ഭാരം കുറയ്ക്കാന്‍ ഡയറ്റിങ് ചെയ്യുന്നവര്‍ ഭക്ഷണത്തിന് പകരം ജ്യൂസുകള്‍ക്കും സ്മൂത്തികള്‍ക്കും പ്രാധാന്യം കൊടുക്കാറുണ്ട്. ഭാരം കുറയാന്‍ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്ലതെന്ന് കരുതിയാണ് ജ്യൂസുകള്‍ ഡയറ്റിന്റെ ഭാഗമാക്കുന്നത്. എന്നാല്‍ ഇത് സുരക്ഷിതമാണോ?
ഇതേക്കുറിച്ച് ന്യൂട്രിഷന്‍ കണ്‍സള്‍ട്ടന്റ് രുചി ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ ഒരു അനുഭവം പങ്കുവെച്ചിരുന്നു. ഭാരം കുറയ്ക്കാന്‍ ശ്രമിച്ച ഒരു ക്ലയന്റ് ഭക്ഷണത്തിന് പകരം ജ്യൂസുകളും ഷെയ്ക്കുകളും കഴിച്ച് തടി കൂടിയ അനുഭവമാണ് അവര്‍ പങ്കുവെച്ചത്. ഒരാഴ്ചയ്ക്ക് ശേഷം അവരുടെ ഊര്‍ജസ്വലത കുറയുകയും മാനസികമായി തകരുകയും ചെയ്തു.
ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത് അമിത കലോറി കൂടുതല്‍ ശരീരത്തിലെത്താന്‍ ഇടയാക്കും. ഇത് ശരീരത്തില്‍ കൊഴുപ്പ് കൂടി തടി കൂടാനും വഴിയൊരുക്കും. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് വിശപ്പ് കൂടാനും ഇടയാക്കും. അതിനാല്‍ തന്നെ ഇത്തരം ഡയറ്റിങ് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ദോഷകരമാവുകയും ചെയ്യും.
ഇത്തരത്തിലുള്ള സിംപിള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ എളുപ്പത്തില്‍ ഊര്‍ജമായി മാറുകയും ശരീരത്തിലേക്ക് വളരെ പെട്ടെന്ന് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാനും പാന്‍ക്രിയാസില്‍ നിന്ന് ഇന്‍സുലിന്‍ സ്രവിക്കാനും ഇടയാക്കും. ഇത് ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുക.
ആരോഗ്യകരമായി എങ്ങനെ ഭാരം കുറയ്ക്കാം?
മുഴുധാന്യങ്ങള്‍, വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം, പച്ചക്കറികള്‍, സങ്കീര്‍ണ കാര്‍ബോഹൈഡ്രേറ്റുകള്‍, എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം. പഴങ്ങള്‍ക്ക് പകരം ജ്യൂസ് കഴിക്കുന്നത് ശരിയായ രീതിയല്ല. കാരണം, ജ്യൂസുകളില്‍ നാരുകളുടെ അംശവും പോഷകങ്ങളും നഷ്ടപ്പെട്ടുപോകും. രണ്ട് ഓറഞ്ചുകളില്‍ 60-100 കലോറി ഊര്‍ജമാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസില്‍ ഇത് 180 കലോറിയാണ്. രണ്ട് ഓറഞ്ച് കഴിച്ചാല്‍ വയര്‍ നിറഞ്ഞതായി അനുഭവപ്പെടും. എന്നാല്‍ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് ഇതിന് പകരമാവില്ല. അതുപോലെ തന്നെയാണ് പ്രോട്ടീന്‍ ഷെയ്ക്കുകളുടെ കാര്യവും. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിക്കുന്നതിന് പകരമാവില്ല പ്രോട്ടീന്‍ ഷെയ്ക്കുകള്‍ കഴിക്കുന്നത്.
Content Highlights: Weight loss: can liquid-based diet help in shedding Kilos