എറിക്സണ് കാര്‍ഡിയാക്ക് മസാജ് നല്‍കി, മൈതാനം വിടും മുന്‍പ് സംസാരിച്ചു: ടീം ഡോക്ടര്‍

എറിക്സണ്-കാര്‍ഡിയാക്ക്-മസാജ്-നല്‍കി,-മൈതാനം-വിടും-മുന്‍പ്-സംസാരിച്ചു:-ടീം-ഡോക്ടര്‍

മത്സരത്തിന്റെ 42-ാം മിനുറ്റിലാണ് എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞു വീണത്

ഡെന്മാര്‍ക്ക്: ഫിന്‍ലാന്‍ഡിനെതിരായ യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ ഡെന്മാര്‍ക്ക് താരംക്രിസ്റ്റ്യന്‍ എറിക്സണ് കാര്‍ഡിയാക്ക് മാസാജ് നല്‍കിയത് ജീവന്‍ രക്ഷിക്കുന്നതിന് നിര്‍ണായകമായതായി ടീം ഡോക്ടര്‍ മോര്‍ട്ടണ്‍ ബോസന്‍. ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകും മുന്‍പ് തന്നെ എറിക്സണ് സംസാരിക്കാനായിരുന്നതായി അദ്ദേഹം പറഞ്ഞു.

ക്രിസ്റ്റ്യന്‍ വീണയുടനെ ഞങ്ങളെ മൈതാനത്തിലേക്ക് വിളിച്ചു. ഒരു വശത്തേക്ക് ചെരിഞ്ഞു കിടക്കുകയായിരുന്നു. ഞങ്ങള്‍ സമീപിക്കുമ്പോള്‍ ശ്വാസവും പള്‍സും ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബോസന്‍ വ്യക്തമാക്കി.

Also Read: യൂറോകപ്പ് മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സൻ തളർന്നുവീണു

കാര്‍ഡിയാക്ക് മസാജ് നല്‍കിയതിന് ശേഷം ആരോഗ്യ നില മെച്ചപ്പെട്ടു. സ്റ്റേഡിയത്തിലെ ഡോക്ടറുടെ സഹായവും ലഭിച്ചു. ക്രിസ്റ്റ്യനെ ഞങ്ങള്‍ക്ക് തിരികെ കിട്ടി. ആശുപത്രിയിലേക്ക് കൊണ്ടു പോകും മുന്‍പ് തന്നെ ക്രിസ്റ്റ്യന്‍ എന്നോട് സംസാരിച്ചിരുന്നു. ബോസന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് ശേഷം ടീം അംഗങ്ങളുടെ മാനസികാവസ്ഥ കളി തുടരാന്‍ അനുവദിക്കുന്നതല്ലായിരുന്നു എന്ന് ഡെന്മാര്‍ക്ക് പരിശീലകന്‍ കാസ്പര്‍ പറഞ്ഞു. നായകന്‍ സിമോണ്‍ അടക്കമുള്ളവര്‍ തളര്‍ന്നിരുന്നു. ശനിയാഴ്ച വൈകുന്നേരത്തേക്കോ, ഞായറാഴ്ചയിലേക്കോ മത്സരം മാറ്റണമെന്നായിരുന്നു കളിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

മത്സരത്തിന്റെ 42-ാം മിനുറ്റിലാണ് എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞു വീണത്. ക്രിസ്റ്റ്യന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിഞ്ഞതോടെയാണ് ഒരു മണിക്കൂറിന് ശേഷം കളി പുനരാരംഭിച്ചത്. മത്സരത്തില്‍ ഡെന്മാര്‍ക്ക് ഒരു ഗോളിന് പരാജയപ്പെട്ടു.

Exit mobile version