കാക്കൂര്‍: കൂര്‍ക്കല്‍ കൃഷിയില്‍ നൂറുമേനി വിളയിച്ച് ശ്രദ്ധേയമാവുകയാണ് കാക്കൂര്‍ പതിനൊന്നേ രണ്ടില്‍ കുളക്കാട്ട്മുണ്ടയിലെ മൂന്ന് കുടുംബങ്ങള്‍. സഹോദരങ്ങളായ കെ.പി. ബിജുവും, ബാബുവും ബന്ധുവായ സത്യനും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഒരേക്കറോളം സ്ഥലത്ത് കൃഷി നടത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തിവരുന്നത്. മുമ്പ് ഓരോരുത്തരും സ്വന്തമായ നിലയില്‍ കുറച്ച് സ്ഥലത്തായിരുന്നു കൃഷിചെയ്തിരുന്നത്. തുടര്‍ന്ന് ഈ മൂന്നു കുടുംബങ്ങള്‍ ചേര്‍ന്ന് ജനനീ കര്‍ഷകസംഘം എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ച് കൂര്‍ക്കലും, ഇടവിളകളുടെ കൃഷിയും കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയായിരുന്നു.
കുന്നിനു മുകളിലെ കൃഷിയിടത്തിലെ നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള ജോലികളെല്ലാം ഇവര്‍ തന്നെയാണ് ചെയ്യുന്നത്. ഓട്ടോ ഡ്രൈവറായ ബിജുവും കൂലിപ്പണിക്കാരനായ ബാബുവും ലോഡിങ് തൊഴിലാളിയായ സത്യനും തങ്ങളുടെ ജോലി കഴിഞ്ഞുള്ള സമയമാണ് കൃഷിപ്പണിക്കായി വിനിയോഗിക്കുന്നത്. മൂന്നുപേരുടെയും ഭാര്യമാരായ ബിന്ദു, വനജ, ഷിനി എന്നിവര്‍ക്കൊപ്പം കുട്ടികളും കൃഷിപ്പണിയില്‍ സജീവമായി പങ്കെടുക്കാറുണ്ട്. സ്വന്തമായി ജോലികളെല്ലാം ചെയ്യുന്നത്‌കൊണ്ടു തന്നെ കൃഷിക്കായി വലിയ മുതല്‍മുടക്ക് ആവശ്യമായി വരാറില്ല.
ഇടവിളക്കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ വേനല്‍ക്കാല പച്ചക്കറിക്കൃഷിയും നടത്താറുണ്ട്. കുന്നിന്‍പ്രദേശം ആയതിനാല്‍ ജലസേചനസൗകര്യം ഇല്ലാത്തതാണ് പച്ചക്കറി കൃഷിക്കുള്ള പ്രധാന വെല്ലുവിളി. മഴക്കാലത്ത് ടാര്‍പോളിന്‍ ഷീറ്റ് കെട്ടി ടാങ്കില്‍ സംഭരിച്ചു വെക്കുന്ന മഴവെള്ളമാണ് ഇതിന് ഉപയോഗിക്കാറുള്ളത്. എന്നാല്‍ വേനല്‍ അവസാനംവരെ ഈ വെള്ളം കൃഷിക്ക് തികയാറില്ല.
നിലവില്‍ കൂര്‍ക്കല്‍, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, മരച്ചീനി തുടങ്ങിയ ഇനങ്ങളെല്ലാം കൃഷിചെയ്യുന്നുണ്ട്. മൂന്നരമാസം മുമ്പ് വിത്തിട്ട് ഈ വിളകളെല്ലാം വിളവെടുപ്പിനു പാകമായിട്ടുണ്ട്. ഇത്തവണ മൂന്ന് ക്വിന്റലോളം കൂര്‍ക്കല്‍ വിളവെടുക്കാന്‍ ഉണ്ടാവുമെന്നതാണ് ഇവരുടെ പ്രതീക്ഷ. വിളവെടുപ്പ് തുടങ്ങിയാല്‍ പെട്ടെന്നുതന്നെ ആവശ്യക്കാര്‍ എത്താറുണ്ട്. ജൈവരീതിയില്‍ നടത്തുന്ന കൃഷി ആയതുകൊണ്ടുതന്നെ ഇവയ്ക്ക് ആവശ്യക്കാരും ഏറെയുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.