ഉടമകള്‍ അറിയാതെ കൊടി നാട്ടിയെന്ന് പരാതി: സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങി ലക്ഷദ്വീപ് ഭരണകൂടം

ഉടമകള്‍-അറിയാതെ-കൊടി-നാട്ടിയെന്ന്-പരാതി:-സ്ഥലം-ഏറ്റെടുക്കല്‍-തുടങ്ങി-ലക്ഷദ്വീപ്-ഭരണകൂടം

കവരത്തിയിലെ സ്വകാര്യ ഭൂമിയില്‍ ആണ് റവന്യൂവകുപ്പ് കൊടിനാട്ടിയത്

ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു

കൊച്ചി: പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടികള്‍ കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്  ഉടമകളെ അറിയിക്കാതെ സ്വകാര്യഭൂമിയില്‍  ഭരണകൂടം കൊടിനാട്ടിയെന്ന് പരാതി. കവരത്തിയിലെ സ്വകാര്യ ഭൂമിയില്‍ ആണ് റവന്യൂവകുപ്പ് കൊടിനാട്ടിയത്.

2021-ല്‍ എല്‍.ഡി.എ.ആര്‍. സംബന്ധിച്ച് കരടു രൂപരേഖ ലക്ഷ്യദ്വീപ്  ഭരണകൂടം പുറത്തിറക്കിയിരുന്നു. ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അഡ്മിനിസ്‌ട്രേറ്റര്‍  പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന വിവാദ പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കല്‍. ഇതിനെതിരെ ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു. 

ഉടമകളുടെ പൂര്‍ണമായ അനുവാദം ഇല്ലാതെയാണ് ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  ഏറ്റെടുക്കുന്നത്. പാരമെഡിക്കലുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇപ്പോള്‍ ഭൂമി ഏറ്റെടുക്കുന്നത്. ഉടമകളുടെ അനുവാദം ഇല്ലാതെ ദ്വീപ് ഭരണകൂടം കൊടികളും മറ്റും ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്ഥലം കെട്ടിത്തിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

പ്രഫുല്‍ ഖോഡ പാട്ടേല്‍  കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ തവണ ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചില തീരുമാനങ്ങള്‍  ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിയില്ല എന്ന വിമര്‍ശനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അഡ്മനിസ്‌ട്രേറ്ററുടെ സമ്മര്‍ദ്ദം ഉണ്ട്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത്.  

ഭൂമിയില്‍ കൊടി കണ്ടപ്പോള്‍ മാത്രമാണ് തങ്ങളുടെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതായി അറിയുന്നതെന്ന് ഭൂവുടമകള്‍ പറയുന്നു.

Content Highlight: Private Land acquisition in  Lakshadweep

Exit mobile version