ഇന്ത്യ മതരാഷ്ട്രമാവുമെന്ന് കരുതുന്നില്ല- ജേക്കബ് തോമസ്

ഇന്ത്യ-മതരാഷ്ട്രമാവുമെന്ന്-കരുതുന്നില്ല-ജേക്കബ്-തോമസ്

ന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ബി.ജെ.പിക്ക് പദ്ധതികളില്ലെന്ന് മുന്‍ ഡി.ജി.പിയും ബി.ജെ.പി. അംഗവുമായ ജേക്കബ് തോമസ്. ”ജേക്കബ് തോമസ് എന്ന് പേരുള്ള എനിക്ക് ബി.ജെ.പി. അംഗത്വമുണ്ടെന്നതും ഞാന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്നതും ഇത്തരം ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ്.” മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ജേക്കബ് തോമസ് പറഞ്ഞു. 

പതിറ്റാണ്ടുകള്‍  നീണ്ട ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയ പ്രവര്‍ത്തകനാവാം എന്ന് തീരുമാനിച്ചപ്പോള്‍ താങ്കള്‍ തിരഞ്ഞെടുത്ത പാര്‍ട്ടി ബി.ജെ.പിയാണ്. എന്തുകൊണ്ട്?

ബി.ജെ.പിയാണ് ഇന്ത്യയിലെ ഏറ്റവും നല്ല പാര്‍ട്ടിയെന്ന് എനിക്ക് തോന്നി. ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

വിദ്യാര്‍ത്ഥി ജീവിതകാലത്ത് താങ്കള്‍ക്ക് രാഷ്ട്രീയ വിശ്വാസങ്ങളുണ്ടായിരുന്നോ?

ഇല്ല. പഠനത്തിലും സ്പോര്‍ട്സിലും മാത്രമായിരുന്നു അന്നെനിക്ക് താല്‍പര്യം.

സിവില്‍ സര്‍വ്വിസിന്റെ അവസാന കാലയളവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍നിന്നും പിണറായി സര്‍ക്കാരില്‍നിന്നും ഉണ്ടായ തിക്താനുഭവങ്ങള്‍ ബി.ജെ.പിയെ തിരഞ്ഞെടുക്കുന്നതിന് കാരണമായിട്ടുണ്ടോ?

ഈ നിഗമനം പൂര്‍ണ്ണമായും തെറ്റാണ്. 34 വര്‍ഷം ഞാന്‍ സിവില്‍ സര്‍വ്വിസിലുണ്ടായിരുന്നു. അവസാന ഘട്ടത്തിലെ ചില അനുഭവങ്ങള്‍ വെച്ചാണ് ഞാന്‍ ബി.ജെ.പിയിലേക്ക് വന്നതെന്ന് പറയുന്നത് ശരിയല്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോ കോണ്‍ഗ്രസോ താങ്കളെ സമീപിച്ചിരുന്നോ?

ഞാന്‍ പറഞ്ഞല്ലോ ബി.ജെ.പിയാണ് ഏറ്റവും നല്ല പാര്‍ട്ടിയെന്ന ബോദ്ധ്യത്തിലാണ് ഞാന്‍ തീരുമാനമെടുത്തതെന്ന്.

താങ്കള്‍ ബി.ജെ.പിയിലേക്ക് വരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്തെങ്കിലും പങ്കുണ്ടോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും പ്രധാനമന്ത്രിയാണ്.

രാഷ്ട്രീയ പ്രവേശത്തിനു മുമ്പ് പ്രധാനമന്ത്രിയുമായി നേര്‍ക്ക് നേര്‍കൂടിക്കാഴ്ച നടത്തിയിരുന്നോ?

അത്തരം വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ എനിക്ക് താല്‍പര്യമില്ല.

