മധുരവും ഇളം പുളിയും ചേർന്ന നാടൻ പലഹാരം, പ്രാതലായും സ്നാക്സായും കഴിക്കാം

മധുരവും-ഇളം-പുളിയും-ചേർന്ന-നാടൻ-പലഹാരം,-പ്രാതലായും-സ്നാക്സായും-കഴിക്കാം

ടക്കൻ കേരളത്തിലും മംഗലാപുരത്തുമൊക്കെയുള്ള കൊങ്കണി വീടുകളിൽ ഒരുപാട് പ്രചാരത്തിലുള്ള പലഹാരമാണ് ബൻസ്. മംഗ്ലൂർ ബൻസ് എന്നും പറയും. മംഗലാപുരം – ഉഡുപ്പി തുടങ്ങിയ ഇടങ്ങളിലെ ഹോട്ടലുകളിലൊക്കെ ചൂടപ്പം പോലെ വിറ്റു പോകുന്ന പലഹാരം. മധുരവും ഒരിളം പുളിയും ചെറുപഴത്തിന്റെ മണവും തുളുമ്പുന്ന ഒരു നാടൻ പലഹാരം.

രാവിലെ പ്രാതലായും വൈകീട്ടത്തെ പലഹാരമായും ബൻസ് ഉണ്ടാക്കും. മധുരമാണെങ്കിലും നല്ല എരിവുള്ള തേങ്ങ ചമ്മന്തിയുടെ കൂടെയാണ് സാധാരണ ബൻസ് വിളമ്പുക.അതൊരു പ്രത്യേക രുചി തന്നെയാണ്.

മൈദ ആണ് പ്രധാന ചേരുവ. കൂടെ നന്നായി പഴുത്തു തുടങ്ങിയ മൈസൂർ പഴം എന്നു ഞങ്ങൾ വിളിക്കുന്ന പാളയംകോടൻ പഴവും. ഈയടുത്ത കാലത്തായി മൈദക്ക് പകരം ഗോതമ്പ് പൊടിയിലും ആളുകൾ ബൻസ് ഉണ്ടാക്കുന്നുണ്ട്.എങ്കിലും മൈദയിൽ ഉണ്ടാക്കുന്നത് തന്നെയാണ് രുചിയിൽ  മുന്നിട്ടു നിൽക്കുന്നത്. ചെറുപഴത്തിന് പകരം ചക്കയും മാങ്ങയും പൈനാപ്പിളും വരെ ന്യൂജനറേഷൻ കണ്ടുപിടുത്തങ്ങളായി വന്നു കഴിഞ്ഞു.
പരമ്പരാ​ഗത ശൈലിയിലുള്ള ബൻസ് റെസിപ്പി ആണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ 

മൈദ – 3/4   കിലോ( ഏകദേശം )
തൈര് – 1/2 കപ്പ് 
നല്ല പഴുത്ത പാളയങ്കോടൻ പഴം – 3-4 എണ്ണം 
ബേക്കിംഗ് സോഡാ – 1/2 ടീസ്പൂൺ
പഞ്ചസാര  –  4 – 5 ടേബിൾ സ്പൂൺ
ജീരകം -1 ടീസ്പൂൺ 
ഉപ്പ് – അല്പം 
എണ്ണ-  വറുക്കാനുള്ള ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

ഒരു വലിയ തളികയിൽ  ആദ്യം പഴം നന്നായി കൈ കൊണ്ട് ഉടയ്ക്കുക. ഇതിലേക്ക് തൈര് , ഉപ്പ് , പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അലിയിപ്പിക്കുക. ഇനി ബേക്കിംഗ് സോഡാ ചേർക്കാം . അടുത്തതായി  മൈദ അല്പാപമായി ചേർത്തുകൊണ്ട് നല്ല മാർദ്ദവമുള്ള ചപ്പാത്തി മാവ് പോലെ കുഴയ്ക്കുക .

 ശ്രദ്ധിക്കുക, മൈദയുടെ അളവ് നിങ്ങളുടെ തൈര് പഴം മിശ്രിതത്തെ ആശ്രയിച്ചിരിക്കുന്നു . അതുകൊണ്ട് നല്ല മൃദുവായ എന്നാൽ കൈയിൽ ഒട്ടിപ്പിടിക്കാത്ത പരുവം കിട്ടുന്നത് വരെ മൈദാ ചേർക്കാം. ഇനി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഈ കുഴച്ച മാവിന് ചുറ്റും ഒഴിക്കുക. ഇത് മാവിലേക്ക് കുഴയ്‌ക്കേണ്ടതില്ല.

ഈ കുഴച്ച മാവ് ഒരു  6-8 മണിക്കൂർ വരെ അടച്ചു വെയ്ക്കുക. അതിന് ശേഷം നമുക്ക് ബൻസ് ഉണ്ടാക്കാം. വ ചപ്പാത്തിയുടെ ഉരുളയുടെ വലുപ്പത്തിൽ മാവു എടുത്തു പൂരിയുടെ വലുപ്പത്തിൽ അല്പം കട്ടി ആയി പരത്തണം .
എന്നിട്ട് ചൂടായ എണ്ണയിൽ പൂരി വറുക്കുംപോലെ വറുത്തെടുക്കണം. 

Content Highlights: konkani food, mangalore buns, konkani recipe, malayalam recipe

Exit mobile version