ചോറിലൊഴിക്കാൻ ചൂടോടെ അൽപം വറുത്തരച്ച രസം

ചോറിലൊഴിക്കാൻ-ചൂടോടെ-അൽപം-വറുത്തരച്ച-രസം

കുട്ടിക്കാലത്തെ ചില ഇഷ്ടരുചികളുണ്ട്. ഊണ് വിഭവ സമൃദ്ധമല്ലെങ്കിലും ചില പ്രത്യേക രുചികൾ ഒരുമിച്ചു ചേരുമ്പോൾ അന്നത് സദ്യക്ക് തുല്യമാകുമായിരുന്നു. വിഭവങ്ങളുടെ എണ്ണമല്ല പ്രധാനം, ഉള്ളവ തമ്മിലുള്ള ചേർച്ച മതി ഊണ് തൃപ്തിയാവാൻ. അതിലൊന്നായിരുന്നു ഈ ഒരു കോമ്പിനേഷൻ. ചോറിലൊഴിക്കാൻ ചൂടോടെ ഇത്തിരി വറുത്തരച്ച രസം, അതിനു മുകളിൽ നറുമണം തൂവുന്ന നെയ്യ്. ഇത്രയും വിളമ്പിയ ഉടനെ ഭരണിയിൽ നിന്നെടുത്ത കട്ട തൈരിന്റെ ഒരു കഷ്ണം. ഇതെല്ലാം കൂടെ കുഴയ്ക്കുമ്പോഴേക്കും അടുത്ത താരം എത്തും – പപ്പടം! പിന്നെ നടക്കുന്നത് രുചിയുടെ മേളമായിരിക്കും. വല്ല ഉപ്പേരിയും കൂടെയുണ്ടെങ്കിൽ അത്‌ ബോണസ് എന്ന് തന്നെ പറയാം.

വറുത്തരച്ചുണ്ടാക്കുന്ന രസമായത് കൊണ്ടുതന്നെ ആ മണം ഒന്ന് മതി ചോറുണ്ണാൻ. എരിവും പുളിയും നേരിയ മധുരവും കൂടെയാകുമ്പോൾ രസം കുഴച്ചുണ്ണുന്നതിൽ പരം രസം മറ്റൊന്നുമില്ല. ശകലം പരിപ്പും കൂടെ വേവിച്ചത് ചേർക്കുമ്പോ ലെവൽ ഒന്ന് മാറും. രസം പ്രേമികൾ രസത്തോടെ തയ്യാറാക്കി നോക്കണം.

ചേരുവകൾ

തക്കാളി –  2 വലുത് 
പച്ചമുളക് കീറിയത് –  2 എണ്ണം 
തുവരപ്പരിപ്പ്        – ഒന്നര വലിയ സ്പൂൺ …
പുളി – ഒരു ചെറു നെല്ലിക്ക വലുപ്പത്തിൽ …
മല്ലിയില – അല്പം  
ഉപ്പ്
ശർക്കര    –  ഒന്നര ടീസ്പൂൺ

വറുക്കാനുള്ള ചേരുവകൾ 

മല്ലി – 1 1/2  ടീസ്പൂൺ 
കുരുമുളക് – 3-4  എണ്ണം 
ജീരകം – 1  ടീസ്പൂൺ 
കായം – 1/2 ടീസ്പൂൺ 
കറിവേപ്പില – രണ്ടു തണ്ട് 
വറ്റൽ മുളക് – 5-6  എണ്ണം 
എള്ള് – 1/2 ടീസ്പൂൺ ( ഓപ്ഷണൽ )

താളിക്കാൻ 

കടുക്, കറിവേപ്പില,  വറ്റൽമുളക്, എണ്ണ 

തയ്യാറാക്കുന്ന വിധം

തുവരപ്പരിപ്പ് പ്രഷർ കുക്കറിൽ വേവിയ്ക്കുക, കൂടുതൽ വെന്തുടയരുത്.  പരിപ്പ് വേവിച്ചതിൽ നിന്നും പരിപ്പ് മാറ്റിവെച്ചു ബാക്കിയുള്ള വെള്ളത്തിൽ വേണം തക്കാളിയും പച്ചമുളകും ഒരല്പം കറിവേപ്പിലയും  വേവിയ്ക്കാൻ. ഉപ്പും ശർക്കരയും ഒപ്പം ചേർക്കാം. ( പരിപ്പ് പിന്നീട് ചേർക്കുന്നതാണ് )വറുക്കാനുള്ള ചേരുവകൾ അല്പം എണ്ണ ചൂടാക്കി ചെറുതീയിൽ ഒരുമിച്ചു വറുക്കാം . വറുത്ത ചേരുവകൾ പുളി ചേർത്ത് അല്പം വെള്ളമൊഴിച്ചു അരച്ചെടുക്കാം. കൂടുതൽ അരഞ്ഞു പോവരുത്. ഒരിത്തിരി തരുതരുപ്പായി വേണം അരയ്ക്കാൻ.

തക്കാളി വെന്തു വന്നതിനു ശേഷം ഈ അരപ്പ് അതിലോട്ട് ചേർക്കാം. കൂടെ വേവിച്ച പരിപ്പും കൂടെ ചേർത്ത് നന്നായി തിളപ്പിക്കണം. ആവശ്യത്തിനുള്ള വെള്ളം ചേർക്കാം. തിളച്ചു വരുമ്പോൾ വാങ്ങി വെയ്ക്കാം. മല്ലിയില മീതെ വിതറാം. കടുകും കറിവേപ്പിലയും വറ്റൽമുളകും  താളിച്ചു ചേർക്കാം.

Content Highlights: rasam recipe malayalam, kerala rasam recipe, konkani food recipes

Exit mobile version