്ലിലെ മികവാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്ന് നല്‍കിയത്. ഒരു നെറ്റ് ബോളറായെങ്കിലും പരിഗണിക്കുമെന്നാണ് സക്കറിയ കരുതിയത്. എന്നാല്‍ ഇത് അപ്രതീക്ഷിതമായിപ്പോയി എന്ന് താരം പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ മറ്റാരേക്കാള്‍ പ്രതീക്ഷ തന്നില്‍ അര്‍പ്പിച്ചിരുന്നെന്നും സക്കറിയ വ്യക്തമാക്കി.

Exit mobile version