പ്രാര്‍ഥനകള്‍ വിഫലം; കുഞ്ഞിനെ കാണാനാകാതെ ഗോകുല്‍ യാത്രയായി

ഗോകുൽ
ഗോകുൽ

പാമ്പാടി: കോവിഡിനോടും വൃക്കരോഗത്തോടും പൊരുതിനിന്ന ഗോകുല്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. പാമ്പാടി പങ്ങട മുണ്ടയ്ക്കല്‍ ആര്‍.ഗോകുലാണ് (29) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങിയത്. തന്റെ കുഞ്ഞിന്റെ മുഖം ഒരുനോക്ക് കാണാനാകാതെയുള്ള ഗോകുലിന്റെ അന്ത്യയാത്ര ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാക്കി.

വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുന്നതിനിടെ കോവിഡ് ബാധിച്ചതോടെ ഗുരുതരാവസ്ഥയിലായ ഗോകുലിനായി നാട് പ്രാര്‍ഥനയോടെ കഴിയുന്നതിനിടെയാണ് മരണം കവര്‍ന്നെടുത്തത്. ആറുദിവസം മുമ്പ് കോവിഡ് നെഗറ്റീവ് ആയതോടെ ഗോകുല്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രതീക്ഷ. മൂന്നാഴ്ച മുമ്പായിരുന്നു ഗോകുലിന്റെ ഭാര്യ രേഷ്മാ രാജന്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

2013-ല്‍ ഗോകുല്‍ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിച്ച ഗോകുല്‍, കുമളി, പുറ്റടിയിലെ സ്വകാര്യ കോളേജില്‍ ലൈബ്രേറിയന്‍ ആയി ജോലിചെയ്യുകയായിരുന്നു. 2020-ലാണ് വീണ്ടും വൃക്കരോഗം പിടികൂടിയത്. ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ചത്. ഇതോടെ നില കൂടുതല്‍ ഗുരുതരമായി. ശ്വാസകോശത്തെയും രോഗം ബാധിച്ചു. ചികിത്സാച്ചെലവിനായി വലിയ തുക ആവശ്യമായി വന്നതോടെ നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം അത് കണ്ടെത്തനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. കോട്ടയം ബസേലിയസ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളായിരുന്നു ഗോകുലും രേഷ്മയും.

കോളേജിലെ സുഹൃത്തുകളും ജനകീയസമിതി രൂപവത്കരിച്ച് നാട്ടുകാരും ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താനുള്ള പരിശ്രമങ്ങളിലായിരുന്നു. എന്നാല്‍ അതും വിഫലമാവുകയായിരുന്നു. അച്ഛന്‍ രാജന്‍. അമ്മ: ശാരദാമ്മ. രേഷ്മ കരുമൂട് കരിക്കടന്‍ പാക്കല്‍ കുടുംബാംഗമാണ്. സഹോദരന്‍: രാഹുല്‍. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.

Content Highlights: Gokul, who was undergoing treatment for kidney disease, died

Exit mobile version