കാലത്ത് 4 മണിക്കുണരുന്ന അടുക്കള. പ്രഭാതഭക്ഷണവും ഉച്ചയൂണിനുള്ള കറികളും അത്താഴത്തിനുള്ളതും ആറ് മണിയാവുമ്പോഴേക്കും തയ്യാറാകും. എട്ടരയ്ക്കുള്ളില്‍ രുചികരമായ ചൂടന്‍ ഭക്ഷണം വീടുകളിലെത്തും. പൊന്നാനിയിലെ പൊതു അടുക്കളയിലെ നിത്യ കാഴ്ചയാണിത്. പല അടുപ്പുകള്‍ പുകയുന്നതിന് പകരം ഒരടുപ്പില്‍ പല വീടുകളിലേക്കുള്ള ഭക്ഷണം.
പൊന്നാനിയിലെ ‘പൊതു അടുക്കള’ എന്ന വ്യത്യസ്തമായ ആശയം തികച്ചും മാതൃകാപരമാണ്. പൊതു അടുക്കള വന്നതിന് ശേഷം ദിവസേനെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് പ്രഭാതങ്ങള്‍ ആയാസരഹിതമാണ്. അവര്‍ക്ക് കുട്ടികള്‍ക്കൊപ്പം ചിലവഴിക്കാനും അവനവന് തന്നെയും സമയം കണ്ടെത്താനാകുന്നു. വീട്ടിലെ ഒരംഗത്തിന് മൂന്ന് നേരത്തെ ഭക്ഷണത്തിന് ആകെ ചിലവാകുന്നതാകട്ടെ 70 രൂപ.
ഭക്ഷണമുണ്ടാക്കുന്നവര്‍ക്ക് ചിലവിനുള്ള കാശ് ലഭിക്കുമ്പോള്‍ കഴിക്കുന്നവര്‍ക്ക് തുച്ഛമായ വിലയ്ക്കാണ് സ്വാദിഷ്ഠമായ ഭക്ഷണം കണ്‍മുന്നിലെത്തുന്നത്. ഗുണമേന്മയില്‍ വിട്ടുവീഴ്ച വരുത്തുന്നില്ല എന്നതും ആവശ്യക്കാരെ പൊതു അടുക്കളയിലേക്ക് അടുപ്പിക്കുന്നു. മുപ്പതില്‍പ്പരം വീടുകളിലേക്കാണ് നിലവില്‍ പൊതു അടുക്കളയില്‍ നിന്ന് ഭക്ഷണമെത്തിക്കുന്നത്.