സാലഡ് വെള്ളരി കൊണ്ടുണ്ടാക്കാം കിടിലൻ പച്ചടി

സാലഡ്-വെള്ളരി-കൊണ്ടുണ്ടാക്കാം-കിടിലൻ-പച്ചടി

ചൂട് ചോറിനൊപ്പം ശകലം മാത്രം പുളിയുള്ള തണുത്ത പച്ചടി. അതൊരു രുചി തന്നെയാണ്. അത് കക്കിരിക്ക പച്ചടി കൂടിയാണെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. കക്കിരിക്കാ പച്ചടി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

സാലഡ് വെള്ളരി / കക്കിരിക്ക കൊത്തി ചെറുതായി അരിഞ്ഞത് – 1 ഇടത്തരം വലുപ്പത്തിൽ 
ഇഞ്ചി പൊടിയായി അരിഞ്ഞത് –  1″ നീളത്തിലുള്ളത് 
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – 2- 3 എണ്ണം 
തേങ്ങാ –  1/2 കപ്പ് 
വറ്റൽ മുളക് അല്പം എണ്ണയിൽ വറുത്തത് – 3 എണ്ണം 
കടുക് –  1 ടീസ്പൂൺ 
കട്ട തൈര് – ആവശ്യത്തിന്  ( ഏകദേശം മുക്കാൽ കപ്പ് ) 
കടുക് , കറിവേപ്പില , എണ്ണ താളിക്കാൻ 

തയ്യാറാക്കുന്ന വിധം

സാലഡ് വെള്ളരി കൊത്തിയരിഞ്ഞതിലേക്ക് ഇഞ്ചിയും പച്ചമുളകും ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്ത് ഒരു അരമണിക്കൂറാളം വെയ്ക്കുക. അപ്പോഴേക്കും ഇതിൽ നിന്ന് അല്പം വെള്ളമൂറി വന്നിട്ടുണ്ടാകും. ഇനി തേങ്ങാ വറ്റൽമുളക് നന്നായി അരയ്ക്കുക. പേസ്റ്റ് പോലെ അരച്ച് കഴിഞ്ഞതിനു ശേഷം 1 ടീസ്പൂൺ കടുക് ചേർത്ത് മിക്സിയിൽ മൂന്നോ നാലോ സെക്കൻഡുകൾ മാത്രം അരയ്ക്കുക. കടുക് കൂടുതൽ അരഞ്ഞു പോവരുത്. ഇനി ഈ അരപ്പ് സാലഡ് വെള്ളരിയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിനുള്ള തൈരും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കടുക് , കറിവേപ്പില എന്നിവ താളിച്ചു ചേർക്കാം. കക്കിരിക്ക പെരക്ക് / പച്ചടി തയ്യാർ … 

നോട്ട്

ഇതിൽ വറ്റൽമുളക് ഒഴിവാക്കി പച്ചമുളക് മാത്രം അരച്ചും വെള്ളനിറത്തിലുള്ള പച്ചടിയും ഉണ്ടാക്കാം … രണ്ടിനും അതിന്റെതായ സ്വാദുണ്ട്.
ഒരു ചെറിയ കഷ്ണം ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തു ചേർത്താൽ നല്ല പിങ്ക് നിറം കിട്ടും .. അപ്പോഴും ചൂടാക്കേണ്ട കാര്യമില്ല…. പച്ചയ്ക്ക് ചേർത്താൽ മതി ….
അരയ്ക്കുമ്പോൾ വെള്ളം കൂടിപ്പോയാൽ പച്ചടിയുടെ ടെക്സ്ചർ മാറും … സാലഡ് വെള്ളരി കഷ്ണങ്ങൾ പച്ചടിയുടെ ചാറിനോട് ചേർന്ന് നിൽക്കാതെ ആവും … കഴിയുന്നതും വെള്ളം കുറച്ചു ചേർക്കുക …
തൈര് മിക്‌സിയിൽ ഒന്ന് കറക്കി , ഉടച്ചു ചേർക്കുന്നത് പച്ചടിയുടെ ക്രീമി പരുവത്തിനു നല്ലതാണു …

Content Highlights: cucumber pachadi recipe, pachadi varieties ,  malayalam recipe

Exit mobile version