Jibin George | Samayam Malayalam | Updated: 19 Jun 2021, 01:42:00 PM
ലൂസി കളപ്പുരയെ സഭയിൽ നിന്നും പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്‌ത് ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയർ ജനറലിനും വിശദീകരണം ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷൻ കത്തയച്ചു
സിസ്‌റ്റർ ലൂസി കളപ്പുര. Photo: TOI
ഹൈലൈറ്റ്:
- സിസ്‌റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്നും പുറത്താക്കിയ നടപടി.
- ഇടപെടലുമായി ദേശീയ വനിത കമ്മീഷൻ.
- ചീഫ് സെക്രട്ടറിക്കും സുപ്പീരിയർ ജനറലിനും കത്തയച്ചു.
തിരുവനന്തപുരം: എഫ്‌സിസി സന്യാസിനീ സമൂഹത്തിൽ നിന്ന് സിസ്‌റ്റർ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള വത്തിക്കാൻ്റെ തീരുമാനം വിവാദമായിരിക്കെ നിർണായക ഇടപെടലുമായി ദേശീയ വനിത കമ്മീഷൻ.
ലൂസി കളപ്പുരയെ സഭയിൽ നിന്നും പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്‌ത് ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയർ ജനറൻ സിസ്‌റ്റർ ആൻ ജോസഫിന് കത്തയച്ചു. സഭയിൽ നിന്നും പുറത്താക്കിയ നടപടിയിൽ വിശദീകരണം നൽകണമെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ആവശ്യമായ എല്ലാവിധ പിന്തുണയും ലൂസി കളപ്പുരയ്‌ക്ക് നൽകണമെന്ന് സംസ്ഥാന സർക്കാരിനയച്ച കത്തിൽ ദേശീയ വനിത കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. കത്ത് ലഭിച്ചതോടെ എഫ്‌സിസി സുപ്പീരിയർ ജനറൻ വൈകാതെ വിശദീകരണം നൽകേണ്ടതുണ്ട്.
സിസ്‌റ്റർ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള വത്തിക്കാൻ തീരുമാനത്തിനെതിരെ ഹൈക്കോടതി മുൻ ജഡ്‌ജിയായിരുന്ന ജസ്‌റ്റിസ് മൈക്കിൾ എഫ് സൽദാന കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കത്തിൻ്റെ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി വത്തിക്കാനിലെ പൗരസ്‌ത്യ തിരു സംഘത്തിൻ്റെ തലവനും അപ്പോസ്‌തലിക് നൺസിയോക്കിനും കർണാടക, ബോംബേ ഹൈക്കോടതി ജഡ്‌ജിയായിരുന്ന സൽദാന ലീഗൽ നോട്ടീസയച്ചു.
വത്തിക്കാനിലെ നടപടികളിൽ ലൂസി മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നു. വത്തിക്കാനിൽ നിന്ന് കത്ത് വന്നുവെന്നത് വ്യാജ പ്രചാരണമാണ്. “തൻ്റെ അപേക്ഷയിൽ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തൻ്റെ അഭിഭാഷകന് ലഭ്യമായിട്ടില്ല. ഞാൻ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കിൽ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണ്” – എന്നും ലൂസി വ്യക്തമാക്കിയിരുന്നു. കേസിൽ കക്ഷിയായ എഫ്സിസി തന്നെയാണ് തന്നോട് പുറത്തു പോകാൻ ആവശ്യപ്പെട്ട് ഉത്തരവ് നല്‍കിയതെന്ന് സി. ലൂസി ചൂണ്ടിക്കാട്ടി. എന്തുവന്നാലും മഠത്തിൽ തന്നെ തുടരുമെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
കത്ത് എറണാകുളം – അങ്കമാലി അതിരൂപതയിലേയ്ക്കാണ് വന്നതെന്നാണ് കരുതുന്നതെന്നും ലൂസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “സ്വന്തം അഡ്രസിലേയ്ക്കല്ല കത്ത് വന്നത്. തനിക്ക് ലഭിച്ച കത്തിലെ ചില സ്റ്റാംപുകള്‍ ഇളക്കി മാറ്റിയിരുന്നു. മെയ് 27 എന്നൊരു തീയതി കവറിൽ ഉണ്ടായിരുന്നു. ഇംഗ്ലീഷിലുള്ള ആദ്യ പേജിൽ വർഷം 2020 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉൾപ്പേജുകളിൽ 2021 എന്നുമാണ്. ഇതോടെ ഉത്തരവിൻ്റെ നിജസ്ഥിതി വ്യക്താകാൻ ഇറ്റലിയിലെ അഭിഭാഷകയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ അഭിഭാഷകയെ ഇന്ന് സുപ്രീം ട്രിബ്യൂണൽ ഓഫീസിലേയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വിശദവിവരങ്ങള്‍ അറിയിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്”- എന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : national commission for women seek report of sister lucy kalappura issues
Malayalam News from malayalam.samayam.com, TIL Network