ഡിറ്റോക്‌സ് ജ്യൂസുകള്‍ ശരീരത്തിന് ഹാനികരമാണോ? പഠനങ്ങള്‍ പറയുന്നത്

ഡിറ്റോക്‌സ്-ജ്യൂസുകള്‍-ശരീരത്തിന്-ഹാനികരമാണോ?-പഠനങ്ങള്‍-പറയുന്നത്

ഇന്ന് വിപണിയിൽ വിവിധ ചേരുവകൾ ചേർത്ത് തയ്യാർ ചെയ്ത ഡിറ്റോക്‌സ് ജ്യൂസുകള്‍ ലഭ്യമാണ്. ഡിറ്റോക്‌സ് ജ്യൂസുകള്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അല്ലെന്നുമുള്ള വാദഗതികള്‍ ഉയരുന്നുണ്ട്. അവ ഹാനികരമാണോ എന്നതു സംബന്ധിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. ഡിറ്റോക്‌സ് ജ്യൂസുകള്‍ ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നുണ്ടോ എന്നതുസംബന്ധിച്ച് ആധികാരികമായ തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഡിറ്റോക്‌സ് ജ്യൂസുകള്‍, ചായ, സപ്ലിമെന്റുകള്‍ എന്നിവയിലെല്ലാം പലതരത്തിലുള്ള ചേരുവകളുണ്ട്. അവയില്‍ ചിലതൊന്നും ആരോഗ്യത്തിന് അത്രനല്ലതുമല്ല. ഡിറ്റോക്‌സ് ജ്യൂസുകളെക്കുറിച്ച് കൂടുതല്‍ അറിയാം.

എന്താണ് ഡിറ്റോക്‌സ് ജ്യൂസ്

ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളില്‍നിന്നും വിഷാംശത്തില്‍നിന്നും  മോചിപ്പിച്ച് ശരീരത്തിന് പുതിയ ഉന്മേഷം പ്രദാനം ചെയ്യുന്നതാണ് ഡിറ്റോക്‌സുകള്‍. കരള്‍, മലം, കിഡ്‌നികള്‍, മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെ നമ്മുടെ ശരീരം സ്വയം വിഷാംശത്തെ പുറന്തള്ളുന്ന സംവിധാനം നിലനില്‍ക്കുന്നുണ്ട്. 

കുപ്ഫര്‍ കോശങ്ങളുടെ സഹായത്തോടെയാണ് ശരീരത്തിലെ വിഷാംശത്തെ കരള്‍ നിര്‍വീര്യമാക്കുന്നത്. ഫാഗോസൈറ്റോസിസ് എന്ന പ്രക്രിയ വഴിയാണ് ഇത് സാധ്യമാകുന്നത്. എല്ലാ തരത്തിലുമുള്ള വിഷാംശവും കുപ്‌ഫെര്‍ കോശങ്ങള്‍ സ്വീകരിച്ച് അവയെ ദഹിപ്പിച്ച് പുറന്തള്ളുകയാണ് ചെയ്യുന്നത്. 

മൂത്രത്തിലൂടെയാണ് വൃക്കകള്‍ വിഷാംശം പുറന്തള്ളുന്നത്. വന്‍കുടലും ഇത്തരത്തില്‍ സ്വയം വൃത്തിയാക്കല്‍ പ്രവര്‍ത്തി ചെയ്യാറുണ്ട്. 

ഡിറ്റോക്‌സ് ജ്യൂസുകള്‍ എന്താണ് ചെയ്യുന്നത്?

വിഷാംശങ്ങള്‍ പുറന്തള്ളാനുള്ള ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പ്രകൃതിദത്തമായ ഘടകങ്ങള്‍ ഇത്തരം ജ്യൂസുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് അവകാശവാദം. കരളില്‍നിന്നും ശരീരത്തിലെ മറ്റു ഭാഗങ്ങളില്‍നിന്നും വിഷാംശം നീക്കം ചെയ്ത് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പുറന്തള്ളുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ കുറയ്ക്കുകയും അലസത ഇല്ലാതാക്കുകയും ഒപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

എപ്പോഴാണ് ഡിറ്റോക്‌സ് ജ്യൂസുകള്‍ ഹാനികരമാകുന്നത്?

ഡിറ്റോക്‌സ് ജ്യൂസുകള്‍ കുടിക്കുന്നത് ഏതൊക്കെ തരത്തിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക എന്നതു സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടക്കുന്നുണ്ട്. ഡിറ്റോക്‌സ് ജ്യൂസുകള്‍, ചായ, സപ്ലിമെന്റുകള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള ചേരുവകകള്‍ നിയന്ത്രണമില്ലാതെ ശരീരത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഹാനികരമായി തീരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

വിഷപദാര്‍ഥങ്ങളെ നിര്‍വീര്യമാക്കുന്നത് കരള്‍, അതിനാല്‍ കരളിനെ ശുദ്ധീകരിക്കുന്നതിനാണ് ഡിറ്റോക്‌സ് ജ്യൂസുകള്‍ കഴിക്കുന്നത് എന്നാണ് ഭൂരിഭാഗം ആളുകളും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍, അധികമായി ഡിറ്റോക്‌സ് ജ്യൂസ് കഴിക്കുന്നത് സത്യത്തില്‍ ശരീരത്തിലെ സുപ്രധാന അവയവമായ കരളിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രധാന ഡിറ്റോക്‌സ് സപ്ലിമെന്റായി ഉപയോഗിക്കുന്ന ഗ്രീന്‍ ടീ സത്ത് കരളിനെ നശിപ്പിച്ചു കളയുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫൊര്‍മേഷന്‍ അവകാശപ്പെടുന്നു. ഇത് ചിലപ്പോള്‍ കരള്‍ മാറ്റി വയ്ക്കലിലേക്കോ അല്ലെങ്കില്‍ കഴിക്കുന്ന ആളിന്റെ മരണത്തിലേക്കോ നയിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഡിറ്റോക്‌സ് ജ്യൂസുകളിലും പാനീയങ്ങളിലും തിരിച്ചറിയാന്‍ കഴിയാത്ത അനേകം ചേരുകവകകള്‍ ഉണ്ടാകും. അവയൊക്കെ ചിലപ്പോള്‍ കൂടിയ അളവിലായിരിക്കും അടങ്ങിയിരിക്കുക. ഇത്തരം ചേരുവകകള്‍ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുമ്പോള്‍ വലിയ തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവെക്കുകയും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. 

ചിലര്‍ ശരീരഭാരം കുറയ്ക്കുന്നതിന് ഡിറ്റോക്‌സ് ജ്യൂസുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍, അത് കഴിക്കുന്നത് നിര്‍ത്തിയാല്‍ ചിലപ്പോള്‍ കുറഞ്ഞ ശരീരഭാരം തിരികെ വന്നേക്കാം. ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യമാണ്. അതിന് നല്ല ഭക്ഷണം കഴിക്കുക, ശരിയായി വിശ്രമിക്കുക, ആവശ്യമായ വ്യായാമങ്ങള്‍ മുടങ്ങാതെ ചെയ്യുക. ഒപ്പം മാനസികമായ ആരോഗ്യം നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്.

Content highlights: are detox juices healthy stuidis says like these

Exit mobile version