വറുത്ത വെളുത്തുള്ളിയുടെ മണമൂറും തെണ്ട്ളെ തളാസിനി

വറുത്ത-വെളുത്തുള്ളിയുടെ-മണമൂറും-തെണ്ട്ളെ-തളാസിനി

ന്ന് ഞങ്ങൾക്കുമുണ്ടായിരുന്ന് ഒരു കുഞ്ഞ് അടുക്കള തോട്ടം. വീട്ടിലേക്കുള്ള ആവശ്യങ്ങൾക്ക് മാത്രമായി കുറച്ചൊക്കെ പച്ചക്കറി അതിൽ നിന്നു തന്നെ കിട്ടുമായിരുന്നു. പടിഞ്ഞാറ്റയ്ക്കകത്ത് ഇടയ്ക്ക് കുമ്പളങ്ങയും മത്തനുമൊക്കെ നിരത്തി വെച്ചതും, മച്ചിനോട് ചേർന്ന് ഓലക്കീറിൽ വെള്ളരിക്ക തൂക്കി ഇട്ടതുമൊക്കെ ഓർമയിലുണ്ട്. ഇതിനൊപ്പം തന്നെ അടുക്കയുടെ പിന്നിലായി സ്ഥിരമായി ഒരു പന്തൽ കാണും. അതിൽ അമരയ്ക്കയും കോവയ്ക്കയും മാറി മാറി വരും. അതിനടുത്തു തന്നെ കുഞ്ഞ് പന്തലിൽ ബസല ചീരയും. അമരയും കോവലുമൊക്കെ പിടിച്ചു തുടങ്ങിയാൽ ഒന്നരാടം അടുക്കളയിൽ ഇവ തന്നെയാവും.

എന്നും രാവിലെയും ഉച്ചയ്ക്കും ഒഴിവാക്കാനാകാത്ത വിഭവം ആയിരുന്നു ഉപ്പേരികൾ. കോവയ്ക്ക പന്തലിൽ മേളം നടക്കുമ്പോൾ ഇവിടെ അകത്തു ചീനച്ചട്ടീൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വിഭവമാണ് ഇന്നീ കാണുന്നത്. കോവയ്ക്ക അരിയാതെ, മുഴുവനോടെ ചതച്ചെടുക്കുന്നതാണ് ഇതിന്റെ ഹൈലൈറ്റ്. വറുത്ത വെളുത്തുള്ളിയുടെ മണം നിറഞ്ഞ, നന്നായി മൊരിഞ്ഞ കോവയ്ക്ക രണ്ട് മൂന്നെണ്ണം മാത്രം മതി സുഭിക്ഷമായി ചോറുണ്ണാൻ. 

തെണ്ട്ളെ  തളാസിനി എന്നാണ് കൊങ്കണിയിൽ ഈ വിഭവത്തിന്റെ പേര്.  തെണ്ട്ളെ എന്നാൽ കോവയ്ക്ക. വെളുത്തുള്ളി മൂപ്പിച്ചെടുക്കുന്ന എല്ലാ മെഴുക്കുപുരട്ടിക്കും പൊതുവായി പറയുന്ന പേരാണ് തളാസിനി. കോവയ്ക്ക ഇഷ്ടപ്പെടുന്നവർ തയ്യാറാക്കി നോക്കണം. 

ചേരുവകൾ

കോവയ്ക്ക –  10-15 എണ്ണം 
വെളുത്തുള്ളി മുഴുവനോടെ -10-12 അല്ലികൾ 
വറ്റൽ മുളക് മുറിച്ചു കഷണങ്ങളാക്കിയത് –  8 -10 എണ്ണം 
ഉപ്പ്- ആവശ്യത്തിന്
കടുക്   – 1 ടീസ്പൂൺ  
വെളിച്ചെണ്ണ  – 2-3 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ കോവയ്ക്കകളുടെ രണ്ടറ്റവും അരിഞ്ഞു മാറ്റുക. ആദ്യം കോവയ്ക്ക ഒരു ഇടി കല്ല് വെച്ചോ അല്ലെങ്കിൽ അടിവശം കനമുള്ള ഒരു ഗ്ലാസ്സോ മറ്റോ വെച്ച് ഇടിച്ചു ചതയ്ക്കുക. എന്നാൽ കോവയ്ക്ക മുറിഞ്ഞു പോവാതെ ഇരിക്കാനും ശ്രദ്ധിക്കുക. ഒരു ചീനച്ചട്ടിയിൽ ( ഇരുമ്പു ചീനചട്ടിയാണ് കൂടുതൽ നല്ലത് / ഇല്ലെങ്കിൽ നോൺസ്റ്റിക് പാൻ ആയാലും മതി) എണ്ണ ചൂടാക്കി അതിലേക്ക് കടുക് വറ്റൽമുളക് എന്നിവയിട്ട് താളിക്കുക. കടുക് പൊട്ടിയതിനു ശേഷം ഇതിലേക്ക് തൊലി കളഞ്ഞ വെളുത്തുള്ളി അല്ലികൾ മുഴുവനോടെ ചേർക്കുക. ചെറുതീയിൽ വെളുത്തുള്ളി നന്നായി മൂപ്പിച്ചു ചുവന്ന നിറമാകുമ്പോൾ അതിലേക്ക് ചതച്ചു വെച്ച കോവയ്ക്ക ഇട്ടു വഴറ്റുക.

അഞ്ചു മിനിറ്റുകളോളം വഴറ്റിയതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അര കപ്പ്‌ വെള്ളമൊഴിച്ചു ചെറുതീയിൽ അടച്ചു വെച്ച് വേവിയ്ക്കുക. വെള്ളം വറ്റി കോവയ്ക്ക വെന്തു വന്നതിനു ശേഷം ചെറുതീയിൽ തന്നെ ഇളക്കി ഇളക്കി കോവയ്ക്ക നന്നായി മൊരിയിച്ചു എടുക്കുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ  സ്വാദിഷ്ടമായ ഉപ്പേരിയാണിത്.പിഞ്ചു കോവയ്ക്ക ആണെങ്കിൽ വെള്ളം ഒന്ന് തളിച്ചു കൊടുത്താൽ മാത്രം മതിയാകും. താളിച്ച എണ്ണയിൽ തന്നെ ചെറുതീയിൽ വെന്തു പാകമായി മൊരിഞ്ഞു വരുന്നതാകും കൂടുതൽ രുചി.

Content Highlights: tendle talasani, konkani recipes, easy konkani recipes, konkani recipes veg, konkani non veg recipes

Exit mobile version