20 രൂപയ്ക്ക് ചോറ്, രണ്ട് ഒഴിച്ചുകറി, ഒരു തോരൻ, അച്ചാർ പ്രത്യേകതുക നൽകിയാൽ സ്പെഷലും; ജനകീയമായി ഊൺ

20-രൂപയ്ക്ക്-ചോറ്,-രണ്ട്-ഒഴിച്ചുകറി,-ഒരു-തോരൻ,-അച്ചാർ-പ്രത്യേകതുക-നൽകിയാൽ-സ്പെഷലും;-ജനകീയമായി-ഊൺ

പൊതുഅടുക്കളകൾ ചർച്ചയാകുമ്പോൾ അതിന്റെ ആദ്യരൂപമായ ജനകീയ ഹോട്ടലുകളും നിരവധി കുടുംബങ്ങളെ അന്നമൂട്ടി മുന്നേറ്റത്തിന്റെ വഴിയിലാണ്. കച്ചവടക്കാരും തൊഴിലാളികളും ഓഫീസ് ജീവനക്കാരും മാത്രമല്ല, നിരവധി കുടുംബങ്ങളും ഉച്ചയൂണിനായി ജനകീയ ഹോട്ടലിനെ ആശ്രയിക്കുന്നുണ്ട്.

ലാഭം മാത്രം

20 രൂപയ്ക്ക് ചോറ്, രണ്ട് ഒഴിച്ചുകറി, ഒരു തോരൻ, അച്ചാർ എന്നിവ ലഭിക്കും. മീൻവറുത്തത്, ഓംലെറ്റ്, ചിക്കൻ വറുത്തത്, ചിക്കൻകറി എന്നിങ്ങനെ സ്പെഷ്യൽ വിഭവങ്ങളുമുണ്ട്. പ്രത്യേക തുക നൽകിയാൽ അതും റെഡി. പണമില്ലാത്തവർക്ക് സൗജന്യമായും ഊണ് നൽകാറുണ്ട്. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഉച്ചയൂണിന് 100 രൂപ ചെലവഴിച്ചാൽ മതി. എന്നാൽ വീടുകളിൽ ഇത്രയും വിഭവങ്ങളോടെ ഉച്ചയൂൺ തയ്യാറാക്കണമെങ്കിൽ അരി, മീൻ, പച്ചക്കറി, ഗ്യാസ്, വെള്ളം, വൈദ്യുതി എന്നിവയടക്കം ഒരാൾക്ക്‌ 40 രൂപയോ അധിലധികമോ വേണ്ടിവരും. ഇതിനായി ചെലവഴിക്കുന്ന സമയവും അധ്വാനവും വേറെ. ഇതിനുപുറമെ വീടുകളിൽനിന്ന് ഭക്ഷണം പാഴാക്കിക്കളയുന്നത് കുറയ്ക്കാനുമാവും.

ഒരുദിവസം 18,000 ഊൺ

ജില്ലയിലാകെ 88 ജനകീയ ഹോട്ടലുകളാണുള്ളത്. എല്ലാ പഞ്ചായത്തിലും ചുരുങ്ങിയത് ഒരു ജനകീയ ഹോട്ടൽ വേണം. തലശ്ശേരി, പയ്യന്നൂർ, പാനൂർ നഗരസഭകളിൽ രണ്ട് ജനകീയ ഹോട്ടൽ വീതമുണ്ട്. അഞ്ചരക്കണ്ടി, ഉളിക്കൽ, പായം എന്നീ പഞ്ചായത്തുകളിലും രണ്ടുവീതം ജനകീയ ഹോട്ടലുകൾ വിജയകരമായി പ്രവർത്തിക്കുന്നു. കൂടുതൽ വില്പന നടക്കുന്നത് തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലെ ജനകീയ ഹോട്ടലുകളിലാണ്. തലശ്ശേരിയിൽ ഒരുദിവസം ശരാശരി 1000 ഊണും ഇരിട്ടിയിൽ 600 ഊണും വില്പന നടത്തുന്നുണ്ട്.

ഒരുദിവസം ശരാശരി 18,000 പേർക്കുള്ള ഉച്ചയൂണാണ് ജനകീയ ഹോട്ടലുകളിലൂടെ വില്പനനടത്തുന്നത്. ഇതിലൂടെ മുന്നരലക്ഷം രൂപയിലധികം വിറ്റുവരവാണ് ഒരുദിവസമുണ്ടാകുന്നത്. 430 കുടുംബശ്രീ അംഗങ്ങളുടെ വരുമാനമാർഗംകൂടിയാണ് ജനകീയ ഹോട്ടലുകൾ. ഓരോ അംഗങ്ങൾക്കും ദിവസം 800 മുതൽ 1200 രൂപവരെ വരുമാനം ലഭിക്കുന്നുണ്ട്.

