പുഴുങ്ങിയ മുട്ടയില്‍ സ്യൂഡോമോണസ് ബാക്ടീരിയ സാന്നിധ്യം; ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം

പുഴുങ്ങിയ-മുട്ടയില്‍-സ്യൂഡോമോണസ്-ബാക്ടീരിയ-സാന്നിധ്യം;-ശ്രദ്ധിക്കണമെന്ന്-ഭക്ഷ്യസുരക്ഷാ-വിഭാഗം

കോഴിക്കോട്: വില്‍പ്പനയ്‌ക്കെത്തുന്ന മുട്ടകളില്‍ സ്യൂഡോമോണസ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തുന്നത് അപൂര്‍വമായാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം. വേഗത്തില്‍ വില്‍പ്പന നടന്നുപോകുന്നതിനാല്‍ മുട്ടകള്‍ അധികം കാലപ്പഴക്കത്തില്‍ സൂക്ഷിക്കാറില്ല. കൂടുതല്‍ കാലം സൂക്ഷിക്കുന്ന മുട്ടകള്‍ കേടാവുകയും ഇത്തരം സൂക്ഷ്മാണുക്കളുടെ സാന്നിധ്യം ഇവയില്‍ കണ്ടെത്താമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു.

കഴിഞ്ഞദിവസമാണ് സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് കഴിക്കാനായി നല്‍കിയ പുഴുങ്ങിയ മുട്ടയില്‍ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുന്ന സ്യൂഡോമോണസ് സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതരുടെയും കുന്ദമംഗലം ഫുഡ്‌സേഫ്റ്റി ഓഫീസര്‍ ഡോ. രഞ്ജിത് പി. ഗോപിയുടെയും ഇടപെടലാണ് കുട്ടികളെ ഭക്ഷ്യവിഷബാധയില്‍നിന്ന് രക്ഷിച്ചത്. കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധവേണമെന്നാണ് ഡോ. രഞ്ജിത്ത് പി. ഗോപി പറയുന്നത്. പഴകിയതോ കേടായതോ ആയ ഭക്ഷണസാധനങ്ങള്‍ പാചകം ചെയ്യരുത്. കേടായഭാഗം മാറ്റിവെച്ച് ബാക്കിയുള്ളവ പാചകം ചെയ്യാമെന്ന രീതി ഒരിക്കലും സ്വീകരിക്കരുത്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫാമുകളില്‍നിന്നാണ് സ്യൂഡോമോണസ് പോലെയുള്ള സൂക്ഷാണുക്കളുടെ സാന്നിധ്യം മുട്ടകളിലെത്തുന്നത്. ഇത്തരം സൂക്ഷ്മാണുക്കള്‍ മൃഗങ്ങളില്‍ പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ മണ്ണിലെത്തും. ഇത് മണ്ണിലൂടെ മുട്ടകളിലേക്കും പകരാം. മുട്ടയുടെ തോടില്‍ ധാരാളം സുഷിരങ്ങളുണ്ട്. കൂടാതെ മുട്ടത്തോടിലുണ്ടാകുന്ന നേരിയ വിള്ളലുകളും സൂക്ഷ്മാണുക്കള്‍ അകത്തേക്ക് പ്രവേശിക്കാനുള്ള സാഹചര്യമൊരുക്കുന്നുണ്ട്. മുട്ടയിലെ വെള്ളയും മഞ്ഞക്കരുവും ഇത്തരം സൂക്ഷ്മാണുക്കള്‍ വളരാനുള്ള ഏറ്റവും അനുയോജ്യമായ ഇടമാണ്.

സ്യൂഡോമോണസിലെ പിങ്ക്‌റോട്ട് കണ്ടീഷനാണ് സ്‌കൂളിലെ മുട്ടകളില്‍ കണ്ടെത്തിയത്. കൂടുതല്‍ അളവില്‍ സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ടാകുമ്പോഴാണ് ഇത് നേത്രങ്ങള്‍കൊണ്ട് കാണാവുന്ന രീതിയില്‍ പ്രകടമാകുന്നത്. മുട്ട ചൂടാക്കുന്നത് കൃത്യമായ രീതിയിലല്ലെങ്കില്‍ സൂക്ഷ്മാണുക്കള്‍ നശിച്ചുപോകില്ല. മുട്ടയുടെ പുറംതോടിലും അകത്തേക്കും ഒരേരീതിയില്‍ താപനില എത്തി തിളച്ച് പാകമാകണം. അല്ലെങ്കില്‍ സൂക്ഷ്മാണുക്കള്‍ വളരാനുള്ള സാധ്യത കൂടുതലാണ്. മുട്ട പൊട്ടിച്ചാല്‍ മാത്രമേ കേടായിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയൂ.

ചിലപ്പോള്‍ പൂപ്പലുകള്‍ പുറംതോടില്‍ കാണാന്‍ സാധിക്കും. കൂടുതല്‍ മുട്ട ഒരുമിച്ച് പുഴുങ്ങുമ്പോള്‍ കൃത്യമായ രീതിയില്‍ താപനില എത്താതിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കൂടുതല്‍ സമയമെടുത്ത് മുട്ട വേവിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍നിന്ന് ശേഖരിച്ച മുട്ടയുടെ സാംപിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം.

പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ 1800 425 1125 ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം.

Content Highlights: Pseudomonas bacteria in boiled egg

Exit mobile version