Ken Sunny | Samayam Malayalam | Updated: 18 Jun 2021, 07:00:00 PM
ഉക്രെയ്നിലെ ഖാർകിവിൽ നിന്നുള്ള വിക്ടോറിയ പുസ്റ്റോവിറ്റോവ എന്ന 28 വയസുള്ള യുവതിയും, അലക്സാണ്ടർ കുഡ്‌ലേ എന്ന 33 വയസുള്ള യുവാവും പരസ്പരമുള്ള ഇഷ്ടം അളക്കാൻ മൂന്ന് മാസത്തിലേറെയാണ് പരസ്പരം ചങ്ങലയിൽ ബന്ധിച്ച് ജീവിച്ചത്.
Viktoria Pustovitova and Alexander Kudlay | Photo Credit: Instagram
ഹൈലൈറ്റ്:
- മൂന്ന് മാസം കുഴപ്പമില്ലാതെ മുൻപോട്ട് പോയതോടെ ഇനി വിവാഹം കഴിക്കുന്ന ദിവസമേ ചങ്ങല അഴിക്കേണ്ടതുള്ളൂ എന്നയിരുന്നു തീരുമാനം.
- പക്ഷെ 123 ദിവസത്തെ ചങ്ങലയിൽ ബന്ധിപ്പിച്ച ജീവിതം അവസാനിപ്പിച്ച് അടുത്തിടെ ചങ്ങല അഴിച്ചു.
- അധികം താമസമില്ലാതെ ഇരുവരും ബന്ധം വേണ്ട എന്നുവച്ച് വഴിപിരിഞ്ഞു.
കഴിഞ്ഞ മാസമാണ് ഉക്രെയ്നിലെ ഖാർകിവിൽ നിന്നുള്ള വിക്ടോറിയ പുസ്റ്റോവിറ്റോവ എന്ന 28 വയസുള്ള യുവതിയും, അലക്സാണ്ടർ കുഡ്‌ലേ എന്ന 33 വയസുള്ള യുവാവും വാർത്തകളിൽ ഇടം പിടിച്ചത്. പരസ്പരമുള്ള ഇഷ്ടം അളക്കാൻ ഇരുവരും പരസ്പരം കൈകൾ ചങ്ങലക്കിട്ടു. ഫെബ്രുവരി മാസം 14-ാം തിയതി വാലന്റൈൻസ് ദിവസത്തിലാണ് ഇരുവരും ‘ചങ്ങലയിൽ’ ആയത്. 3 മാസം ഈ രീതിയിൽ തുടരാനായിരുന്നു പ്ലാൻ.
ഇരുവർക്കുമിടയിലെ വഴക്കുകൾ കൂടിയപ്പോഴാണ് പരസ്പരം ചങ്ങലയിൽ ബന്ധിച്ചു തങ്ങളുടെ ഇഷ്ടം ഒന്ന് ടെസ്റ്റ് ചെയ്യാൻ വിക്ടോറിയയും അലക്‌സാണ്ടറും തീരുമാനിച്ചത്. മൂന്ന് മാസം കുഴപ്പമില്ലാതെ മുൻപോട്ട് പോയതോടെ ഇനി വിവാഹം കഴിക്കുന്ന ദിവസമേ ചങ്ങല അഴിക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് ഇരുവരുമെത്തിയത്. ഇതാണ് വർത്തയായതും. പക്ഷെ ഒരു മാസം കഴിഞ്ഞപ്പോഴേക്കും സംഗതി കീഴ്മേൽ മറിഞ്ഞു.
123 ദിവസത്തെ ചങ്ങലയിൽ ബന്ധിപ്പിച്ച ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് വിക്ടോറിയയും അലക്‌സാണ്ടറും ചങ്ങല വിച്ഛേദിച്ചത്. അധികം താമസമില്ലാതെ ഇരുവരും ബന്ധം വേണ്ട എന്നുവച്ച് വഴിപിരിഞ്ഞു. യൂണിറ്റി മോനുമെന്റിന്റെ മുൻപിൽ വച്ച് ചങ്ങല അഴിച്ച ഉടനെ ‘ഹൂറായ്’ (സ്വാതന്ത്രം) എന്നാണ് വിക്ടോറിയ വിളിച്ചു പറഞ്ഞത് എന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു.
“എനിക്ക് എന്റെ സ്വന്തം സ്വതന്ത്ര ജീവിതം നയിക്കാനും ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കാനുമാണ് ആഗ്രഹം. ഒടുവിൽ ഞാൻ സ്വതന്ത്രയായി,” വിക്ടോറിയ പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്യുന്നു. അലക്സാണ്ടർ അതെ സമയം ഇൻസ്റ്റാഗ്രാമിൽ അസാധാരണ ജീവിതം പിന്തുണച്ചവർക്ക് നന്ദി പറഞ്ഞാണ് ബന്ധം വേർപെടുത്തിയത്. “ഞങ്ങളെ പിന്തുണച്ചതിന് എല്ലാവർക്കും നന്ദി. നോക്കൂ, ഞങ്ങൾ ഇപ്പോൾ ഒന്നിച്ചല്ല. അതെ സമയം ഞങ്ങൾ സന്തുഷ്ടരായിരുന്നു. ജീവിതത്തിൽ ഈ അനുഭവം ലഭിച്ചതിൽ ഞങ്ങൾക്ക് ഇപ്പോൾ സന്തോഷമുണ്ട്.” ഇരുവരും ഉക്രെയ്നിലെ വെവ്വേറെ പ്രദേശങ്ങളിലാണ് ഇപ്പോൾ താമസം.
ഊരി മാറ്റാനോ, അഴിച്ചെടുക്കാനോ പറ്റാത്ത രീതിയിലാണ് ഇരുവരുടെയും കൈകളിൽ ചങ്ങല ബന്ധിപ്പിച്ചിരുന്നത്. പൊളിച്ചു മാറ്റുകയാണ് ഏക വഴി. ചങ്ങലയുമായി ജീവിക്കാൻ പല ക്രമങ്ങളിലും ഇരുവരും മാറ്റം വരുത്തി. മുകളിൽ നിന്ന് താഴേക്ക് സിപ്പുകളുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഇരുവരും ഉപയോഗിച്ചത്. പൊതു ഇടങ്ങളിൽ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് ഒരു വലിയ പ്രശ്നമായിരുന്നു. വിക്ടോറിയ പലപ്പോഴും അലക്സാണ്ടറിനെ സ്ത്രീലേക്കുള്ള വാഷ്‌റൂമിലേക്ക് കൊണ്ടുപോകാൻ നിർബന്ധിതയായി. കാർ സെയിൽസ്മാനായി ജോലി ചെയ്യുന്ന അലക്‌സാണ്ടർ തന്റെ ജോലി സ്ഥലത്തേക്ക് വിക്ടോറിയയെ കൂടെക്കൂട്ടി. കൃത്രിമ കൺപീലി നിർമിക്കുന്ന ജോലി ചെയുന്ന വിക്ടോറിയ പക്ഷെ തന്റെ ജോലി വേണ്ട എന്ന് വയ്‌ക്കേണ്ടിവന്നു ഈ ഇഷ്ട പരീക്ഷണത്തിനായി.
പരസ്പരം ചങ്ങലയിൽ ബന്ധിച്ചു ജീവിച്ചതിനുള്ള ഉക്രേനിയൻ റെക്കോർഡ് വിക്ടോറിയയുടെയും അലക്‌സാണ്ടറിന്റെയും പേരിലാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : couple who chained themselves to test love break up after 123 days
Malayalam News from malayalam.samayam.com, TIL Network