ബഹിരാകാശ ഗവേഷകര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയാല്‍ നാസ നല്‍കും 7.46 കോടി രൂപ

ബഹിരാകാശ-ഗവേഷകര്‍ക്ക്-ഭക്ഷണം-ഉണ്ടാക്കി-നല്‍കിയാല്‍-നാസ-നല്‍കും-7.46-കോടി-രൂപ

വര്‍ഷങ്ങള്‍ നീളുന്നതാണ് ഓരോ ബഹിരാകാശ ഗവേഷണങ്ങളും. ഭൂമിക്ക് പുറത്തെ ജീവന്റെ സാന്നിധ്യം തേടിയും ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലുമായി വര്‍ഷങ്ങളായി ഗവേഷണത്തിലാണ് ലോകരാജ്യങ്ങളുടെ നേതൃത്വത്തില്‍ ബഹിരാകാശ ഗവേഷകര്‍. എന്നാല്‍, ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ബഹിരാകാശത്ത് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ ഭക്ഷണം.

വന്‍ ബഹിരാകാശ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് കഴിക്കാന്‍ ഭക്ഷണമുണ്ടാക്കുന്നതിന് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ അവസരം നല്‍കുകയാണ് അമേരിക്കന്‍ ബഹിരാകാസ ഏജന്‍സിയായ നാസ. 

നാല് ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് തുടര്‍ച്ചയായി മൂന്ന് വര്‍ഷം ബഹിരാകാശത്ത് കഴിയുമ്പോള്‍ ആവശ്യമായ ഭക്ഷണം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഭക്ഷ്യ ഉത്പാദന സാങ്കേതികസംവിധാനമാണ് നാസ ലക്ഷ്യമിടുന്നത്. 

ഭക്ഷണം തയ്യാറാക്കുന്നതിന് പുറമെ അത് ബഹിരാകാശത്ത് എത്തിച്ചു നല്‍കുന്നതും ഉപഭോഗവും പാഴാകുന്ന ഭക്ഷ്യവസ്തുക്കളുടെ സംസ്‌കരണവും ഉള്‍പ്പെടുന്നതായിരിക്കണം ഈ സാങ്കേതികവിദ്യ. വിജയകരമായി ഈ സാങ്കേതികവിദ്യ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാസയുടെ വക ഒരു മില്യണ്‍ ഡോളര്‍(ഏകദേശം 7.46 കോടി രൂപ) സമ്മാനമായി ലഭിക്കും.

ഈ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് കഴിഞ്ഞ വര്‍ഷം നാസ മത്സരം നടത്തിയിരുന്നു. 18 ടീമുകളാണ് ഇതില്‍ മത്സരിച്ച് സമ്മാനം നേടിയത്. നൂതനമായ ഭക്ഷ്യ ഉത്പാദന സാങ്കേതികവിദ്യ അവതരിപ്പിച്ചതിന് 3.36 കോടി രൂപ സമ്മാനമായി നാസ നല്‍കുകയും ചെയ്തു. 

ഇതിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള മത്സരത്തിനാണ് നാസ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ പങ്കെടുത്ത് വിജയിച്ചവരെക്കൂടാതെ പുതിയ ടീമുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 

കനേഡിയല്‍ ബഹിരാകാശ ഏജന്‍സിയുമായി ചേര്‍ന്നാണ് ഡീപ് സ്‌പേസ് ഫുഡ് ചലഞ്ച് എന്ന പേരില്‍ നാസ മത്സരം സംഘടിപ്പിക്കുന്നത്. കുറഞ്ഞ സ്രോതസ്സുകള്‍ ഉപയോഗിച്ച് സുസ്ഥിരവും ക്രിയാത്മകവുമായ ഭക്ഷ്യ ഉത്പന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം. 

ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ ഭക്ഷണത്തിലെ പോഷകങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങുന്നതാണ് പ്രധാന വെല്ലുവിളി. ചൊവ്വാ പര്യവേഷണം വര്‍ഷങ്ങളോളം സമയമെടുത്താണ് പൂര്‍ത്തിയാക്കുന്നത്. ഇത്രകാലം ഗവേഷകര്‍ ആരോഗ്യത്തോടെ ഇരിക്കേണ്ടതും വളരെ പ്രധാന്യമേറിയ കാര്യമാണ്. ഭക്ഷണം മുന്‍കൂറായി പായ്ക്ക് ചെയ്‌തെടുത്ത് വയ്ക്കുന്നത് അതിനാല്‍ ശാശ്വതമായ പരിഹാരമല്ല.

ബഹിരാകാശ ഗവേഷണങ്ങള്‍ക്കു മാത്രമല്ല, വെള്ളപ്പൊക്കം, വരള്‍ച്ച എന്നീ പ്രകൃതിദുരന്ത സമയത്തും ഭക്ഷ്യ വസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയും നാസ ഇതിലൂടെ തേടുന്നുണ്ട്.

ബഹിരാകാശ യാത്രയുടെ പരിമിതികള്‍ക്കുള്ളില്‍ ദീര്‍ഘകാലത്തേക്ക് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ ആവശ്യമാണ്. ഭക്ഷ്യ സാങ്കേതികവിദ്യയുടെ അതിരുകള്‍ നീക്കുന്നത് ഭാവിയിലെ ഗവേഷകരെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തുകയും ഒപ്പം ഇവിടെയുള്ളവര്‍ക്ക് സഹായമായി മാറുകയും ചെയ്യും-നാസയുടെ സ്‌പേസ് ടെക്‌നോളജി മിഷന്‍ ഡയറക്ടറേറ്റ് വിഭാഗം അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ജിം റ്യൂട്ടര്‍ പറഞ്ഞു. 

Content highlights: nasa will give you 7.46 crore for winning ideas on astronaut food In deep space

Exit mobile version