പേരിൽ മാത്രമേ മുഷ്കുള്ളു, രുചിയിൽ കേമൻ; കൊങ്കണി സ്റ്റൈൽ ‘മുഷ്ടി ദോശ’

പേരിൽ-മാത്രമേ-മുഷ്കുള്ളു,-രുചിയിൽ-കേമൻ;-കൊങ്കണി-സ്റ്റൈൽ-‘മുഷ്ടി-ദോശ’

ണ്ട് അമ്മയും അമ്മൂമ്മയുമൊക്കെ പാചകത്തിന്റെ അളവ് പറഞ്ഞു തരുന്നത് കേട്ടിട്ടില്ലേ? ഒരു നാഴി, ഇരുന്നാഴി ഒക്കെ ആയിരിക്കും ചേരുവകളുടെ കണക്ക്. മനക്കണക്ക് കൊണ്ടും കൈകണക്ക് കൊണ്ടും എന്തിനേറെ, വെറും നോട്ടം വെച്ചുള്ള അളവിലും രുചിയുടെ മേളം തീർക്കുന്ന വിഭവങ്ങൾ ഉണ്ടാക്കും. കപ്പും ടീസ്പൂണും ടേബിൾ സ്പൂണും ഒക്കെ വരുന്നതിനു മുന്നേയുള്ള നാടൻ അളവുകൾ. ഒരു പിടി, ഒരു ചിരവനാക്ക് തേങ്ങ,  രണ്ട് വിരലിൽ കൊള്ളുന്നത്ര മല്ലി, കാൽമുറി തേങ്ങ, ഒരു നുള്ള് പഞ്ചസാര ഇതൊക്കെ നമ്മുടെ അമ്മമാരൊക്കെ പറയുന്ന കണക്കുകളായിരുന്നു.            

ഇത്തരത്തിൽ ചേരുവകളുടെ അളവ് പറയുന്നത് കൊണ്ട്, അതേ പേരിൽ തന്നേ അറിയപ്പെടുന്ന ദോശയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഇന്നത്തെ സ്പെഷ്യൽ കൊങ്കണി രുചികളിലൊന്നായ ” മുഷ്ടി ദോശ “. പേരിലുള്ള മുഷ്‌ക്കൊന്നും രുചിയിലില്ല കേട്ടോ. ഒരു കൈപിടി എന്നർത്ഥത്തിൽ ആണ് മുഷ്ടി എന്ന് വന്നിരിക്കുന്നെ.

നേരത്തേ പറഞ്ഞ പോലെ ദോശയിലുള്ള എല്ലാ ചേരുവകളും ഓരോ പിടി കണക്കിലാണ് എടുക്കുക. മുല്ലപ്പൂ പോലെ വെളുവെളുത്തും പതുപതുത്തും എന്നാലതേ സമയം ദോശയുടെ അടിഭാഗം നന്നായി മൊരിഞ്ഞും വരും ഈ ദോശയുടേത്.  കാണാനുള്ള ഭംഗിക്ക് പുറമെ കഴിക്കാൻ അതീവ സ്വാദും കാണും. കൂട്ടിന് തേങ്ങ ചമ്മന്തിയോ സാമ്പാറോ ആവാം.

അപ്പോൾ ഇന്നത്തെ കൊങ്കണി സ്പെഷ്യൽ ദോശ മുഷ്ടിയുണ്ടാക്കുന്നത് എങ്ങനാണെന്ന് നോക്കാം. ഒരു വ്യക്തതയ്ക്ക് പിടി അളവിന് പുറമെ അതിനു തത്തുല്യമായ കപ്പിന്റെ അളവ് കൂടെ ചേർക്കുന്നുണ്ട്.

ചേരുവകൾ

പച്ചരി-      1 കപ്പ്‌    ( നാല് പിടി )
ഉഴുന്ന്-      1/4 കപ്പ്‌  ( ഒരു പിടി  )
വെള്ള അവിൽ-    1/4 കപ്പ്‌     ( ഒരു പിടി )
ഉലുവ-         1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

പച്ചരിയും ഉഴുന്നും ഉലുവയും കഴുകി 4-5 മണിക്കൂർ കുതിർക്കുക. അരയ്ക്കുന്നതിന്റെ പതിനഞ്ചു മിനിറ്റുകൾ മുൻപേ അവിൽ കുതിർത്തു വെയ്ക്കാം.  ശേഷം എല്ലാം ഒരുമിച്ചു നന്നായി അരച്ചെടുക്കുക. മാവ് അധികം നേർത്തു പോവരുത്.  6-8 മണിക്കൂർ മാവ് പുളിപ്പിക്കാനായി വെയ്ക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാര യും ചേർത്തിളക്കുക. ഇനി ദോശ ചുട്ടെടുക്കാം. ഈ ദോശ അധികം പരത്താറില്ല . മാവ് ഒഴിച്ചു കട്ടി ആയി പരത്തിയ ഉടനെ ഒരു അടപ്പ് കൊണ്ട് അടച്ചു തീ മീഡിയം ഫ്ലേയിം ആക്കുക. ദോശ മറിച്ചിടാറുമില്ല.
ദോശയുടെ അടിഭാഗം നന്നായി മൊരിഞ്ഞു വരുന്നതു വരെ പാകം ചെയ്യാം.

Content Highlights: mushti dosa, konkani dosa, konkani food, konkani recipes

Exit mobile version