പത്ത് രൂപാ ഊണ് ഹിറ്റായി; പ്രഭാത ഭക്ഷണവും കൂടി വിളമ്പാൻ സമൃദ്ധി@ കൊച്ചി

പത്ത്-രൂപാ-ഊണ്-ഹിറ്റായി;-പ്രഭാത-ഭക്ഷണവും-കൂടി-വിളമ്പാൻ-സമൃദ്ധി@-കൊച്ചി

കൊച്ചി: നല്ല ചൂടൻ കാപ്പിക്കോ ചായയ്ക്കോ ഒപ്പം നനുത്ത ഇഡ്ഡലിയും സാമ്പാറും ചട്‌നിയും ആയാലോ… ഇനിമുതൽ കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി @ കൊച്ചിയിൽ പ്രഭാത ഭക്ഷണവും ലഭിക്കും. പത്ത് രൂപ ഊണ് ഹിറ്റായതോടെയാണ്‌ കൊച്ചി കോർപ്പറേഷൻ അടുത്ത പടിയിലേക്ക് കടക്കുന്നത്. തുടക്കത്തിൽ ഇഡ്ഡലിയും സാമ്പാറുമുണ്ടാകും. ഒപ്പം ചൂടൻ ചായയും കാപ്പിയും. വൈകാതെ മസാലദോശ, ഉപ്പുമാവ് തുടങ്ങിയവയും സമൃദ്ധിയുടെ മെനുവിലെത്തും. എറണാകുളം നോർത്ത് പരമാര റോഡ് ലിബ്ര ഹോട്ടലിലാണ് ഇവ ലഭിക്കുക. പ്രഭാതഭക്ഷണത്തിന് സബ്‌സിഡിയുണ്ടാവില്ല. സാധാരണ വില നൽകേണ്ടി വരും.

ഇനി മീൻകറിയുമാവാം

പത്ത് രൂപ ഊണിനെന്താ മീൻ കറിയില്ലാത്തെ എന്ന ചോദ്യം ഇനി വേണ്ട. ഫിഷ്‌ ഫ്രൈക്കു പുറമേ മീൻകറി കൂടി വിളമ്പാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ. അടുത്ത ആഴ്ച മുതൽ ഇത് ലഭിക്കും. ഫിഷ് ഫ്രൈക്ക് 30 രൂപയാണ് നിരക്ക്.

ആധുനിക ഉപകരണങ്ങൾ

ഒരു സമയത്ത് 250 ഇഡ്ഡലി ഉണ്ടാക്കാൻ കഴിയുന്ന പാത്രങ്ങൾ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ അധികം കാത്തുനിൽക്കാതെ പ്രഭാത ഭക്ഷണം ലഭിക്കും. അതോടൊപ്പം ഒരേസമയം നൂറോളം മത്സ്യക്കഷ്ണങ്ങൾ വറക്കാൻ കഴിയുന്ന തവയിലാണ് പാചകം. എണ്ണ തീരെ കുറച്ചുമതിയെന്നതാണ് ഇവിടത്തെ പ്രത്യേകത. സാമ്പാർ, രസം എന്നിവയ്ക്കെന്ന പോലെ ഫിഷ് മസാലയും ഇവിടെ തന്നെയാണ് തയ്യാറാക്കുന്നത്.

ഉടനെത്തും അത്താഴം

രാവിലെ 11 മുതൽ ഇപ്പോൾ സമൃദ്ധി @ കൊച്ചിയിൽ ഉച്ചഭക്ഷണം ലഭിക്കും. വൈകീട്ട് നാലുവരെ ഭക്ഷണം ലഭിക്കും. ഹോട്ടലിനോടു ചേർന്നുള്ള ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിക്കുന്നതോടെ അത്താഴം കൂടി ആരംഭിക്കും. ദിവസം ശരാശരി 3500 ഊണാണ് ഇവിടെ വിൽക്കുന്നത്. 2000 പാഴ്‌സലുകളും ചെലവാകുന്നുണ്ട്. ഞായറാഴ്ചകളിൽ 2600 മുതൽ 2800 വരെ വില്പന നടക്കും.

ഭക്ഷണ നിരക്ക്

മൂന്ന് ഇഡ്ഡലി, സാമ്പാർ, ചട്‌നി 20 രൂപ

ഫാമിലി പാക്ക് – 20 ഇഡ്ഡലി 100 രൂപ

മീൻ കറി 30 രൂപ

Content highlights: samrudhi at kochi will serve breakfast too

Exit mobile version