വായിൽ രുചിയുടെ മേളം തീർക്കും ഉപ്പുമാങ്ങ ​ഗൊജ്ജു

വായിൽ-രുചിയുടെ-മേളം-തീർക്കും-ഉപ്പുമാങ്ങ-​ഗൊജ്ജു

ണ്ട് വീട്ടിൽ അടുക്കളയുടെ ഒരോരത്ത് വലിയൊരു തടി അലമാരയുണ്ടായിരുന്നു. കതകൊന്നുമില്ലാത്ത നാലഞ്ചു തട്ടുകളുള്ള ഒരാൾപ്പൊക്കത്തിൽ ഒരു തുറന്ന അലമാര. ഏറ്റവും താഴെ തട്ടിൽ വലിയ ഭരണികളായിരുന്നു. അച്ചാറുകളും ഉപ്പുമാങ്ങയും മറ്റും ഇട്ട് വെയ്ക്കുന്ന ഭരണികൾ. പറമ്പിലെ മാവുകളിൽ നിന്നും പറിച്ച മുഴുത്ത പച്ചമാങ്ങാ മുഴുവനോടെ ഉപ്പുവെള്ളത്തിൽ ഇട്ടു വെയ്ക്കും. ഒരു തുണി കൊണ്ട് വാ മൂടി കെട്ടി വെച്ചാൽ പിന്നെ ഭരണി തുറക്കുന്നത് മാസങ്ങൾക്ക് ശേഷമായിരിക്കും. അപ്പോഴേക്കും പച്ച നിറമൊക്കെ മാറി ഉപ്പുവെള്ളത്തിൽ കുളിച്ചങ്ങു, മൃദുവായി മാറീട്ടുണ്ടാകും ആശാൻ. പിന്നെ ഒരു വരവാണ്, പല രൂപത്തിൽ, പല രുചികളിൽ.

അന്നുമിന്നും ഉപ്പുമാങ്ങ വിഭവങ്ങളിൽ ഏറ്റവും പ്രിയം ഈ ചമ്മന്തിയോട് തന്നായിരുന്നു. ഉപ്പുമാങ്ങ ” ഗൊജ്ജു ” എന്നാണ് കൊങ്കണിയിൽ പറയുക. ചൂട് കഞ്ഞിക്കൊപ്പം ഒക്കെ ഇവനൊരാൾ മതി രുചിയുടെ മേളം തീർക്കാൻ. വളരെ കുറച്ച് ചേരുവകൾ മാത്രം മതി. ഉപ്പുമാങ്ങ പ്രേമികൾ ഉണ്ടാക്കി നോക്കുമല്ലോ അല്ലേ?

ചേരുവകൾ

തേങ്ങാ തിരുമ്മിയത് – 3/4 കപ്പ് 
ഉപ്പുമാങ്ങ കഷ്ണങ്ങളാക്കിയത് – 3/4 കപ്പ്‌ 
വറ്റൽമുളക് അല്പം എണ്ണയിൽ ചുവക്കെ വറുത്തത് – 8-10 എണ്ണം 
വെളുത്തുള്ളി അല്ലി – 6-8 എണ്ണം 
വെളിച്ചെണ്ണ – 1 ടീസ്പൂൺ 
ഉപ്പ് – ആവശ്യമുണ്ടെങ്കിൽ മാത്രം 

തയ്യാറാക്കുന്ന വിധം

തേങ്ങ, മുളക്, ഉപ്പുമാങ്ങ, വെളുത്തുള്ളി എന്നിവ 1/4 കപ്പ്‌ വെള്ളം ചേർത്ത് നന്നായി അരയ്ക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് നന്നായി യോജിപ്പിക്കണം. ഉപ്പ് ആവശ്യമെങ്കിൽ മാത്രം ചേർക്കുക.

Content Highlights: uppumanga gojju,  konkani food, malayalam food recipes

Exit mobile version