കുടിക്കാം കാപ്പിക്ക് പകരം ഈ പാനീയങ്ങള്‍; ഉന്മേഷം കൂടെപ്പോരും

കുടിക്കാം-കാപ്പിക്ക്-പകരം-ഈ-പാനീയങ്ങള്‍;-ഉന്മേഷം-കൂടെപ്പോരും

ഒരു കടുംകാപ്പി കുടിച്ചായിരിക്കും മിക്കവരും ദിവസം ആരംഭിക്കുന്നത്. കാപ്പിയിലെ കഫീന്‍ എന്ന ഘടകം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിക്ക് പകരം കുടിക്കാന്‍ കഴിയുന്ന ഒട്ടേറെ പാനീയങ്ങള്‍ ഉണ്ട്. അതേസമയം, ഇവ കുടിക്കുമ്പോള്‍ കാപ്പി നല്‍കുന്ന അതേ ഊര്‍ജവും ഉന്മേഷവും ലഭിക്കുകയും ചെയ്യും.

മാറ്റ്ചാ ടീ

കിഴക്കന്‍ ഏഷ്യന്‍ ഭാഗങ്ങളില്‍ ഉപയോഗത്തിലുള്ള പരമ്പരാഗത പാനീയമാണിത്. കാപ്പിക്ക് പകരം ദിവസം തുടങ്ങുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണിത്. ഊര്‍ജവും ഉന്മേഷവും പ്രദാനം ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് മാറ്റ്ചാ ടീ. മാറ്റ്ചാ ടീ പൗഡര്‍ വിപണിയില്‍ ലഭ്യമാണ്.

ആപ്പിള്‍ സിഡര്‍ വിനേഗര്‍

ശരീരഭാരം കുറയ്ക്കുന്നതിന് ആളുകള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് ആപ്പിള്‍ സിഡര്‍ വിനേഗര്‍. പ്രമേഹത്തെ പ്രതിരോധിക്കുന്നതിനൊപ്പം നീര്‍വീക്കവും ഇത് തടയുന്നു. രാവിലെ എണീക്കുമ്പോള്‍ ഉന്മേഷക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍  ആപ്പിള്‍ സിഡര്‍ വിനേഗര്‍ കുടിക്കുന്നത് രാവിലെ ഉറക്കം ഉണര്‍ന്നു വരുമ്പോഴുള്ള ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ ഡിസര്‍ വിനേഗര്‍ ചേര്‍ത്ത് കുടിക്കാം. രുചി ഇഷ്ടമായില്ലെങ്കില്‍ തേന്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്.

മഞ്ഞള്‍ ചേര്‍ത്ത പാല്‍

കാപ്പിക്ക് പകരം കുടിക്കാന്‍ പറ്റിയ മികച്ച പാനീയമാണിത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു പുറമെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഊര്‍ജവും ഉന്മേഷവും വര്‍ധിപ്പിച്ച് ഏകാഗ്രത വര്‍ധിപ്പിക്കാനും ഈ പാനീയം സഹായിക്കും. പാലില്‍ ഇഞ്ചി, കറുവാപ്പട്ട, മഞ്ഞള്‍, കുരുമുളക്, പഞ്ചസാര എന്നിവ ചേര്‍ത്താണ് ഈ പാനീയം ഉണ്ടാക്കുന്നത്.

സ്മൂത്തീസ്

പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് ഇഷ്ടമുള്ള രുചികളില്‍ സ്മൂത്തീസ് തയ്യാര്‍ ചെയ്‌തെടുക്കാം. പ്രഭാതഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം ഇതിലൂടെ ലഭിക്കും.

Content highlights: beverages other than coffee to keep you awake, healthy drinks

Exit mobile version