വിശപ്പ് അറിഞ്ഞനേ വിശക്കുന്നവന്റെ വേദന അറിയൂ എന്ന് പറയാറുണ്ട്. വിശക്കുന്നവന് അന്നമൂട്ടിയ അനേകം സംഭവങ്ങള്‍ നമ്മള് ദിനം പ്രതി കേള്‍ക്കാറുണ്ട്. മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകയായാണ് അവരെ നമ്മള് വിലയിരുത്തുക. അത്തരമൊരു ഹൃദയകാരിയായ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
യു.കെ. സ്വദേശിയായ ലിവ് ഹാര്‍ലാന്‍ഡ് എന്ന ഗായികയുടേതാണ് വീഡിയോ. തെരുവില്‍ പാട്ടുപാടുന്നതിനിടെയാണ് അവിടെ സൂക്ഷിച്ചിരുന്ന മാലിന്യക്കുട്ടയില്‍ നിന്ന് ചിക്കന്‍ നഗ്ഗറ്റ്സ് പെറുക്കികഴിക്കാന് നോക്കുന്ന ആളെ ലിവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അപ്പോള്‍തന്നെ പാട്ടു നിര്‍ത്തി തന്റെ പണപ്പെട്ടിയില്‍ നിന്ന് പണമെടുത്ത് ഗായിക അയാള്‍ക്കു കൈമാറുകയും ഭക്ഷണം മേടിച്ച് കഴിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
അയാള്‍ക്ക് പണം കൈമാറി ഒന്നും സംഭവിക്കാത്ത മട്ടില്‍ ആലാപം തുടര്‍ന്ന ഗായികയുടെ പണപ്പെട്ടിയിലേക്ക് ഉടന്‍തന്നെ മറ്റൊരാള്‍ പണം ഇടുന്നതാണ് അടുത്ത ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. കൊടുത്തതിന്റെ ഇരട്ടി തനിക്ക് കിട്ടിയെന്ന് വീഡിയോയില്‍ ഗായിക പറയുന്നു.
തെരുവില്‍ പാട്ടുപാടുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടെയാണ് ലക്ഷക്കണക്കിന് ആളുകളുടെ മനംകവര്‍ന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. ‘കര്‍മ്മമാണ് ഏറ്റവും വലിയ കാര്യം. എപ്പോഴും ദയയുള്ളവരായിരിക്കുക അത് തിരികെ വരും’ എന്ന ക്യാപ്ഷനോടെ ലിവ് തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഒരുലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 13,015 പേര് വീഡിയോ ലൈക്ക് ചെയ്തു. സത്പ്രവര്‍ത്തിയുടെ പേരില്‍ ലിവ് ഒട്ടേറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി.
Content highlights: singer helps starving man what happened next