പ്രാതലിന് ഒരുക്കാം ‘അപ്പോ’യും വെളുത്തുള്ളി ചമ്മന്തിയും

പ്രാതലിന്-ഒരുക്കാം-‘അപ്പോ’യും-വെളുത്തുള്ളി-ചമ്മന്തിയും

ർമകളിലെവിടെയോ ഒരു ചിത്രമുണ്ട്. അടുക്കളയിലെ ഒരറ്റത്തുള്ള വിറകടുപ്പിൽ രാവിലെ രാജകീയമായി കയറി ഇരിക്കുന്ന ഒരു ഉണ്ണിയപ്പക്കാര അല്ലേൽ ഉണ്ണിയപ്പച്ചട്ടി. രാവിലെ ആയതുകൊണ്ട് ഉണ്ണിയപ്പം ആയിരിക്കില്ലെന്നുറപ്പിക്കും. അന്ന് നല്ല മൊരിഞ്ഞ  പണിയാരം ആയിരിക്കും പ്രാതലിന്. കൊങ്കണിയിൽ ” അപ്പോ ” എന്നാണിതിനെ പറയുക. കൂടെ വെളുത്തുള്ളി വറുത്തരച്ച തേങ്ങ ചമ്മന്തിയും ഉണ്ടാകും. 

അംഗബലം കൂടുതലുള്ള ഒരു കൂട്ടുകുടുംബമായതു കൊണ്ട് തന്നെ, ഇത്രയും പേർക്ക് രാവിലെ ഒരു കാരയും കൊണ്ടിരുന്നാൽ പണിയാരം ഉണ്ടാക്കി തികയില്ല എന്നറിയാവുന്നത് കൊണ്ടായിരിക്കും, വളരെ അപൂർവമായി മാത്രേ ഉണ്ടാക്കുമായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ അതിനു രുചിയും ഏറുമായിരുന്നു.

പുറംഭാഗം നന്നായി ചുവന്നു മൊരിഞ്ഞും എന്നാലതേ സമയം അകം നല്ല മൃദുലമായതും വേണം പണിയാരത്തിന്. അപ്പോഴേ അതിന്റെ രുചി പൂർണമാവുള്ളൂ. മാവ് അരയ്ക്കുമ്പോൾ അല്പം ശ്രദ്ധിച്ചാൽ ഈ പരുവത്തിന് ” അപ്പോ ” ചുട്ടെടുക്കാൻ പറ്റും. കൂട്ടിന് വെളുത്തുള്ളി ചമ്മന്തിയും കൂടെയാകുമ്പോ രുചിയുടെ ലെവൽ കൂടിയെങ്കിലെ ഉള്ളൂ.

ചേരുവകൾ

ഉഴുന്ന് – 1 കപ്പ് 
പച്ചരി – രണ്ടര കപ്പ്
പുഴുങ്ങലരി  – അര കപ്പ്‌ 
ഉലുവ- 1 1/2 ടീസ്പൂൺ
ഉപ്പ്       -ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഉഴുന്നും അരിയും ഉലുവയും കഴുകി, ഒരുമിച്ചു തന്നെ നാലു മുതൽ അഞ്ചു മണിക്കൂർ വരെ കുതിർക്കാൻ വെയ്ക്കുക. ശേഷം സാധാരണ ദോശ മാവിന് അരയ്ക്കും പോലെ ഒരുമിച്ച് അരച്ചെടുക്കാം. മാവ് നല്ല കട്ടിയുള്ളതും ആയിരിക്കണം. ദോശമാവിന്റെ അയവിനെക്കാളും കട്ടിയിൽ ആയിരിക്കണം പണിയാരം മാവ്.

കൂടാതെ ചേരുവകൾ ഒരുപാട് അരഞ്ഞു പോവാനും പാടില്ല. ഉഴുന്ന് നന്നായി അരയുകയും എന്നാൽ അരി ചെറുതായി തരുതരുപ്പായി കിടക്കുകയും വേണം. വിരലിലെടുത്തു തൊട്ടു നോക്കുമ്പോൾ ഒരു നേരിയ റവ ടെക്സ്ചർ പോലെ തോന്നിക്കണം.

ഇനി ഉപ്പു ചേർത്ത് 6-8 മണിക്കൂർ വരെ മാവ് പുളിപ്പിയ്ക്കാൻ വെയ്ക്കണം. രാവിലെ ഒരു ഉണ്ണിയപ്പ കാരയിൽ ഇത്തിരി എണ്ണ ഒഴിച്ച് നല്ല ചെറുതീയിൽ ചുട്ടെടുക്കാം. പിൻവശം മൊരിഞ്ഞു വന്നതിനു ശേഷം തിരിച്ചിട്ട് അല്പം സെക്കൻഡുകൾ കൂടെ ചുട്ടെടുക്കുക. മുകൾഭാഗം കൂടുതലായി മൊരിയണമെന്നില്ല. ശ്രദ്ധിക്കുക, ഉണ്ണിയപ്പത്തിനൊഴിക്കുന്ന പോലെ എണ്ണ ഇതിനായി കാരയിൽ ഒഴിക്കേണ്ടതില്ല.
ഓരോ തവണയും കാരയുടെ കുഴികളിൽ കാൽ ടീസ്പൂൺ തടവി കൊടുത്താൽ മാത്രം മതിയാകും.

വെളുത്തുള്ളി ചമ്മന്തി 

വെളുത്തുള്ളി അല്ലികൾ – 6-8 വരെ 
കാശ്മീരി മുളകുപൊടി –  2 ടീസ്പൂൺ 
തേങ്ങാ – 1 കപ്പ് 
പുളി – ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ – ഒരു ടീസ്പൂൺ 
ഉപ്പ് – ആവശ്യത്തിന്

വെളുത്തുള്ളി അല്ലികൾ തൊലി നീക്കി മുഴുവനോടെ എടുക്കുക. എണ്ണ ചൂടാക്കി ചെറുതീയിൽ നല്ല ബ്രൗൺ കളർ ആകും വരെ വറുത്തെടുക്കുക.
വറുത്ത വെളുത്തുള്ളിയും മറ്റു ചേരുവകളും ചേർത്ത് അല്പം വെള്ളം ചേർത്ത്  കട്ടി ആയി അരച്ചെടുക്കാം. ചമ്മന്തി തയ്യാർ.

Content Highlights: appo and garlic chutney, konkani food recipes, konkani food style, paniyaram recipe

Exit mobile version