പൊന്നാനി: പൗരാണികതയുടെ പ്രതാപം തുടിക്കുന്ന പൊന്നാനിക്ക് അവകാശപ്പെടാനൊരു പെരുമകൂടിയുണ്ട്; പലഹാരപ്പെരുമ. രുചിവൈവിധ്യങ്ങളുടെ കലവറയാണ് പൊന്നാനിയിലെ പലഹാരങ്ങൾ.
പൊന്നാനി അങ്ങാടിപ്പാലം കടന്ന് അൽപ്പം മുന്നോട്ടുനീങ്ങിയാൽ റോഡരികിലെ കടയ്ക്കുമുന്നിൽ ‘40 പലഹാരങ്ങൾ’ എന്ന ചെറിയൊരു ബോർഡ് കാണാം. രുചിയൂറും പൊന്നാനിപ്പലഹാരങ്ങളുടെ ശേഖരമാണിവിടെ. പൊന്നാനിയിലെ തനത് പലഹാരങ്ങളെല്ലാം ലഭ്യമാകുന്ന കടയാണിത്. മുട്ടപ്പത്തിരി മുതൽ കോഴിഅടവരെയുള്ള 40 ഇനം പലഹാരങ്ങൾ ഈ കടയിൽ ലഭിക്കും.
നോമ്പുകാലത്ത് പൊന്നാനിയിലെ അടുക്കളകൾ പലഹാരങ്ങളുടെ പരീക്ഷണശാലകളാണ്. അല്ലെങ്കിൽ വിശേഷദിവസങ്ങളിലോ വിദേശത്തേക്ക് കൊടുത്തയക്കാനോ വേണ്ടിയാണ് പൈതൃക പലഹാരങ്ങൾ പൊന്നാനിയിലെ വീടുകളിലുണ്ടാക്കാറുള്ളത്. ഈ പലഹാരങ്ങളുടെ രുചി എല്ലാദിവസവും ആസ്വദിക്കാനാണ് പൊന്നാനി സ്വദേശി അനസും അമ്മാവൻ അബൂബക്കറും ഇങ്ങനെയൊരു കട തുടങ്ങിയത്. വണ്ടിപ്പേട്ടയിലും കോടതിപ്പടിയിലുമായി രണ്ട് പലഹാരക്കടയാണ് പൊന്നാനി വിഭവങ്ങളുമായി തുറന്നത്.
പൊന്നാനി പലഹാരങ്ങൾ ഏവർക്കും എന്നും ലഭ്യമാക്കാനായി ഒരു വർഷം മുൻപാണ് പലഹാരക്കട തുടങ്ങിയത്. പൊന്നാനിയിലെ വീടുകളിലുണ്ടാക്കുന്ന പലഹാരങ്ങളാണ് ഈ കടകളിലൂടെ വിൽക്കുന്നത്. 25-ഓളം വീടുകളിൽനിന്നാണ് നാടൻ പലഹാരങ്ങൾ ശേഖരിക്കുന്നത്.
മുട്ടമാലയും മുട്ടസുർക്കയുമെല്ലാം പൊന്നാനിക്കാരുടെ സ്വന്തം പലഹാരങ്ങളാണ്. ലക്ഷദ്വീപ് പനംചക്കരകൊണ്ടുണ്ടാക്കുന്ന ബിണ്ടിഹൽവയാണ് ഇവിടത്തെ മറ്റൊരു പ്രധാന പലഹാരങ്ങളിലൊന്ന്. ലക്ഷദ്വീപ് പനംചക്കരയ്ക്ക് ക്ഷാമം നേരിട്ടതോടെ നാടൻ ശർക്കരയും തേങ്ങയും ചേർത്താണ് ഇപ്പോൾ ബിണ്ടിഹൽവയുണ്ടാക്കുന്നത്. പത്തിരിയിലും അപ്പത്തിലുമുണ്ട് വൈവിധ്യങ്ങൾ. വെളിച്ചെണ്ണ പത്തിരി, നെയ് പത്തിരി, കൈ പത്തിരി, കട്ടി പത്തിരി, ഇറച്ചി പത്തിരി, പൊരിച്ച പത്തിരി, ചട്ടിപത്തിരി എന്നിവയും പൊന്നാനി പലഹാരങ്ങളുടെ കൂട്ടത്തിലുണ്ട്. ചുക്കപ്പം, വട്ടപ്പം, വെട്ടപ്പം, അരീരപ്പം, ബിസ്‌ക്കറ്റപ്പം, കാരക്കപ്പം, കുഴിയപ്പം, കുരുവപ്പം, കിണ്ണത്തപ്പം, അണ്ടിയപ്പം, പിടിയപ്പം എന്നിവയും നൈസ് പത്തിരിയിൽ തേങ്ങയും പഞ്ചസാരയും വെച്ച് ചുരുട്ടിയുണ്ടാക്കുന്ന മയ്യത്തപ്പം തുടങ്ങി ഉണ്ടാക്കിയ ആൾക്കുപോലും പേരറിയാത്ത പലഹാരങ്ങളുണ്ട് പൊന്നാനിയുടെ പലഹാരക്കൂട്ടത്തിൽ.
കഴിഞ്ഞ വർഷം പൊന്നാനിയിൽ നടന്ന പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനി പലഹാരങ്ങൾ പരിചയപ്പെടുത്തുന്ന ‘അപ്പങ്ങളെമ്പാടും’ എന്നൊരു പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഡോ. ഫസീല തരകത്തിന്റെ പി.എച്ച്.ഡി പ്രബന്ധമായ പൊന്നാനിയുടെ പ്രാദേശിക ചരിത്രത്തിലും പൊന്നാനി പലഹാരങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
പൊന്നാനിപ്പലഹാരങ്ങളുടെ രുചി തേടി ഒട്ടേറേപേരാണ് ഇവിടത്തെ പലഹാരക്കടയിലെത്തുന്നത്. കഴിഞ്ഞദിവസം ഇവിടെയെത്തിയ മുൻ മന്ത്രി തോമസ് ഐസക് പൊന്നാനിയിലെ പലഹാരങ്ങളുടെ രുചിവൈവിധ്യങ്ങൾ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
Content highlights: ponnani snacks and sweet food 40 snacks avialble in a shop at ponnani malappuram