ബി.ജെ.പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്ര പദ്ധതി ഇന്ത്യന്‍ സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കുകയാണെന്ന വിമര്‍ശമുണ്ട്. മുസ്ലിം സമുദായത്തെ അന്യവത്കരിക്കുന്ന നടപടികളാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന ആക്ഷേപം ശക്തമാണ്. പൗരത്വ ഭേദഗതി നിയമമായാലും ജമ്മു കാശ്മീരില്‍ 370-ാം വകുപ്പ് നിര്‍വ്വീര്യമാക്കിയ നടപടി ആയാലും ലക്ഷ്യം മുസ്ലിം സമുദായമാണെന്നാണ് ആരോപണം. താങ്കള്‍ക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഇന്ത്യയില്‍ എല്ലാ മതവിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ബി.ജെ.പിയില്‍ അംഗങ്ങളാണെന്നാണ് ഞാന്‍ കാണുന്നതും മനസ്സിലാക്കുന്നതും.

മുസ്ലിം സമുദായത്തോട് ബി.ജെ.പിക്ക് വിവേചനപരമായ സമീപനം ഇല്ലെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്?

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍നിന്നുള്ളവരും ബി.ജെ.പിയിലുണ്ട്. ജൈനമതത്തിലുള്ളുവരും പാഴ്സികളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമൊക്കെ ബി.ജെ.പിയിലുണ്ട്.

2017-ലെ യു.പി. നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തില്‍നിന്നുള്ള ഒരാളെപ്പോലും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കിയില്ല. അതിനെ എങ്ങിനെയാണ് കാണുന്നത്?

2021 ഫെബ്രുവരിയിലാണ് ഉത്തരവാദിത്വമുള്ള അംഗമായി ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അതിനു ശേഷം ഞാന്‍ കണ്ടത് കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതാണ്. മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ എ.പി. അബ്ദുള്ളക്കുട്ടിയായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ത്ഥി എന്നതും മറക്കരുത്. മറ്റ് സംസ്ഥാനങ്ങളിലെ കാര്യം എനിക്കത്ര കണ്ട്  അറിയില്ല.

അഞ്ച് വര്‍ഷം മുമ്പ് യോഗി ആദിത്യനാഥിനെ യു.പി. മുഖ്യമന്ത്രിയാക്കിയതിലൂടെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് ബി.ജെ.പി. മൂര്‍ത്തമായൊരു ചുവടുവെയ്പാണ് നടത്തിയതെന്ന് നിരീക്ഷണമുണ്ട്. ഗൊരക്‌നാഥ് മഠാധിപതിയായ ഒരു സന്യാസിയെയാണ് ബി.ജെ.പി. മുഖ്യമന്ത്രിപദത്തിലേക്ക് കൊണ്ടുവന്നത്?

ഇതില്‍ നിയമവിരുദ്ധമായി എന്താണുള്ളത്? ഒരു പ്രായം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ആര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. ജനങ്ങള്‍ തിരഞ്ഞെടുത്താല്‍ നിയമനിര്‍മ്മാണ സഭകളിലെത്താം. ഇതിലെവിടെയാണ് പ്രശ്‌നമുള്ളത്? ഇതിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, ഈ നടപടിയില്‍ നിയമവിരുദ്ധമായി ഞാന്‍ ഒന്നും കാണുന്നില്ല. ആരാണ് തങ്ങളുടെ പ്രതിനിധിയാവണമെന്നത് ജനങ്ങളാണ് തീരുമാനിക്കുന്നത്.

ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പി. എടുത്ത തീരുമാനം ബി.ജെ.പി. പ്രവര്‍ത്തകനെന്ന നിലയില്‍ താങ്കള്‍ എങ്ങിനെ കാണുന്നുവെന്നായിരുന്നു ചോദ്യം.

ബി.ജെ.പിയല്ല, ജനങ്ങളാണ് തീരുമാനമെടുത്തത്.

യോഗി മുഖ്യമന്ത്രിയാവണം എന്ന് ജനങ്ങളല്ല ബി.ജെ.പിയാണ് തീരുമാനിച്ചത്. 2017-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി മത്സരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബി.ജെ.പിയാണ് യോഗി മുഖ്യമന്ത്രിയാവെട്ട എന്ന് തീരുമാനിച്ചത്.

അത് പലയിടത്തും നടന്നിട്ടുള്ള കാര്യമാണ്. കേരളത്തില്‍ ഇതുപോലെയുള്ള സംഭവമുണ്ടായിട്ടുണ്ടല്ലോ! ഉത്തര്‍ പ്രദേശില്‍ മാത്രമല്ല കേരളത്തിലും സമാനമായ രീതിയില്‍ മുഖ്യമന്ത്രിയെ നിശ്ചയിച്ചിട്ടുണ്ട്.

