‘വീക്നെസ്’ ആണ് ഈ പലഹാരം; ചിത്രംപങ്കുവെച്ച് മലൈക അറോറ

‘വീക്നെസ്’-ആണ്-ഈ-പലഹാരം;-ചിത്രംപങ്കുവെച്ച്-മലൈക-അറോറ

ഫിറ്റ്നസിലും ഡയറ്റിലുമൊന്നും തരിമ്പും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി മലൈക അറോറ. എന്നാൽ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള അവസരവും താരം പാഴാക്കാറില്ല. ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട സ്നാക്സ് ഏതാണെന്ന് പങ്കുവെച്ചിരിക്കുകയാണ് മലൈക. 

ഒരു മധുരപലഹാരമാണ് താരത്തിന് ഏറ്റവും പ്രിയം. മറ്റൊന്നുമല്ല ബേസൻ ലഡ്ഡു ആണത്. തന്റെ ഏറ്റവും വലിയ വീക്നെസ് എന്നു പറഞ്ഞാണ് ബേസൻ ലഡ്ഡുവിന്റെ ചിത്രം മലൈക പങ്കുവെച്ചിരിക്കുന്നത്. 

നേരത്തേയും  ബേസൻ ലഡ്ഡുവിനോടുള്ള പ്രിയം മലൈക പങ്കുവെച്ചിരുന്നു. മലയാളിയായ അമ്മ ജോയ്സ് അറോറ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെല്ലാം തനിക്കേറെ പ്രിയമാണെന്ന് മലൈക പറയാറുണ്ട്. 

malaika

അടുത്തിടെ പുതുവർഷത്തിലെ ബ്രേക്ഫാസ്റ്റ് എന്നുപറഞ്ഞ് ഇഡ്ഡലിയും സാമ്പാറും കഴിക്കുന്ന ചിത്രം മലൈക പങ്കുവെച്ചിരുന്നു. ശരിക്കും മലയാളി പെൺകുട്ടി തന്നെ എന്ന ക്യാപ്ഷനോടെ കപ്പപ്പുഴുക്കും ചമ്മന്തിയും കഴിക്കുന്ന ഫോട്ടോയും മലൈക പോസ്റ്റ് ചെയ്തിരുന്നു. 

ബേസൻ ലഡ്ഡു തയ്യാറാക്കുന്ന വിധം

ചേരുവകൾ

കടലമാവ് – 1 കപ്പ്
പഞ്ചസാര – 3/4 കപ്പ്
ഏലക്ക – 3 എണ്ണം
നെയ്യ് – 1/2 കപ്പ്
കശുവണ്ടി/ബദാം നുറുക്കിയത് – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പഞ്ചസാരയും ഏലക്കയും നന്നായി പൊടിച്ചു വെക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് കാൽ കപ്പ് നെയ്യൊഴിച്ചു കടലമാവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അര മണിക്കൂറോളം ചെറുതീയിൽ ഇളക്കുക. ചെറുതായി നിറവ്യത്യാസം വന്നു കടലമാവ് മൂത്തുവരുന്ന മണം വരുമ്പോൾ അതിലേക്ക് ബാക്കിയുള്ള നെയ്യ് കൂടി ചേർത്ത് കൊടുക്കുക. കയ്യെടുക്കാതെ വീണ്ടും ഇളക്കി കൊടുക്കുക. കടലമാവും നെയ്യും യോജിച്ചു കുഴമ്പു പോലെ ആകുമ്പോൾ ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വെക്കുക.
അല്പം തണുത്തു കഴിയുമ്പോൾ അതിലേക്ക് പൊടിച്ച പഞ്ചസാരയും ഏലക്കയും നുറുക്കിയ കശുവണ്ടി/ ബദാം കൂടി ചേർത്ത് അൽപസമയം നന്നായി കുഴക്കുക. ശേഷം കയ്യിൽ അല്പം നെയ്യ് തടവി ഓരോ ഉരുളകളാക്കി എടുക്കുക.

Content Highlights: malaika arora biggest weakness, favourite snacks, celebrity cuisine

Exit mobile version