2021 വിട പറഞ്ഞു, പുതുവര്‍ഷം ഇങ്ങെത്തി. കോവിഡിന്റെ ഭീഷണിയുണ്ടെങ്കിലും പുതുവത്സര ലഹരിയിലാണ് ലോകം. ആഘോഷങ്ങള്‍ ചെറിയരീതിയിലേക്ക് ചുരുങ്ങിയെങ്കിലും വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ചില ശീലങ്ങളുണ്ട്. ഭക്ഷണമാണ് അതില്‍ പ്രധാനം. ചില രാജ്യങ്ങള്‍ പുതുവര്‍ഷത്തെ സ്വീകരിക്കുന്നത് പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കിയാണ്. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പുതിയ വര്‍ഷത്തില്‍ സൗഭാഗ്യം കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുന്നു.
തമാലീസ്
വാഴയിലയിലോ ചോളത്തിന്റെ പുറംതൊലിയിലോ ഇറച്ചി, ചീസ് എന്നിവയ്‌ക്കൊപ്പം ചോളം ആവിയില്‍വെച്ച് പുഴുങ്ങി തയ്യാറാക്കുന്ന വിഭവമാണ് തമാലീസ്. ഈ മെക്‌സിക്കന്‍ വിഭവം മെനുഡോ എന്ന സൂപ്പിനൊപ്പമാണ് കഴിക്കുക.
മാര്‍സിപ്പാന്‍
യൂറോപ്യന്‍ രാജ്യങ്ങളായ ഓസ്ട്രിയ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പുതുവത്സരത്തെ സ്വാഗതം ചെയ്യുന്നത് ഈ വിഭവം കഴിച്ചാണ്. ചെറിയ പന്നികുട്ടിയുടെ രൂപത്തില്‍ തയ്യാറാക്കിയെടുക്കുന്ന മധുരപലഹാരമാണിത്. ഇത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. ഓസ്ട്രിയ, ജര്‍മനി എന്നിവടങ്ങളില്‍ ഈ പലഹാരം സമ്മാനമായും നല്‍കാറുണ്ട്.
സോബ നൂഡില്‍സ്
ജപ്പാനില്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കുന്ന വിഭവമാണ് സോബ ന്യൂഡില്‍സ്. ജപ്പാന്റെ സംസ്‌കാരത്തില്‍ നീളമേറിയ നൂഡില്‍സ് ദീര്‍ഘായുസ്സും സമൃദ്ധിയും അടയാളപ്പെടുത്തുന്നു.
കോള്‍ചിസീന്‍
പരമ്പരാഗത ഇറ്റാലിയന്‍ വിഭവം. സോസും ധാന്യങ്ങള്‍ വേവിച്ചതും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവം ഭാഗ്യം കൊണ്ടുവരുമെന്ന് ഇറ്റാലിയന്‍ ജനത വിശ്വസിക്കുന്നു. വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ധാന്യങ്ങള്‍ പണത്തെയും ഭാഗ്യത്തെയും പ്രതിനിധാനം ചെയ്യുന്നു.
ക്രസ്‌കാജ്(റീത്ത് കേക്ക്)
ഡെന്‍മാര്‍ക്ക്, നോര്‍വെ എന്നീ രാജ്യങ്ങളിലെ സെപ്ഷ്യല്‍ വിഭവമാണ് ക്രസ്‌കാജ്. വളയത്തിന്റെ ആകൃതിയിലുളള കേക്കുകള്‍ അട്ടിയായി അടുക്കി തയ്യാറാക്കുന്ന പലഹാരമാണിത്. പുതുവത്സാരാഘോഷത്തിന് മാത്രമല്ല, വിവാഹം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളിലും ഈ വിഭവം തയ്യാറാക്കാറുണ്ട്.
Content highlights: these countries welcome new year with this dish, japan, mexico, denmark, germany, Italy