എറണാകുളം നഗരത്തിലെ സ്‌നേഹമൂട്ടിന്റെ പത്തുവർഷങ്ങൾ

എറണാകുളം-നഗരത്തിലെ-സ്‌നേഹമൂട്ടിന്റെ-പത്തുവർഷങ്ങൾ

കൊച്ചി: പത്ത് വര്‍ഷം മുമ്പാണ്… എട്ടാം ക്ലാസുകാരനായ ശങ്കര്‍ സ്‌കൂളില്‍നിന്നു വന്നത് പുതിയൊരു ആവശ്യവുമായാണ്, ‘നാളെ എനിക്കുള്ള ചോറിനു പുറമേ ഒരു പൊതിച്ചോറും കൂടി വേണം’. അതുകേട്ട് അച്ഛന്‍ അനില്‍കുമാര്‍ അന്തംവിട്ടു. എന്തിനാ അത് എന്നു ചോദിച്ചപ്പോള്‍, സ്‌കൂളില്‍നിന്ന് പറഞ്ഞതാണെന്ന് ശങ്കറിന്റെ മറുപടി. അനില്‍കുമാര്‍, മകന്‍ പഠിക്കുന്ന കലൂര്‍ മോഡല്‍ ടെക്നിക്കല്‍ സ്‌കൂളിലേക്ക് ഫോണ്‍ ചെയ്തു. ഭക്ഷണം കിട്ടാതെ വലയുന്ന പാവപ്പെട്ടവര്‍ക്ക് നല്‍കാനാണെന്ന് മറുപടി ലഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന ഡോ. എന്‍.ആര്‍. മേനോനാണ് പൊതിച്ചോര്‍ വിതരണത്തിന് മുന്‍കൈയെന്നും അറിഞ്ഞു.

ഡോ. മേനോനോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍, ഇടപ്പള്ളി നൈസ് കെമിക്കല്‍സിലെ ജനറല്‍ മാനേജരായ ഡോ. അനില്‍കുമാറിന് തന്റെ സ്ഥാപനം വഴിയും പാവപ്പെട്ടവര്‍ക്ക് പൊതിച്ചോര്‍ നല്‍കണമെന്നു തോന്നി. ജീവനക്കാരുമായി സംസാരിച്ചു. അവരും തയ്യാര്‍. അങ്ങനെ 2011 ഡിസംബര്‍ 19-ന് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് വിശന്നിരുന്നവര്‍ക്ക് അനില്‍കുമാറും സംഘവും ചേര്‍ന്ന് പൊതിച്ചോര്‍ വിതരണം ചെയ്തു. അതൊരു തുടക്കമായിരുന്നു, ആ സ്‌നേഹമൂട്ട് പത്ത് വര്‍ഷമായി തുടരുന്നു. ഡോ. എന്‍.ആര്‍. മേനോനും ‘ലൗ ആന്‍ഡ് കെയര്‍’ സംഘടനയും ഇപ്പോഴും ഒപ്പമുണ്ട്.

മാസത്തിലൊരിക്കലാണ് അമ്പതുപേര്‍ക്ക് പൊതിച്ചോര്‍ വിതരണം ചെയ്യാറുള്ളത്. എല്ലാ മാസവും 14-ന് അല്ലെങ്കില്‍ 15-ന് എറണാകുളം നഗരത്തില്‍ പൊതിച്ചോറുകളുമായി അവരെത്തും. ഇപ്പോള്‍ ഇടപ്പള്ളി നൈസ് കെമിക്കല്‍സിനു പുറമേ സഹോദര സ്ഥാപനമായ ചേരാനെല്ലൂര്‍ സ്റ്റെര്‍ലിങ് പ്രിന്റ് ഹൗസും ഇതില്‍ പങ്കാളികളാണ്.

”സത്യത്തില്‍ അമ്പതിലധികം പേര്‍ക്ക് പൊതിച്ചോര്‍ നല്‍കാന്‍ സാധിക്കും. പക്ഷേ, പൊതിച്ചോര്‍ 12-നും രണ്ടിനുമിടയില്‍ വിതരണം ചെയ്തുകഴിഞ്ഞില്ലെങ്കില്‍ കേടാകും. അതാണ് അമ്പതില്‍ നിര്‍ത്തിയിരിക്കുന്നത്” – അനില്‍കുമാര്‍ പറയുന്നു.

നൈസ് കെമിക്കല്‍സിലും സ്റ്റെര്‍ലിങ് പ്രിന്റ് ഹൗസിലുമായി 250 ജീവനക്കാരുണ്ട്. ആരോടും നിര്‍ബന്ധം പറയാറില്ല. ചിലര്‍ 20 രൂപ തരും. മറ്റു ചിലര്‍ 200 രൂപ തരും.

ആ തുക സമാഹരിച്ചാണ് അന്നമൂട്ടിന് പണം കണ്ടെത്തുന്നത്. പത്ത് വര്‍ഷത്തിനിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് പൊതിച്ചോര്‍ വിതരണം മുടങ്ങിയത്. അപ്പോഴും അനില്‍കുമാറും സംഘവും അരിയും പലവ്യഞ്ജനങ്ങളും പാവപ്പെട്ടവര്‍ക്ക് വാങ്ങി നല്‍കി. നിയന്ത്രണങ്ങള്‍ മാറിയപ്പോള്‍ വീണ്ടും പൊതിച്ചോര്‍ വിതരണം തുടങ്ങി. സൗത്ത്-നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് വിതരണമിപ്പോള്‍.

ബെര്‍ത്ത് ഡേ ഹാപ്പിയാകാന്‍

ജീവനക്കാരുടെ പിറന്നാളിന്റെയന്ന് കമ്പനിയില്‍ നിന്ന് അവര്‍ക്ക് സമ്മാനം നല്‍കാറുണ്ട്. ആ ദിവസം അവര്‍ കമ്പനിയില്‍ മധുരം വിതരണം ചെയ്യും. മധുരത്തിനു പകരം, അതിന് ചെലവാകുന്ന പണം കൂടി പൊതിച്ചോര്‍ വിതരണത്തിലേക്ക് മാറ്റാനാണ് ജീവനക്കാര്‍ ഒന്നടങ്കം തീരുമാനിച്ചിരിക്കുന്നത്. ഈ തുക നിക്ഷേപിക്കാന്‍ ‘കാരുണ്യനിധി’ എന്ന പേരില്‍ ഒരു കുടുക്കയും കമ്പനിയില്‍ വെച്ചിട്ടുണ്ട്.

ലൗ ആന്‍ഡ് കെയര്‍

ഓണം, വിഷു പോലുള്ള വിശേഷാവസങ്ങളില്‍ അഗതിമന്ദിരങ്ങളില്‍ സദ്യ നല്‍കും. ജീവനക്കാരുടേതുള്‍പ്പെടെയുള്ള വീടുകളില്‍ അധികം ഉപയോഗിക്കാത്ത നല്ല തുണിത്തരങ്ങള്‍ അലക്കി തേച്ച് ഭംഗിയാക്കി തീരെ പാവപ്പെട്ടവരുടെ വീടുകളില്‍ എത്തിക്കും. ”മേനോന്‍ സാറാണ് പ്രചോദനം, അതില്‍നിന്നാണ് ഇതെല്ലാം നടക്കുന്നതും” – അനില്‍കുമാര്‍ പറയുന്നു.

Content highlights: food serves in ernakulam nice chemicals sterling print house dr n r menon

Exit mobile version