എം.എല്‍.എ. അല്ലാത്ത ഒരാള്‍ക്ക് മുഖ്യമന്ത്രിയാവാം. പിന്നീട് അദ്ദേഹം എം.എല്‍.എയായാല്‍ മതി. 2017-ല്‍ യോഗിയെ മുഖ്യമന്ത്രിയാക്കിയത് ജനങ്ങളല്ല ബി.ജെ.പിയായായിരുന്നു എന്നാണ് ഇവിടെ വ്യക്തമാക്കിയത്. ഈ തീരുമാനത്തെ എങ്ങിനെ കാണുന്നുവെന്നാണ് ചോദിച്ചത്.

കോണ്‍ഗ്രസ്  1995-ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കിയത് എങ്ങിനെയാണോ അതുപോലെയാണ് ഞാന്‍ ഇതിനെ കാണുന്നത്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ബി.ജെ.പി. തീരുമാനിച്ചാല്‍ താങ്കള്‍ ബി.ജെ.പിയില്‍ തുടരുമോ?

പ്രഥമമായി  ഞാന്‍ ഇന്ത്യയിലെ ഉത്തരവാദിത്വബോധമുള്ള പൗരനാണ്. രണ്ടാമതായി ഞാന്‍ ഇന്ത്യയിലെ ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയില്‍ അംഗമാണ്. ബി.ജെ.പിക്ക് അങ്ങിനെയൊരു പദ്ധതിയുള്ളതായി ഞാന്‍ കാണുന്നില്ല. ബി.ജെ.പി. ചെയ്യുന്നതെന്തും മോശമാണ് എന്നൊരു ചിന്ത താങ്കള്‍ക്കുണ്ടായേക്കാം. എനിക്കില്ല.

ഭരണഘടന അസംബ്ളിയില്‍ 85 ശതമാനം പേരും ഹിന്ദുക്കളായിരുന്നു. ഹിന്ദുക്കള്‍ക്ക് അത്രയും ഭൂരിപക്ഷമുണ്ടായിരുന്ന ഭരണഘടന അസംബ്ളിയാണ് ഇന്ത്യ മതരാഷ്ട്രമാവരുതെന്ന് തീരുമാനിച്ചത്. ഈ തിരുമാനം അട്ടിമറിക്കപ്പെടുകയാണെന്ന സൂചനകളാണ് ഇപ്പോള്‍ ഉയരുന്നത്. ഇതില്‍ താങ്കള്‍ അസ്്വസ്ഥനാണോ?

ഇന്ത്യ മതേതര റിപ്പബ്ളിക്കാണെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര സര്‍ക്കാരാണ്. അങ്ങിനെയാരു മാറ്റം വേണമെന്ന് ഇന്ദിര സര്‍ക്കാരിന് തോന്നിയത് എന്തു കൊണ്ടായിരിക്കണം? 1950 മുതല്‍ 1975 വരെയുള്ള ഭരണത്തിന്റെ പ്രശ്നമല്ലേ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്.

ഇത് താങ്കളുടെ വീക്ഷണമാണ്. ആര്‍.എസ്.എസ്. ഉയര്‍ത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിലല്ലേ ഇന്ദിര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്? ഇന്ദിര ഗാന്ധി അന്ന് മുന്‍കൂട്ടി കണ്ട ഭീഷണികള്‍ ഇന്നിപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണോ?

ബി.ജെ.പി. വിരോധം കാരണം താങ്കള്‍ കെട്ടിച്ചമയ്ക്കുന്ന വ്യാഖ്യാനമാണിത്. നിയമവാഴ്ചയെ അട്ടിമറിച്ചാണ് അടിയന്തരവാസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്ന് താങ്കള്‍ മറക്കരുത്. ജേക്കബ് തോമസ് എന്ന് പേരുള്ള എനിക്ക് ബി.ജെ.പിയില്‍ അംഗത്വമെടുക്കാമെന്നതിലും ഒരു സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്നതിലും താങ്കള്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ബി.ജെ.പിക്ക് പദ്ധതിയില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്.