പേടിയിൽനിന്ന് ലാഭത്തിലേക്ക്

ജനകീയ ഹോട്ടൽ തുടങ്ങുമ്പോൾ 20 രൂപയ്ക്ക് ഊൺ കൊടുക്കാനാവുമോയെന്ന് ആദ്യം പേടിയായിരുന്നു. ആദ്യത്തെ ഒരാഴ്ച ബുദ്ധിമുട്ടേണ്ടിവന്നു. പിന്നെ ആളുകൾ അറിഞ്ഞുതുടങ്ങിയതോടെ ലാഭത്തിലേക്ക് നീങ്ങി. വീട്ടിലെ അടുക്കളയിൽ മാത്രം ഭക്ഷണമുണ്ടാക്കി പരിചയമുള്ള ഞങ്ങൾ അഞ്ചുപേർ ഒരു വർഷത്തോളമായി ഒരുദിവസം 350 പേർക്ക് ഊൺ നൽകുന്നുണ്ട്. ഒരു ഊണിന് 10 രൂപ സർക്കാർ സബ്‌സിഡി ലഭിക്കും. വെള്ളം, കെട്ടിടവാടക, വൈദ്യുതി ഇതെല്ലാം തദ്ദേശ സ്ഥാപനവും നൽകും. ഇപ്പോൾ അഞ്ചുപേർക്കും വരുമാനമാർഗമാണ് ഹോട്ടൽ.

-പ്രീത ഒതയോത്ത്,
മട്ടന്നൂർ ജനകീയ ഹോട്ടൽ സെക്രട്ടറി

പൊതുഅടുക്കള രംഗത്തേക്ക് കുടുംബശ്രീയും

പൊതുഅടുക്കള എന്ന ആശയത്തിലേക്ക് കാലെടുത്തുവെയ്ക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ കുടുംബശ്രീ മിഷൻ. പൊന്നാനി മാതൃകയിൽ ജില്ലയിൽ ഒരു യൂണിറ്റ് ഉടൻ ആരംഭിക്കും. കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിലെ ജീവനക്കാർക്കായാണ് പൊതുഅടുക്കള തുടങ്ങുന്നത്. ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലാണ് ഇതിനായി സംവിധാനമൊരുക്കുന്നത്. 35-ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. കോളേജിലെ ജീവനക്കാർക്ക് മൂന്നുനേരത്തേക്കുമുള്ള ഭക്ഷണമാണ് ഒരുക്കുക. ആന്തൂർ നഗരസഭ കേന്ദ്രീകരിച്ചുള്ള മൂന്ന് കുടുംബശ്രീ അംഗങ്ങൾക്കായിരിക്കും ഇതിന്റെ ചുമതല. ജീവനക്കാർ നേരത്തെ തയ്യാറാക്കി നൽകുന്ന മെനുവിന്റെ അടിസ്ഥാനത്തിലായിരിക്കും ഭക്ഷണവിതരണം. ഇതിന്റെ ചെലവ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒരാഴ്ചയ്ക്കകം പൊതുഅടുക്കള ആരംഭിക്കാനാണ് ആലോചിക്കുന്നത്.

-ഡോ. എം.സുർജിത്ത്, 
കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ

ജോലിത്തിരക്കിനിടയിലെ ആശ്രയം

ജോലിക്കിടയിൽ മാത്രമല്ല, വീട്ടിലേക്കും വീട്ടിൽ അതിഥികളെത്തുമ്പോഴുമെല്ലാം ജനകീയ ഹോട്ടലിൽനിന്ന് ഊണ്‌ വാങ്ങാറുണ്ട്. കുറഞ്ഞ ചെലവ്‌ മാത്രമല്ല, വൃത്തിയും വീട്ടുരുചിയിലുമുള്ള ഊൺ കിട്ടും. ഞാനും ഭാര്യയും അധ്യാപകരാണ്. ജോലിക്കു പോകാനായുള്ള തിരക്കിൽ പലപ്പോഴും ഞങ്ങൾക്ക് ജനകീയ ഹോട്ടൽ സഹായമാവാറുണ്ട്. ചമ്പാടും കതിരൂരിലുമുള്ള ഹോട്ടലുകളിൽനിന്ന് മിക്കപ്പോഴും ഉച്ചയൂണ് വാങ്ങാറുണ്ട്. ഇതുവരെ മോശമായി തോന്നിയിട്ടില്ല.

-മണിലാൽ,
തരുവണത്തെരു യു.പി. സ്കൂൾ അധ്യാപകൻ

Content Highlights: janakeeya hotel, janakeeya hotel govt order, janakeeya hotel near me, janakeeya hotel calicut

Exit mobile version