ഗേ കപ്പിളിന് പ്രവേശനമില്ല; വിരാട് കോലിയുടെ റെസ്റ്ററന്റ് ശൃംഖല പ്രതിരോധത്തിൽ

ഗേ-കപ്പിളിന്-പ്രവേശനമില്ല;-വിരാട്-കോലിയുടെ-റെസ്റ്ററന്റ്-ശൃംഖല-പ്രതിരോധത്തിൽ

ക്രിക്കറ്റ്താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്ററന്റ് ശൃംഖല വൺ8 കമ്മ്യൂൺ വിവാദത്തിൽ. എൽജിബിടിക്യു കമ്മ്യൂണിറ്റിക്കെതിരെ വിവേചനം കാണിച്ചുവെന്ന ആരോപണത്തിന്മേൽ പ്രതിരോധത്തിലായിരിക്കുകയാണ് റെസ്റ്ററന്റ്. ​ഗേ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചതിന്റെ പേരിലാണ് റെസ്റ്ററന്റിനെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.

യെസ് വീ എക്സിസ്റ്റ് എന്ന ​ഗ്രൂപ്പാണ് ഇൻസ്റ്റ​ഗ്രാമിലൂടെ റെസ്റ്ററന്റിൽ നീതിനിഷേധം നടക്കുന്നുവെന്ന് പറഞ്ഞ് പോസ്റ്റുകൾ പങ്കുവെച്ചത്. ​ഗേ പുരുഷന്മാർക്കോ, ​ഗേ കപ്പിളിനോ റെസ്റ്ററന്റിൽ പ്രവേശനാനുമതി ഇല്ലെന്നും ട്രാൻസ്ജെൻഡർ വനിതകൾക്ക് വസ്ത്രധാരണം കണക്കിലെടുത്ത് മാത്രമേ പ്രവേശനം നൽകുന്നുള്ളുവെന്നും ആരോപണത്തിൽ പറയുന്നു. സിസ്ജെൻ‍ഡർ, ഹെട്രോസെക്ഷ്വൽ ആളുകൾക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളു. വിഷയത്തിൽ റെസ്റ്ററന്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെന്നും മതിയായ മറുപടി ലഭിച്ചില്ലെന്നും പറയുന്നു. എൽജിബിടി സമൂഹത്തിനെതിരെയുള്ള ഇത്തരം വിവേചനം ഇന്ത്യയിലെ പല റെസ്റ്ററന്റുകളിലും ബാറുകളിലും ക്ലബുകളിലും സാധാരണമാണെന്നും വിരാട് കോലിയുടെ കാര്യത്തിലും അതിൽ മാറ്റമില്ലെന്നും ആരോപണത്തിൽ പറയുന്നു. 

ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി വൺ 8 കമ്മ്യൂൺ അധികൃതർ രം​ഗത്തെത്തുകയും ചെയ്തു. ആളുകളുടെ ജെൻ‍ഡറോ മറ്റെന്തെങ്കിലും പരി​ഗണനകളോ നോക്കാതെ എല്ലാവരേയും സ്വാ​ഗതം ചെയ്യുന്ന രീതിയാണ് റെസ്റ്ററന്റിന്റേത് എന്നാണ് അധികൃതർ മറുപടി നൽകിയത്. ഒരു സംഘം പുരുഷന്മാരും സ്ത്രീകളും പ്രവേശിക്കുന്നതിൽ യാതൊരു തടസ്സവുമില്ല. പുരുഷന്മാർ ഒറ്റയ്ക്കൊറ്റയ്ക്കു വരുന്നതോ ചെറിയ ഷോർട്സ് ഇട്ടുവരുന്നതോ ഒക്കെ വിലക്കുന്നത് വനിതാ അതിഥികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. 

ട്രാൻസ്ജെൻഡർ സ്ത്രീകൾ സ്ത്രീകളുടേതു പോലെ വസ്ത്രം ധരിച്ചാൽ മാത്രമേ പ്രവേശനാനുമതി നൽകുന്നുള്ളു എന്ന ആരോപണത്തിന് അങ്ങനെ ഒന്നില്ലെന്നും സ്മാർട് കാഷ്വൽസോ സ്മാർട് ഫോർമൽസോ ധരിച്ചു വരണമെന്ന നിർദേശം മാത്രമേ ഉള്ളു അത് മറ്റ് അതിഥികളുടെ സൗകര്യം കൂടി പരി​ഗണിച്ചാണെന്നും അധികൃതർ പറയുന്നു. തങ്ങളുടെ നയങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളോ ധാരണകളോ ഉണ്ടെങ്കിൽ നേരിട്ട്  സമീപിക്കാമെന്നും റെസ്റ്ററന്റ് അധികൃതർ അറിയിച്ചു. 

കോലി ഇടപെടണമെന്ന് കാണിച്ച് വിഷയം സമൂഹമാധ്യമത്തിൽ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. സ്വന്തം ഉടമസ്ഥതയിലുള്ള റെസ്റ്ററന്റിൽ ഇതുപോലെ നീതിനിഷേധം കണ്ടും കോലി പ്രതികരിക്കാതിരിക്കുന്നത് നിരാശാജനകമാണ് എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. 

Content Highlights: virat kohli restaurant, virat kohli restaurant chain, virat kohli restaurant one 8, one 8 commune bangalore

Exit mobile version