രണ്ടു ദിവസം മുമ്പ് ഡല്‍ഹി ഹൈക്കോടതി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി പറഞ്ഞത് ഭീകരപ്രവര്‍ത്തനത്തിനും പ്രതിഷേധിക്കുന്നതിനുള്ള അവകാശത്തിനും ഇടയ്ക്കുള്ള അതിര്‍ത്തി ഭരണകൂടത്തിന്റെ ചില നടപടികളില്‍ മാഞ്ഞുപോകുന്നുണ്ടെന്നാണ്. രാജ്യത്ത് കാര്യങ്ങള്‍ അത്രകണ്ട് പന്തിയല്ല എന്നതിന്റെ വ്യക്തമായ സൂചനയല്ലേ ഇത്? വിയോജിപ്പിനുള്ള അവസരങ്ങള്‍ ഇല്ലാതാവുന്നുവെന്നത് താങ്കളിലെ ജനാധിപത്യ വിശ്വാസിയെ അലോസരപ്പെടുത്തുന്നില്ലേ?

അഴിമതി രാജ്യദ്രോഹക്കുറ്റമാണെന്ന് ഹൈക്കോടതിക്ക് മുകളിലുള്ള സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.  ഇത്തരം വിധിന്യായങ്ങള്‍ എത്രമാത്രം നടപ്പാക്കപ്പെടുന്നുണ്ട്?

ഒരു മെജോറിറ്റേറിയന്‍ രാഷ്ട്രം ഉടലെടുക്കുന്നതിനുള്ള സാദ്ധ്യതകള്‍ കാണുന്നില്ല എന്ന താങ്കളുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈക്കോടിയുടെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയത് ?

ഒരു മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന് കേരളത്തില്‍ അടുത്തിടെ ലോകായുക്തയുടെ വിധിയുണ്ടായിരുന്നു. അദ്ദേഹം ഇപ്പോള്‍ എം.എല്‍.എയാണ്.

അദ്ദേഹം പക്ഷേ, മന്ത്രിയായില്ല?

തിരഞ്ഞെടുപ്പിന് മുമ്പ് വന്ന ഉത്തരവ് മുക്കിവെയ്്ക്കുകയായിരുന്നു.  

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അദ്ദേഹത്തിന് അയോഗ്യതയുണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്?

കേരളത്തില്‍ എത്രയോ തോന്നിവാസങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. താങ്കള്‍ ഉത്തര്‍ പ്രദേശിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ കേരളത്തെക്കുറിച്ച് പറഞ്ഞെന്നു മാത്രം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചകളെക്കുറിച്ച് ബി.ജെ.പിക്കുള്ളില്‍ ആത്മപരിശോധനയുണ്ടാവുമെന്ന് തീര്‍ച്ചയാണ്. ഇതിനിടയിലാണ് കൊടകര കുഴല്‍പ്പണക്കേസും ബി.ജെ.പി. കേരള ഘടകം പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആദിവാസി നേതാവ് സി.കെ. ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്നുമൊക്കെയുള്ള ആരോപണങ്ങളുമുണ്ടായത്. ഈ സംഭവങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം താങ്കളോട് ആവശ്യപ്പെട്ടിരുന്നോ?

ഇതെക്കുറിച്ച് എന്തെങ്കിലും പറയാന്‍ എനിക്ക് താല്‍പര്യമില്ല.

ഇതുമായി ബന്ധപ്പെട്ട് സി.വി. ആനന്ദബോസ് പറഞ്ഞത് പാര്‍ട്ടി നേതൃത്വത്തിന് താന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും എന്നാല്‍ തന്നോട് ആവശ്യപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ്.  സമാനമായ സംഗതിയാണോ താങ്കളുടെ കാര്യത്തിലുമുണ്ടായത്?

ബി.ജെ.പിയുടെ ഉത്തരവാദിത്വമുള്ള ഒരു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ആ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.

ബി.ജെ.പി. ഇന്ന് കേരളത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?

ടെററിസവും എക്സട്രീമിസവുമാണ് ബി.ജെ.പി. നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഈ വെല്ലുവിളി നേരിടുന്നതിന് ബി.ജെ.പിയുടെ കേരള നേതൃത്വം എത്രമാത്രം സുസജ്ജമാണ്?

