2021-ല്‍ ആഗോളതലത്തില്‍ ഭക്ഷ്യവില ഏറ്റവും ഉയര്‍ന്നനിലയിലെത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍(എഫ്.എ.ഒ.) വ്യാഴാഴ്ച അറിയിച്ചു. 2020-മായി താര്യതമ്യം ചെയ്യുമ്പോള്‍ ശരാശരി 28 ശതമാനത്തോളമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭക്ഷ്യവസ്തുക്കളുടെ അന്താരാഷ്ട്ര വിലകളിലെ ഓരോ മാസവുമുള്ള മാറ്റങ്ങള്‍ നിരീക്ഷിക്കുന്ന് എഫ്.എ.ഒയുടെ ഭക്ഷ്യവില സൂചിക ഡിസംബറില്‍ നേരിയ തോതില്‍ കുറഞ്ഞതായി കണ്ടെത്തി.
സാധാരണഗതിയില്‍ ഉയര്‍ന്നവില ഉത്പാദനം വര്‍ധിപ്പിക്കുന്നതിലേക്കാണ് നയിക്കുക. എന്നാല്‍, കോവിഡ് മഹാമാരിയും ഉത്പാദന ചെലവിലുണ്ടായ വര്‍ധനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം 2022-ല്‍ കൂടുതല്‍ സ്ഥിരതയുള്ള വിപണിയിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷപോലും നല്‍കുന്നില്ല-എഫ്.എ.ഒ.യുടെ സീനിയര്‍ ഇക്കോണമിസ്റ്റ് അബ്ദോള്‍റെസ അബ്ബാസിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ആവശ്യം കൂടിയതിനാല്‍ കഴിഞ്ഞവര്‍ഷം എല്ലാ വിഭാഗത്തിലുംപെട്ട ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യ എണ്ണയുടെ വിലയാകട്ടെ കഴിഞ്ഞ വര്‍ഷം 66 ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി. ധാന്യവിലയാകട്ടെ 27 ശതമാനം വര്‍ധിച്ച് 2012-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലും എത്തി. ചോളത്തിന്റെ വില 44.1 ശതമാനവും ഗോതമ്പിന്റെ വില 31.3 ശതമാനവും വര്‍ധിച്ചു.
മാംസത്തിന്റെ വില കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് വര്‍ധിച്ചപ്പോള്‍ പാലുത്പന്നങ്ങളുടെ വില 16.9 ശതമാനമാണ് വര്‍ധിച്ചതെന്ന് എഫ്.എ.ഒ. വ്യക്തമാക്കുന്നു.
Content highlights: global food prices hit ten year high In last year un agency