പാവയ്ക്കയുടെ കയ്പ്പാണോ പ്രശ്നം? ഫ്രൈ ചെയ്ത് പാവയ്ക്ക ഫോഡിയായാലോ?

പാവയ്ക്കയുടെ-കയ്പ്പാണോ-പ്രശ്നം?-ഫ്രൈ-ചെയ്ത്-പാവയ്ക്ക-ഫോഡിയായാലോ?

കൊങ്കണി രുചികളിൽ മുന്നിട്ടു നിൽക്കുന്ന ഒരു പാട് വിഭവങ്ങളിൽ പ്രധാനി ആണ് പാവയ്ക്ക. പാവയ്ക്ക മാത്രമായിട്ടുള്ള പച്ചടി, ഉപ്പേരി, പാവയ്ക്ക വറുത്ത് ചേർത്തുള്ള കൂട്ട്കറി, തേങ്ങയരച്ചുള്ള ഒഴിച്ചുകൂട്ടാൻ, പാവയ്ക്ക വറ്റൽ ചേർത്തുള്ള പൊടി ചമ്മന്തി അങ്ങനെ നിരവധി വിഭവങ്ങൾ. കയ്പ്പിനൊപ്പം തന്നേ പുളിരുചി കൂടി അനുഭവിപ്പിക്കാൻ പച്ചമാങ്ങയും, ഇലുമ്പൻ പുളിയും ഒക്കെ ചേർത്തുള്ള മെഴുക്കുപുരട്ടിയും പ്രിയം. എന്തിനേറെ, മാമ്പഴക്കാലത്തു ഒഴിവാക്കാൻ പറ്റാത്ത രുചി ആണ് മാമ്പഴവും പാവയ്ക്കയും ചേർത്തുള്ള കറി. മധുരവും കയ്പ്പും കൂടി മത്സരിക്കുന്നത് രുചിച്ചു തന്നേ അറിയണം. പഴുത്ത അമ്പഴങ്ങ കിട്ടുന്നവർ മാമ്പഴത്തിന് പകരം അമ്പഴങ്ങയും ചേർക്കും. 

പാവയ്ക്കയുടെ കയ്പ്പ് കാരണമാണല്ലോ ചിലരെങ്കിലും ആശാനെ മാറ്റി നിർത്തുന്നെ. എന്നാൽ കയ്പ്പ് അധികം അറിയാത്ത, ചോറിനൊപ്പം കഴിക്കാൻ പറ്റാവുന്ന ഒരു ഫ്രൈ പരിചയപ്പെടുത്തട്ടെ. ഇത് കൊങ്കണി പാവയ്ക്ക വിഭവങ്ങളിലെ മറ്റൊരു താരം. പാവയ്ക്ക “ഫോഡി”.

അരി കുതിർത്ത് അരച്ചെടുത്തതാണ് മാവ്. പാവയ്ക്ക ശകലം ചെരിച്ചു നീളത്തിൽ അരിഞ്ഞെടുക്കും. ഇതുണ്ടെങ്കിൽ പിന്നെ ചോറിലൊഴിക്കാൻ അല്പം തൈര് ആയാലും മതിയെന്നതാണ് വാസ്തവം. അപ്പോ പാവയ്ക്ക ഫാൻസും അല്ലാത്തവരും തീർച്ചയായും ട്രൈ ചെയ്യേണ്ട വിഭവം ഇതാ..

ചേരുവകൾ

പാവയ്ക്ക –  2  വലുത് 
പച്ചരി  –  1/2 കപ്പ് 
വറ്റൽമുളക് –  8-10
ജീരകം – 1 ടീസ്പൂൺ 
മല്ലി   –   1/2 ടീസ്പൂൺ 
വാളൻ പുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ 
കായം / കായപ്പൊടി – 1 ടീസ്‌പൂൺ 
ഉപ്പ്   ആവശ്യത്തിന്
വെളിച്ചെണ്ണ / സൺഫ്ലവർ ഓയിൽ    – വറുക്കാൻ

തയ്യാറാക്കുന്ന വിധം

പച്ചരി കഴുകി ഒരു മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. കൂടെ വറ്റൽമുളകും കുതിർക്കാം. പാവയ്ക്ക തീരെ നേർത്തു പോവാതെ അല്പം ചെരിച്ചു അരിഞ്ഞെടുക്കുക.
ഏകദേശം രണ്ട് മില്ലിമീറ്റർ വീതിയിൽ അരിഞ്ഞാൽ മതിയാകും. സ്ലൈസ് ചെയ്തു വെച്ച പാവയ്ക്കയിൽ അല്പം ഉപ്പു പുരട്ടി ഒരു അര മണിക്കൂറോളം വെയ്ക്കുക .അതിനു ശേഷം പാവയ്ക്ക കഷ്ണങ്ങൾ നന്നായി പിഴിഞ്ഞ് കയ്പ്പ് വെള്ളം കളയാം. മുളക്, പുളി , ജീരകം , മല്ലി, കായം എന്നിവ അല്പം വെള്ളം മാത്രം ചേർത്ത് നന്നായി അരയ്ക്കുക. ഇതിലേക്ക് പച്ചരി ചേർത്ത് ഇത്തിരി തരുതരുപ്പായി അരച്ചെടുക്കുക .വെള്ളം അധികമാവാതെ സൂക്ഷിയ്ക്കുക . മാവ് നല്ല കട്ടിയായി തന്നേ വേണം. ഇത് പിഴിഞ്ഞെടുത്ത പാവയ്ക്കയിൽ പുരട്ടി ഒരു മണിക്കൂറോളം വെയ്ക്കാം .അല്പം ഉപ്പു വീണ്ടും ചേർക്കാം.
ഇനി നല്ല ചൂടായ എണ്ണയിൽ  പാകമാവുന്ന വരെ വറുത്തു കോരാം . പാവയ്ക്ക ചേർക്കുമ്പോൾ എണ്ണ നന്നായി ചൂടായി തന്നേ ഇരിക്കണം.എന്നിട്ട് ഫ്‌ളൈയിം കുറച്ചു ചെറുതീയിൽ പാകമാകും വരെ വറുത്തെടുക്കാം.

നോട്ട് 

പാവയ്ക്കയുടെ കയ്പ്പ് രുചി ഇഷ്ടമുള്ളവർക്ക് ഉപ്പു പുരട്ടി കയ്പു നീര് കളയുന്നത് ഒഴിവാക്കാം നേരിട്ട് അരി അരച്ചത് ചേർത്ത് പുരട്ടി വെയ്ക്കാം

Content Highlights: fodi recipe, fried bitter gourd, konkani food, konkani amchi food

Exit mobile version