വാഗമണ്‍ മാതൃകയില്‍ പത്തനാപുരത്ത്‌ രഹസ്യക്യാമ്പ് നടന്നതായി സംശയം

വാഗമണ്‍-മാതൃകയില്‍-പത്തനാപുരത്ത്‌-രഹസ്യക്യാമ്പ്-നടന്നതായി-സംശയം

ആയുധ പരിശീലനം നടന്നതായി സംശയം

ഫോണ്‍വിളികള്‍ പോലീസ് പരിശോധിച്ചുവരികയാണ്

കൊല്ലം: പത്തനാപുരം പാടം ഗ്രാമത്തില്‍ വനംവകുപ്പിന്റെ കശുമാവിന്‍തോട്ടത്തില്‍നിന്നു ബോംബുനിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തിന് മുമ്പ് ആയുധ പരിശീലനം നടന്നതായി സംശയം .

കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി വനമേഖലയില്‍പ്പെടുന്ന തട്ടാക്കുടിയില്‍ ജനുവരി 21-ന് വാഗമണ്‍ തീവ്രവാദ ക്യാമ്പിന്റെ മാതൃകയില്‍ ആയുധപരിശീലനം നടന്നതായാണ്‌സംശയം. ഉത്തര്‍പ്രദേശില്‍ പിടിയിലായ ചില യുവാക്കള്‍ പാടത്തുനിന്ന് പരിശീലനം നേടിയതായി പോലീസിനോട് പറഞ്ഞിരുന്നു.

ഇക്കാര്യം വെവ്വേറെ അന്വേഷിച്ച തമിഴ്നാട് ക്യു ബ്രാഞ്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തീവ്രവാദ ക്യാമ്പ് നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. രണ്ട് ഏജന്‍സികളുടെയും ഉദ്യോഗസ്ഥര്‍ നേരത്തേ ഇവിടം സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മലയാളികള്‍ക്കൊപ്പം തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ക്യാമ്പില്‍ പങ്കെടുത്തെന്നാണ് പറയുന്നത്.

മാര്‍ച്ച് അവസാനം ക്യു ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും തട്ടാക്കുടിയിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ക്യാമ്പ് നടന്നതിന് തെളിവൊന്നും കിട്ടിയില്ല. സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. തീവ്രവാദസ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ള ചിലരുടെ ഫോണ്‍വിളികള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

രണ്ട് ജലാറ്റിന്‍ സ്റ്റിക്ക്, നാല് ഡിറ്റണേറ്റര്‍, ബാറ്ററികള്‍, മുറിച്ച വയറുകള്‍, പശ എന്നിവയാണ് തിങ്കളാഴ്ച പാടത്തുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച കോന്നി വനമേഖലയില്‍നിന്നും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.തീവ്രവാദവിരുദ്ധസേന(എ.ടി.എസ്.)യും രഹസ്യാന്വേഷണ വിഭാഗവും ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിച്ചു.

Exit mobile version