ഉത്തരവാദിത്വമുള്ള ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍.

കേരളത്തില്‍  നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഒരു വിശ്വാസക്കുറവുണ്ടെന്ന ആരോപണത്തോട് താങ്കള്‍ എങ്ങിനെ പ്രതികരിക്കുന്നു?

ഏത് പ്രവര്‍ത്തകരെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്നെനിക്കറിയില്ല. പഞ്ചായത്ത് തലത്തിലെ പ്രവര്‍ത്തകരെക്കുറിച്ചാണോ ജില്ലാ തലത്തിലുള്ള പ്രവര്‍ത്തകരെക്കുറിച്ചാണോ  അതോ സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തകരെക്കുറിച്ചാണോ താങ്കള്‍ പറയുന്നത്?

സംസ്ഥാന തലത്തിലുള്ള നേതാക്കളുടെ കാര്യമാണ് ഉദ്ദേശിച്ചത്?

ബി.ജെ.പിയെ താറടിക്കാനുള്ള സംഘടിതമായ ശ്രമം പല തലങ്ങളിലും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് പറഞ്ഞത് കേരളത്തില്‍ അവരുടെ മുഖ്യശത്രു ബി.ജെ.പിയാണെന്നാണ്. എതിര്‍പക്ഷത്തുള്ള പാര്‍ട്ടിയെ ശത്രുവായി കാണുന്നത് എന്ത് സംസ്‌കാരമാണെന്ന് മനസ്സിലാവുന്നില്ല.

എതിര്‍പക്ഷത്തുള്ള കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പല പ്രമുഖ ബി.ജെ.പി. നേതാക്കളും പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സമീപനം ശരിയാണോ?

മഹാത്മ ഗാന്ധി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണിത്.

ഗാന്ധിജി പറഞ്ഞത് കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്നാണ്. കോണ്‍ഗ്രസ് സ്വയം നടപ്പാക്കേണ്ട കാര്യമെന്ന നിലയ്ക്കാണ് അദ്ദേഹം അത് പറഞ്ഞത്. അതുപോലെയല്ലല്ലോ കോണ്‍ഗ്രസിനെ ഇല്ലാതാക്കണമെന്ന് പറയുന്നത്?

സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഗാന്ധിജിയും ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ ഓര്‍മ്മിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കൃത്യമായി എന്തായിരുന്നുവെന്ന് എനിക്കറിയില്ല. ആ സമയത്ത് ഞാന്‍ ജനിച്ചിട്ടില്ലായിരുന്നു. രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും സ്പോര്‍ട്സമാന്‍ സ്പിരിറ്റ് വേണമെന്നാണ് എന്റെ നിലപാട്.

മൂന്നര പതിറ്റാണ്ടോളം താങ്കള്‍ സിവില്‍ സര്‍വ്വീസിലുണ്ടായിരുന്നു. താങ്കള്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ്?

കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച മുഖ്യമന്ത്രി സി. അച്ച്യുതമേനോന്‍ ആണെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി കെ. കരുണാകരനാണ്.

കെ. കരുണാകരന്റെ ഏതു ഗുണഗണങ്ങളാണ് താങ്കളെ ആകര്‍ഷിച്ചത്?

കഴിവ് (merti) അംഗീകരിക്കുന്നതിനും അതിന് പിന്തുണ നല്‍കുന്നതിനുമുള്ള മികവ്. ഒരു കാര്യം അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടാല്‍ അദ്ദേഹം വലിപ്പച്ചെറുപ്പം നോക്കാതെ നമ്മുടെ കൂടെ നില്‍ക്കും. എനിക്കങ്ങിനെ പല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ജാഡയുമില്ലാത്ത നേതാവായിരുന്നു അദ്ദേഹം. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന എന്റെ ആതമ്കഥയില്‍  ‘ലീഡര്‍’ എന്ന ശീര്‍ഷകത്തില്‍ ഒരദ്ധ്യായം തന്നെയുണ്ട്. നായനാരും എ.കെ. ആന്റണിയും വി.എസ്. അച്ച്യുതാനന്ദനും വളരെ നല്ല മുഖ്യമന്ത്രിമാരായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ആദ്യ ടേമിലും എനിക്ക് ഒരു തരത്തിലുള്ള പ്രയാസവും നേരിടേണ്ടി വന്നിട്ടില്ല.

