ചോറിനു മുകളിൽ കറി ഒഴിക്കരുത്; തീൻമേശ മര്യാദ പങ്കുവെച്ച യുവതിക്ക് വിമർശനം

ചോറിനു-മുകളിൽ-കറി-ഒഴിക്കരുത്;-തീൻമേശ-മര്യാദ-പങ്കുവെച്ച-യുവതിക്ക്-വിമർശനം

തീൻമേശയിലെ മര്യാദകളെക്കുറിച്ച് കുട്ടിക്കാലം തൊട്ടേ കേൾക്കാറുണ്ട്. ഉച്ചത്തിൽ കസേരയും മേശയും വലിച്ചിടാതിരിക്കുന്നതും ശബ്ദത്തോടെ ചവച്ചരച്ച് കഴിക്കുന്നതുമൊക്കെ ഒഴിവാക്കേണ്ട സ്വഭാവങ്ങളാണ്. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ നിറയുന്നത് ഭക്ഷണം കഴിക്കേണ്ടതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് പങ്കുവെക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ്.

ഇൻസ്റ്റാഗ്രാമിലൂടെ മല്ലിക കൗർ എന്ന യുവതിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നു മാത്രമല്ല ഈ ചിട്ടകൾ അൽപം കടന്നുപോയെന്ന വിമർശനങ്ങളാണ് വീഡിയോക്ക് കീഴെ നിറയുന്നത്.

ഒരു പാത്രത്തിൽ ചോറുമായിരിക്കുന്ന യുവതിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട ശരിയായ രീതികൾ എന്തെല്ലാമാണെന്ന് പങ്കുവെക്കുകയാണ് യുവതി. ആദ്യം ചോറിനു മുകളിൽ കറി ഒഴിക്കുന്നത് കാണിച്ച് അപ്രകാരം ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് പറയുന്ന മല്ലിക പാത്രത്തിനു വശത്ത് കറിവെച്ച് ഓരോ  തവണയും സ്പൂണിൽ ആവശ്യത്തിന് കറി എടുത്ത് ചോറിൽ മിക്സ് ചെയ്തു കഴിക്കുന്നതാണ് അഭികാമ്യം എന്നു പറയുന്നു. 

അടുത്തതായി ഒന്നിലധികം കറികൾ ചോറിൽ മിക്സ് ചെയ്തു കഴിക്കുന്നതും ശരിയായ രീതിയല്ലെന്ന് പറയുന്നു മല്ലിക. പ്രത്യേകിച്ച് തൈര് മറ്റു കറികൾക്കൊപ്പം മിക്സ് ചെയ്തു കഴിക്കുന്ന ശീലം നന്നല എന്നും അത് ചുറ്റുമിരിക്കുന്നവരെ അസ്വസ്ഥരാക്കുമെന്നും മല്ലിക പറയുന്നു. തൈര് ആവശ്യത്തിനനുസരിച്ച് സ്പൂണിൽ പ്രത്യേകം എടുത്തു കഴിക്കുന്നതാണ് ശരിയായ രീതിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. 

എന്നാൽ വീഡിയോക്ക് താഴെ മല്ലികയ്ക്ക് വിമർശനങ്ങൾ നിരയുകയാണ്. ഇത്തരമൊരു തീൻമേശ മര്യാദ കേട്ടിട്ടില്ലെന്നാണ് പലരുടെയും കമന്റുകൾ. കറികൾ അവനവന്റെ സ്വാദിന് അനുസരിച്ചാണ് കൂട്ടേണ്ടതെന്ന് ചിലർ പറയുന്നു. ചോറിനു മുകളിൽ കറി ഒഴിക്കുന്നത് മര്യാദയല്ലെന്നു പറയുന്നതിന് പിന്നിൽ എന്താണെന്ന് മനസ്സിലാകുന്നില്ല എന്ന് മറ്റു ചിലർ. 

Content Highlights: how to eat indian food, viral video, Etiquette videos

Exit mobile version