സാമൂഹികമാധ്യമത്തില്‍ ഏറെ സജീവമായ ബോളിവുഡ് താരമാണ് സുസ്മിത സെന്‍. ആരാധകരുമായി സംവദിക്കാന്‍ കിട്ടുന്ന അവസരമൊന്നും അവര്‍ പാഴാക്കാറില്ല. അടുത്തിടെ തനിക്ക് നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചും അതിനുശേഷമുള്ള സുഖവിവരത്തെക്കുറിച്ചും ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെ മുന്‍ വിശ്വസുന്ദരി കൂടിയായ സുസ്മിത സംസാരിച്ചിരുന്നു.
ഇക്കഴിഞ്ഞ ദിവസം ആരാധകരുമായും ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഫോളോ ചെയ്യുന്നവരുമായും നേരിട്ട് സംസാരിക്കുന്ന ലൈവ് സെക്ഷനുമായി താരം എത്തിയിരുന്നു. തന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ചും എന്താണ് താന്‍ കൂടുതലായി പാചകം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിഭവത്തെക്കുറിച്ചും സ്നേഹം, ബഹുമാനം, പ്രചോദനം എന്നിവയെക്കുറിച്ചുമെല്ലാം സുസ്മിത ഏറെ നേരം ആരാധകരുമായി സംസാരിച്ചു. അവരുടെ പെണ്‍മക്കളായ റെനീ സെന്‍, അലിസ സെന്‍ എന്നിവരും ലൈവ് സെക്ഷനില്‍ സുസ്മിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ഇഷ്ടഭക്ഷണമേതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ജാപ്പനീസ് വിഭവമാണ് സുഷി ആണെന്ന് സുസ്മിത പറഞ്ഞു. സുഷിയുടെ വലിയ ആരാധികയാണ് താനെന്നും സുസ്മിത പറഞ്ഞു. മക്കള്‍ രണ്ടുപേരും സുഷിയുടെ ആരാധകരാണെന്നും അവര്‍ പറഞ്ഞു.
ബിരിയാണിയോടുള്ള ഇഷ്ടവും നടി തുറന്നു പറഞ്ഞു. തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്ന് അവര്‍ പറഞ്ഞു. ഹൈദ്രാബാദി ബിരിയാണിയോടുള്ള ഇഷ്ടവും അവര്‍ തുറന്നു പറഞ്ഞു. ഹൈദരാബാദിലാണ് ഞാന്‍ ജനിച്ചത്. അതിനാല്‍ ബിരിയാണിയുമായി എനിക്ക് വൈകാരികമായ ബന്ധമുണ്ട്. അതെന്റെ പ്രിയപ്പെട്ട ഭക്ഷണമാണ്. എപ്പോഴെങ്കിലും ഞാന്‍ ദുഃഖത്തിലാണെങ്കില്‍ മനസ്സിന് സന്തോഷം തോന്നിപ്പിക്കാന്‍ ഞാന്‍ കഴിക്കുന്ന ഭക്ഷണം ബിരിയാണിയാണ്. നല്ല എരിവുള്ള ബിരിയാണിയാണെനിക്ക് ഇഷ്ടം. ഹൈദരാബാദുമായി പൊക്കിള്‍ കൊടി ബന്ധമാണ് എനിക്കുള്ളത്-സുസ്മിത പറഞ്ഞു.
അമ്മയുണ്ടാക്കുന്ന ചില്ലി ചിക്കന്‍ ഏറെ ഇഷ്ടമാണെന്നും അവര്‍ പറഞ്ഞു. അത് ഒന്ന് കഴിച്ചു നോക്കണമെന്നും അപ്പോള്‍ അത് എത്ര മഹത്തരമാണെന്ന് മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു. സുസ്മിത ഒരു തവണ ചില്ലി ചിക്കന്‍ ഉണ്ടാക്കി തന്നുവെന്നും ഏറെ രുചികരമായിരുന്നു അതെന്നും മകള്‍ അലിസ പറഞ്ഞു. താന്‍ ആദ്യമായി പാചകം ചെയ്തത് ചില്ലി ചിക്കനാണെന്ന് അവര്‍ പറഞ്ഞു. താന്‍ പാചകം ചെയ്യാറില്ലെന്നും എന്നാല്‍, ആദ്യമായി ഉണ്ടാക്കിയത് ചില്ലി ചിക്കനാണെന്നും സുസ്മിത പറഞ്ഞു.
Content highlights: favorite food for susumita sen, Susmita sen on Biriyani