ഉമ്മന്‍ചാണ്ടി രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോള്‍ താങ്കളുടെ ഔദ്യോഗിക ജിവിതത്തില്‍ ചില സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. എന്തുകൊണ്ടായിരിക്കാം അങ്ങിനെയുണ്ടായത് എന്നാണ് താങ്കള്‍ കരുതുന്നത്?

വല്ലാതെ ജനകീയന്‍ ആവുമ്പോഴുണ്ടാവുന്ന പ്രശ്നമാണിതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എല്ലാവരേയും അനുനയിപ്പിച്ച് കൂടെ കൊണ്ടുപോവാനുള്ള സമീപനമാവാം ഉമ്മന്‍ചാണ്ടിക്ക് പ്രശ്നമുണ്ടാക്കുന്നത്.  ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കങ്ങിനെയാണ് തോന്നുന്നത്. പരമവാധി സഹായം എല്ലാവര്‍ക്കും ചെയ്യണമെന്ന ചിന്തകൊണ്ട് സംഭവിക്കുന്നതാണത്.

പിണറായി വിജയനെ ഉമ്മന്‍ചാണ്ടിയില്‍നിന്നു വ്യത്യസ്തനാക്കുന്നത് എന്താണ്?

അതില്‍ പ്രധാനം പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ വ്യത്യസ്്തതയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയിലെ നേതാക്കള്‍ക്ക് ചില വ്യത്യസ്തതകളില്ലേ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് ചില സവിശേഷതകളുണ്ടാവും.

പാര്‍ട്ടിക്കും അതീതനായി പിണറായി വളരുകയാണെന്ന വിമര്‍ശം ഇടക്കാലത്തുണ്ടായിരുന്നു. പിണറായി വിജയനില്‍ ഒരു ഏകാധിപതിയുണ്ടെന്ന ആരോപണം താങ്കള്‍ ശരിവെയ്ക്കുന്നുണ്ടോ?

ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിട്ടണ്ട്. എനിക്കങ്ങിനെ അനുഭവപ്പെട്ടിട്ടില്ല. അദ്ദേഹം വളരെ ശ്രദ്ധാപൂര്‍വ്വം നയങ്ങളും തീരുമാനങ്ങളും എടുക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ശ്രേയസ്സുണ്ടാക്കുന്ന തീരുമാനങ്ങളാണ് അദ്ദേഹം എടുക്കുന്നത്. വിജയമാണ് എല്ലാ തീരുമാനങ്ങളുടെയും ആത്യന്തിക മാനദണ്ഡം. അദ്ദേഹത്തിന്റെ സമീപനങ്ങളെയാണല്ലോ ഏകാധിപത്യം എന്നൊക്കെ വിമര്‍ശിക്കുന്നത്. ജനങ്ങള്‍ക്ക് അവ സ്വീകാര്യമാണെങ്കില്‍ പിന്നെയെന്താണ് കുഴപ്പം.

ഔദ്യോഗിക ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രിസ് എം.ഡിയായി നിയമിക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു നീതികേട് താങ്കള്‍ക്ക് അനുഭവപ്പെട്ടിരുന്നോ?

ഇല്ല. മെറ്റല്‍ ഇന്‍ഡസ്ട്രിസില്‍ പോയതുകൊണ്ട് എനിക്ക് പരശുരാമന്റെ മഴുവുണ്ടാക്കാന്‍ പറ്റി. പാലക്കാട് ജില്ലയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞു. ഏതു മാറ്റവും ഒരവസരമായി കാണുന്ന ആളാണ് ഞാന്‍.

ലോ ആന്റ് ഓര്‍ഡര്‍ ഡി.ജി.പി. ആവാന്‍ കഴിഞ്ഞില്ലെന്നതില്‍ നീതിനിഷേധം ഉണ്ടായിരുന്നില്ലേ?

