വീട്ടിലെങ്ങനെ അടിപൊളി മോച്ച ഉണ്ടാക്കാം?; റെസിപ്പി വീഡിയോ പങ്കുവെച്ച് സാറാ തെണ്ടുല്‍ക്കര്‍

വീട്ടിലെങ്ങനെ-അടിപൊളി-മോച്ച-ഉണ്ടാക്കാം?;-റെസിപ്പി-വീഡിയോ-പങ്കുവെച്ച്-സാറാ-തെണ്ടുല്‍ക്കര്‍

വ്യത്യസ്തമായ പാചക വീഡിയോകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കല്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഈയടുത്ത് തനത് മഹാരാഷ്ട്ര വിഭവമായ മിസല്‍പാവ് കഴിക്കുന്ന ചിത്രവും സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 

ഇപ്പോഴിതാ കഫെ സ്റ്റൈലില്‍ കാപ്പി വിഭവമായ മോച്ച തയ്യാര്‍ ചെയ്‌തെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സച്ചിന്റെ മകള്‍ സാറാ തെണ്ടുല്‍ക്കര്‍. ഇന്‍സ്റ്റഗ്രാം റീല്‍ ആയാണ് വീഡിയോ സാറ ഷെയര്‍ ചെയ്തിരിക്കുന്നത്. കാപ്പി പ്രേമികളെല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് മോച്ച. വീട്ടില്‍ എങ്ങനെ കഫേ സ്റ്റൈല്‍ മോച്ച തയാറാക്കാം എന്നാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. 

ക്രീം പരുവത്തിലുള്ള ചോക്ക്‌ലേറ്റ് ഒരു കപ്പിലേക്ക് എടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിലേക്ക് കാപ്പി ഒഴിക്കുന്നു. ഫോം മില്‍ക്ക് ഇതിനുമുകളിലേക്ക് ചേര്‍ക്കും. ഇതിനുമുകളിലേക്ക് സ്വല്‍പ്പം ചോക്ലേറ്റ് പൊടി കൂടി ചേര്‍ത്തു കഴിയുമ്പോള്‍ അടിപൊളി മോച്ച തയ്യാറായി. 

മോച്ച തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

കോക്ക പൗഡര്‍ -രണ്ട് ടീസ്പൂണ്‍

കാപ്പി പൊടി-മുക്കാല്‍ കപ്പ്

പഞ്ചസാര -രണ്ട് ടീസ്പൂണ്‍

പാല് – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു കപ്പിലേക്ക് കാപ്പി, കോക്ക പൗഡര്‍, പഞ്ചസാര എന്നിവ എടുക്കുക. ഇതിലേക്ക് 3 ടേബിള്‍ സ്പൂണ്‍ ചൂടുവെള്ളം ഒഴിക്കുക. ഇത് തന്നായി കൂടിച്ചേരുന്നത് വരെ ഇളക്കി ചേര്‍ക്കുക. പാല്‍ തിളപ്പിച്ചശേഷം ഈ കൂട്ടിലേക്ക് ചേര്‍ക്കുക. മുകളില്‍ സ്വല്‍പം കോക്ക പൗഡര്‍ വിതറാം. മോച്ച തയ്യാര്‍. 

പതരൂപത്തിലായ പാല്‍ ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ചെറുതീയില്‍വെച്ച് പാല്‍ ചൂടാക്കിയെടുക്കുക. ചൂട് നില്‍ക്കുന്ന ഒരു ഫ്‌ളാസ്‌കില്‍ ഈ പാല്‍ ഒഴിക്കുക. ഫ്‌ളാസ്‌കിന്റെ അടപ്പ് നന്നായി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിനുശേഷം ഒരു മിനിറ്റ് നേരം ഈ പാല്‍ ഫ്‌ളാസ്‌കില്‍ ഇട്ട് കുലുക്കിയെടുക്കുക. ഈ പാല്‍ നേരത്തെ തയ്യാറാക്കിയ മോച്ച കൂട്ടിലേക്ക് ഗ്ലാസിന്റെ ഒരു വശത്തുകൂടെ പതിയെ ഒഴിക്കാം. പത മുകളില്‍ അടിയും. മുകളില്‍ കോക്ക പൗഡര്‍ വിതറി കുടിക്കാം.

Content highlights: Mocha recipe by sara Tendulkar, Mocha recipe, Insta Reel

Exit mobile version