പാനീപൂരി വെന്‍ഡിങ് മെഷീന്‍ കണ്ടുപിടിച്ച് ഡല്‍ഹി സ്വദേശി; അമ്പരന്ന് സോഷ്യല്‍ മീഡിയ

പാനീപൂരി-വെന്‍ഡിങ്-മെഷീന്‍-കണ്ടുപിടിച്ച്-ഡല്‍ഹി-സ്വദേശി;-അമ്പരന്ന്-സോഷ്യല്‍-മീഡിയ

വ്യത്യസ്തരീതിയില്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ ഭക്ഷണം നല്‍കുന്ന വഴിയോരക്കച്ചവടക്കാരുടെ വാര്‍ത്തകള്‍ ദിനം പ്രതി നമ്മള്‍ മാധ്യമങ്ങളിലൂടെ വായിക്കാറുണ്ട്. ഫുഡ് വ്‌ളോഗര്‍മാരിലൂടെയാണ് ഇത്തരം കച്ചവടക്കാരുടെ വിവരങ്ങള്‍ ഭൂരിഭാഗവും പുറം ലോകം അറിയുന്നത്. സ്ട്രീറ്റ്ഫുഡില്‍ ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് ഗോല്‍ഗപ്പ എന്നറിയപ്പെടുന്ന പാനീപൂരി. 

സാധാരണ നമ്മള്‍ ഓഡര്‍ ചെയ്തതിനുശേഷം പാനീപൂരി തയ്യാര്‍ ചെയ്തു നല്‍കുകയാണ് പതിവ്. പൂരിയ്ക്കുള്ളില്‍ മസാല നിറച്ചതിനുശേഷം മധുരവും എരിവുമുള്ള വെള്ളം നിറച്ചാണ് സാധാരണ ഇത് നമ്മുടെ പ്ലേറ്റില്‍ എത്താറ്. എന്നാല്‍, ഇതില്‍നിന്നും വ്യത്യസ്തമായി പാനീപൂരിക്ക് സ്മാര്‍ട്ട്‌ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍നിന്നുള്ള എന്‍ജിനീയറായ ഗോവിന്ദ്. 

വളരെ എളുപ്പത്തില്‍ ചെറിയനടപടിക്രമങ്ങളിലൂടെ ആവശ്യക്കാരന് പാനീപൂരി ലഭ്യമാക്കുന്നവിധത്തിലാണ് ഈ മെഷീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

ആദ്യം മെഷീനില്‍ സ്ഥാപിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത് പണം അടയ്ക്കണം. അതിനുശേഷം മെഷീന്‍ ഓട്ടോമാറ്റിക് ആയി പാക് ചെയ്ത പാനീപൂരി ഉപഭോക്താവിന്റെ കൈകളിലെത്തിക്കും. ഇതില്‍ പൂരിയ്ക്ക് പുറമെ ആലൂ മസാലയും പൂരിയ്ക്കുള്ളില്‍ നിറയ്ക്കുന്ന വെള്ളം ശേഖരിക്കുന്നതിനുള്ള ഗ്ലാസും ഉണ്ടാകും. നാല് വ്യത്യസ്ത രുചികളിലുള്ള വെള്ളം മെഷീനില്‍നിന്ന്  എടുക്കാന്‍ കഴിയും. 20 രൂപയാണ് പാനീപൂരിയുടെ വില. 

വിശാല്‍ എന്ന ഫുഡ് വ്‌ളോഗറാണ് ഗോവിന്ദിനെയും അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തെയും പരിചയപ്പെടുത്തുന്ന വീഡിയോ യൂട്യൂബിൽ പങ്കുവെച്ചത്. ഗോവിന്ദിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. സ്ട്രീറ്റ്ഫുഡും ടെക്‌നോളിയും അടുത്തതലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഗോവിന്ദ് എന്ന് വീഡിയോ കണ്ട ഒരാള്‍ കമന്റ് ചെയ്തു.

Content highlights: Pani puri winding mechine, Delhi based engineer invented, Amuzed by social media

Exit mobile version