ഹെൽത്തി പാവ് ബാജി കഴിക്കാം; റെസിപ്പി പങ്കുവെച്ച് ശിൽപ ഷെട്ടി

ഹെൽത്തി-പാവ്-ബാജി-കഴിക്കാം;-റെസിപ്പി-പങ്കുവെച്ച്-ശിൽപ-ഷെട്ടി

സ്ട്രീറ്റ് ഫുഡ് എന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. പാനി പൂരി, സേവ് പൂരി, വടാ പാവ് തുടങ്ങിയ വിഭവങ്ങളൊക്കെ പ്രിയമുളളവരുണ്ട്. ബോളിവുഡ് താരം ശിൽപ ഷെട്ടിയും സ്ട്രീറ്റ് ഫുഡിന്റെ ആരാധികയാണ്. ആരോ​ഗ്യകരമായ പാവ് ബാജി തയ്യാറാക്കുന്ന വിധം പങ്കുവെക്കുകയാണ് ശിൽപ ഷെട്ടി. 

ഉള്ളിയും കിഴങ്ങും മാത്രമല്ല വിറ്റാമിനുകളാൽ സമൃദ്ധമായ മധുരക്കിഴങ്ങും കോളിഫ്ളവറും കാപ്സിക്കവും സോയാ ​ഗ്രാന്യൂൾസുമെല്ലാം ചേർത്ത ബാജി തയ്യാറാക്കുന്ന വിധമാണ് ശിൽപ ഷെട്ടി പങ്കുവെക്കുന്നത്. 

ഹെൽത്തി പാവ് ബാജി തയ്യാറാക്കുന്ന വിധം

രണ്ടു ടീസ്പൂൺ ബട്ടറെടുത്ത് പാനിൽ വച്ച് ഉരുക്കുക. ശേഷം ഇതിലേക്ക് രണ്ട് മീഡിയം സവോള ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് തക്കാളി കുരുനീക്കി അടിച്ചെടുത്തത് അരകപ്പ് ചേർക്കുക. ഇളക്കിയതിനുശേഷം ഒന്നരടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി രണ്ടു ടേബിൾ സ്പൂൺ പാവ് ബാജി മസാല ചേർക്കാം. ശേഷം രണ്ട് മീഡിയം ഉരുക്കിഴങ്ങ് പുഴുങ്ങി ഉടച്ചതും ഒരു ചെറിയ മധുരക്കിഴങ്ങ് പുഴുങ്ങി ഉടച്ചതും അരകഷ്ണം കാപ്സിക്കം അരിഞ്ഞതും ചേർത്ത് വഴറ്റുക. 

ഇനി ഒരുകപ്പ് കോളിഫ്ളവറും അരകപ്പ് വേവിച്ച  ​ഗ്രീൻ പീസും ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളവുമൊഴിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് വേവിച്ച് ഉടച്ചതും ചേർത്ത് ഇളക്കുക. അൽ‌പം വെള്ളവും ചേർത്തതിനുശേഷം നന്നായി ഉടച്ച് ഇളക്കുക. ഇനി മൂന്നോ നാലോ ടേബിൾ സ്പൂൺ സോയാ ​ഗ്രാന്യൂൾസ് വേവിച്ചത് ചേർത്ത് വീണ്ടും ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തതിനു ശേഷം വീണ്ടും നന്നായി ഉടച്ച് ഇളക്കുക. വീണ്ടും അൽപം വെള്ളമൊഴിച്ച് ഇളക്കി മല്ലിയിലയും ചേർത്ത് കട്ടിയോടെ വാങ്ങിവെക്കാം. 

പാവിനു വേണ്ടി വീറ്റ് ബ്രെഡ് എടുത്ത് നടുവിൽ ബട്ടർ പുരട്ടി കുറഞ്ഞ തീയിൽ ടോസ്റ്റ് ചെയ്തെടുക്കാം. ശേഷം ബാജിക്കൊപ്പം കഴിക്കാം. 

Content Highlights: pav bhaji recipe, shilpa shetty recipe, street food india, pav bhaji street style, food news today

Exit mobile version