എരിവും പുളിയും മധുരവും ഒപ്പത്തിനൊപ്പം; ഇത് കൊങ്കണി സ്പെഷൽ ഘശി

എരിവും-പുളിയും-മധുരവും-ഒപ്പത്തിനൊപ്പം;-ഇത്-കൊങ്കണി-സ്പെഷൽ-ഘശി

മാമ്പഴക്കാലമായാൽ പിന്നെ അടുക്കയിൽ മാമ്പഴവിഭവങ്ങളുടെ മേളമായിരുന്നു. കണ്ണിമാങ്ങാ തൊട്ട് പഴമാങ്ങാ ആവുന്നതു വരെ വിവിധ തരം രുചികൾ ആസ്വദിക്കാമായിരുന്നു. കണ്ണിമാങ്ങാ അച്ചാറും ഉപ്പിലിട്ടതും മാങ്ങക്കഷണങ്ങൾ വെയിലത്തുണക്കിയുണ്ടാക്കുന്ന അടമാങ്ങാ അച്ചാറും പച്ചടികളും പഴമാങ്ങാ മധുരക്കറികളും ഒക്കെ ഇങ്ങനെ വന്നുപോയ്ക്കൊണ്ടേയിരിക്കും. എന്നിട്ടും മാമ്പഴം തീർന്നില്ലെങ്കിൽ മാമ്പഴ ചാറ് ഒരു പായയിൽ പിഴിഞ്ഞ്  വെയിലത്തുണക്കി ചുരുട്ടി സൂക്ഷിച്ചു വെയ്ക്കും. മാമ്പഴക്കാലം കഴിഞ്ഞും ഇടയ്ക്ക് രസിക്കാൻ. ഇതിൽ ചിലതെങ്കിലും ഇന്ന് ഓർമ്മകൾ മാത്രം.

പച്ചമാങ്ങാ കിട്ടുമ്പോൾ പതിവായി ഉണ്ടാക്കാറുള്ള കറിയാണ് “ഘശി”. ഇത്തിരി എരിവും പുളിയും മധുരവുമൊക്കെ കാണും. മൂന്ന് രുചികൾ കൂടെ തരുന്ന ആ സമ്മിശ്ര അനുഭവം ഉണ്ടല്ലോ, വല്ലാത്ത സംതൃപ്തിയാ. ചോറിനൊപ്പം സൈഡ് ഡിഷ്‌ ആയാണിത് വിളമ്പുക. പച്ചമാങ്ങാ പ്രേമികൾ തീർച്ചയായും ഉണ്ടാക്കി നോക്കേണ്ട ഒരു വിഭവമിതാ.

ചേരുവകൾ

പച്ചമാങ്ങ-        1 വലുത്
നാളികേരം-       3/4 കപ്പ്‌
ഉഴുന്ന് –             2 ടീസ്പൂൺ
വറ്റൽ മുളക്-     8-10 വരെ
ശർക്കര-            2 ടേബിൾ  സ്പൂൺ‌
കടുക് –             1 ടീസ്പൂൺ
കറിവേപ്പില-    2 തണ്ട്
ഉപ്പ്-              ആവശ്യത്തിന്
വെളിച്ചെണ്ണ-   1-2 ടീസ്പൂൺ
                             
തയ്യാറാക്കുന്ന വിധം

പച്ചമാങ്ങാ കഴുകി ചതുരക്കഷണങ്ങളാക്കുക. ഇനി ഒന്നര കപ്പ്‌ വെള്ളമൊഴിച്ച്, ഉപ്പും ശർക്കര ചീവിയതും ചേർത്ത് അടച്ചു വെച്ച് പാകം ചെയ്യുക.
ഉഴുന്നും വറ്റൽമുളകും അര ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയിൽ വറുക്കുക. ഉഴുന്ന് ചുവന്നു വരണം. ശേഷം ഇവ നാളികേരത്തിനൊപ്പം ചേർത്ത് അല്പം തരുത്തരുപ്പായി അരച്ചെടുക്കണം. അരയ്ക്കാൻ ആവശ്യത്തിന് വെള്ളം ചേർക്കാം. അപ്പോഴേക്കും മാങ്ങാ കഷ്ണങ്ങൾ വെന്തു പാകമായിട്ടുണ്ടാവും. ഇനി ഈ അരപ്പ് ചേർത്ത് സാവകാശം ഇളക്കി നന്നായി തിളപ്പിക്കുക. ഇത്തിരി കുറുകി നിൽക്കുന്ന കറിയാണിത്. ചാറ് പാകത്തിന് കുറുകി വരുമ്പോൾ വാങ്ങി വെയ്ക്കാം. കടുകും കറിവേപ്പിലയും എണ്ണയിൽ മൂപ്പിച്ച് താളിച്ചു ചേർക്കാം. പച്ചമാങ്ങാ ഘശി തയ്യാർ.
മാങ്ങയുടെ പുളിപ്പിനനുസരിച്ചു ശർക്കരയുടെ അളവ് സ്വാദിനനുസരിച്ച് ക്രമീകരിക്കാം.

Content Highlights: ghashi recipe konkani, konkani food, konkani food recipes, konkani vasari

Exit mobile version