മരംവെട്ടി കടത്തിയത് തിരഞ്ഞെടുപ്പിന് പണമുണ്ടാക്കാന്‍-കെ.സുരേന്ദ്രന്‍

മരംവെട്ടി-കടത്തിയത്-തിരഞ്ഞെടുപ്പിന്-പണമുണ്ടാക്കാന്‍-കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ എന്തിനാണ് നിര്‍ത്തിക്കളഞ്ഞത്. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ കോടികളുടെ  മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിട്ട് തന്നെയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

സി.പി.ഐയും സി.പി.എമ്മും വിഷയത്തില്‍ കാര്യമായി ഒന്നും ജനങ്ങള്‍ക്ക്  മനസ്സിലാകുന്ന തരത്തില്‍ പ്രതികരിക്കുന്നില്ല. വിവാദമുണ്ടായപ്പോള്‍ ഒരു ഐ.ജിയെ വെച്ച് അന്വേഷിക്കുന്നു. ഇത് അന്വേഷണമല്ല, അന്വേഷണ നാടകമാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ശരിയായ അന്വേഷണം നടത്തിയാല്‍ പിടിക്കപ്പെടുന്നത് ഏതാനും ചില ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കില്ല, ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പോലീസുകാരുടെ സഹായത്തോടെയാണ് മരം കടത്തിയത്. പച്ചക്കറി വാങ്ങാന്‍ സത്യവാങ്മൂലം  വേണ്ട സമയത്താണ് കോടാനു കോടി രൂപയുടെ  മരങ്ങളുമായി ലോറി എറണാകുളം വരെ എത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പണം എങ്ങോട്ടാണ് പോയതെന്നാണ് കണ്ടെത്തേണ്ടത്. ഇതാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം .വനം വകുപ്പ് ഒരു ചര്‍ച്ച പോലും നടത്താതെ എന്‍.സി.പിക്ക് വിട്ടുകൊടുത്തത് ഈ വനം കൊള്ളയെ  കുറിച്ച് അറിയാവുന്നത് കൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ഷകരെ സംരക്ഷിക്കാനാണെന്ന് പറഞ്ഞ് സംരക്ഷിത മരങ്ങളാണ് വെട്ടി മുറിച്ചത്. സി.പി.എമ്മും സി.പി.ഐയും പരസ്പരം പഴിചാരാതെ ആര്‍ക്കാണ് പണം  പോയതെന്നാണ് പറയേണ്ടതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Exit mobile version