അതിപ്പോള്‍  പിണറായി സര്‍ക്കാര്‍ ആദ്യമായി അധികാരമേറ്റ ശേഷം ബെഹ്റയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. ബെഹ്റ എന്റെ ജൂനിയറായിരുന്നു. അന്ന് കിട്ടാതിരുന്ന ഒരു കാര്യം പിന്നീട് കിട്ടിയില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

താങ്കള്‍ അര്‍ഹിച്ചിരുന്ന ഒരു പോസ്റ്റ് നഷ്ടമായതിനെക്കുറിച്ചാണ് ചോദിച്ചത്?

അതിലൊരു കാര്യമുണ്ട്. നമ്മള്‍ ഡ്രൈവറുടെ സീറ്റിലിരിക്കുമ്പോള്‍ ഒരാള്‍ക്കേ ഡ്രൈവ് ചെയ്യാന്‍ പറ്റുകയുള്ളു.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി നീതികേട് കാണിച്ചു എന്ന് താങ്കള്‍ കരുതുന്നില്ല എന്നാണോ?

വാളയാറിലെ അമ്മയ്ക്ക് നീതി കിട്ടിയോ അലന്‍-താഹ എന്ന പയ്യന്മാര്‍ക്ക് നീതി കിട്ടിയോ അതുപോലെ പെരിയയില്‍ രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് വേണ്ടി ഉന്നത കോടതിയില്‍ പോയപ്പോള്‍ ആ ചെറുപ്പക്കാരുടെ ബന്ധുക്കള്‍ക്ക് നീതി കിട്ടിയോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പോലെയാണത്.

ഈ മൂന്നു വിഷയങ്ങളിലും നീതികേടുണ്ടായി എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അപ്പോള്‍ താങ്കളുടെ കാര്യത്തിലും അതുതന്നെയാണുണ്ടായതെന്നാണോ?

അതിനെ നീതികേടെന്നല്ല ഞാന്‍ പറയുന്നത്. അതാണ് ഇപ്പോള്‍ കേരളത്തിന്റെ നീതിബോധം.

ആ നീതിബോധം ശരിയാണെന്ന് പറയനാവുമോ?

ബഹുഭൂരിപക്ഷം ജനങ്ങളും അതിനെ ശരിവെയ്ക്കുന്നതല്ലേ നമ്മള്‍ കണ്ടത്.

അതില്‍ ഒരു പ്രശ്നമുണ്ട്. ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കാന്‍ ജനക്കൂട്ടം ആവശ്യപ്പെട്ടത് നീതിയായിരുന്നുവെന്ന് നമുക്ക് പറയാന്‍ കഴിയുമോ? ഈ സര്‍ക്കാരിനെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുത്തു എന്നതുകൊണ്ട് മേല്‍പറഞ്ഞ മൂന്നു വിഷയങ്ങളിലും നീതിയുണ്ടായി എന്ന് പറയാനാവുമോ?

കേരളത്തിലെ ജനങ്ങളുടെ നീതിബോധത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഇതല്ല കേരളത്തിലെ ജനങ്ങളുടെ നീതിബോധമെന്ന് താങ്കള്‍ക്ക് പറയാന്‍ പറ്റുമോ?

ജനങ്ങളുടെ നീതിബോധം മറിച്ചായിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാവുമായിരുന്നില്ല എന്നാണോ താങ്കള്‍ ധ്വനിപ്പിക്കുന്നത്?

താങ്കള്‍ അത് പറഞ്ഞുകഴിഞ്ഞല്ലോ!

താങ്കള്‍ പീലാത്തോസിനെപ്പോലെ സംസാരിക്കുന്നു?

ഞാനിപ്പോള്‍ അത് മനസ്സില്‍ വിചാരിച്ചതേയുള്ളു(ചിരിക്കുന്നു).

പക്ഷേ, പീലാത്തോസിനെപ്പോലെ കൈ കഴുകേണ്ടതുണ്ടോ?

കേരളത്തിലെ നീതിബോധം അങ്ങിനെയാണെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അത് നമ്മള്‍ കാണാതിരുന്നിട്ട് കാര്യമില്ല.

Content Highlights: India won’t be a theist country, says Jacob Thomas

Exit mobile version