പറക്കും ഈ അരിക്കടുക്ക; 38 വർഷമായി കല്ലുമ്മക്കായ പൊരിച്ചത് വിൽക്കുന്ന നാടൻ ചായക്കട

പറക്കും-ഈ-അരിക്കടുക്ക;-38-വർഷമായി-കല്ലുമ്മക്കായ-പൊരിച്ചത്-വിൽക്കുന്ന-നാടൻ-ചായക്കട

കണ്ണൂർ: എടക്കാടിനടുത്ത് കടമ്പൂർ റോഡിൽ ഒരു നാടൻ ചായക്കടയുണ്ട്. 38 വർഷമായി ഇവിടുത്തെ പ്രധാന വിഭവം അരിക്കടുക്കയാണ് (കല്ലുമ്മക്കായ പൊരിച്ചത്). ഇത് ഈ നാട്ടിൽമാത്രം ഒതുങ്ങുന്ന ഒന്നല്ല. ഇടയ്ക്ക് ഇവ വിമാനം കയറി ഗൾഫിലേക്കും പോകും. അരിക്കടുക്കയെന്ന പലഹാരം ജീവിതം മാറ്റിമറിച്ച കഥയാണ് ചായക്കട നടത്തിപ്പുകാരനായ പുത്തൻപുര അഷ്റഫിന് പറയാനുള്ളത്.

എടക്കാട്-കടമ്പൂർ റൂട്ടിൽ പോകുന്നവരുടെ ശ്രദ്ധയിൽപ്പെട്ടെന്നുവരില്ല പുകപിടിച്ച ഈ ചായക്കട. അതുകൊണ്ടുതന്നെ കേട്ടറിഞ്ഞ് എത്തുന്നവരാണ് ഈ അറുപതുകാരന്റെ ഉപഭോക്താക്കൾ ഏറെയും. അരിക്കടുക്കയുടെ രുചിപോലെതന്നെ എല്ലാവരെയും ആകർഷിക്കുന്നതാണ് അഷ്‌റഫിന്റെ പെരുമാറ്റവും. ലാഭമുണ്ടാക്കലല്ല തന്റെ ലക്ഷ്യമെന്നും ജീവിതം കഴിഞ്ഞുപോകണമെന്നേയുള്ളൂവെന്നും അഷ്റഫ് പറയും. തന്റെ പലഹാരം തേടി ആളുകൾ വരുന്നത് കാണുമ്പോഴുള്ള സന്തോഷമാണ് പ്രധാനം.

ഭാര്യയുടെ അച്ഛനായിരുന്നു ആദ്യം കട നടത്തിയത്. അന്നത്തെ ഓലമേഞ്ഞ ചായക്കട 2001-ൽ ചെറിയൊരു കോൺക്രീറ്റ് കെട്ടിടത്തിലെ ഒറ്റമുറിക്കടയിലേക്ക് മാറി. ഗൾഫിലേക്ക് പോകുന്നവർ അവിടത്തെ ബന്ധുക്കൾക്കും കൂട്ടുകാർക്കും കൊടുക്കാനായി നൂറും ഇരുന്നൂറുമെല്ലാം പാഴ്‌സൽ കൊണ്ടുപോകും. മൂന്നുദിവസത്തേക്ക് ഇത് കേടുകൂടാതെയിരിക്കും. മാഹി, കൂത്തുപറമ്പ്, തലശ്ശേരി, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെല്ലാം ആളുകൾ ഈ കടതേടിവരാറുണ്ട്.

ഞായറാഴ്ച ഒഴികെ എല്ലാദിവസവും രാവിലെ പത്തരമുതൽ വൈകിട്ട് ആറുവരെ ഈ കടയിൽ അരിക്കടുക്ക കിട്ടും. ദിവസം 600-800 അരിക്കടുക്കകളാണ് സാധാരണയുണ്ടാക്കുക. ചില ദിവസങ്ങളിൽ എണ്ണം കൂടും.

വലിയ കല്ലുമ്മക്കായയാണ് അരിക്കടുക്കയ്ക്ക്‌ ഇദ്ദേഹം ഉപയോഗിക്കുക. കിലോയ്ക്ക് നാനൂറ് രൂപവരെ നൽകിയാണ് കല്ലുമ്മക്കായ വാങ്ങുന്നത്. 17 രൂപയാണ് അരിക്കടുക്ക ഒന്നിന് വില. ഭാര്യ സെമീറയും മക്കളും സഹായിക്കും.

Content Highlights: kallumakkaya fry, mussels fry, arikkadukka recipe, food news

Exit mobile version