ഒരു കപ്പ് ചായയിലോ കാപ്പിയിലോ ദിവസം ആരംഭിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ചായ സഹായിക്കുന്നു.
വ്യത്യസ്തമായ ചായവിഭവം പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ഷെഫായ സഞ്ജീവ് കപൂര്‍. തണുപ്പുകാലത്ത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ തുളസി ചായയാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും തുളസിച്ചായ മികച്ചതാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തുളസിച്ചായ തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തുളസിച്ചായ തയ്യാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങള്‍
- 1. തുളസി ഇല -18-20 എണ്ണം
- 2. ഇഞ്ചി -ചെറിയൊരു കഷ്ണം
- 3. ഗ്രാമ്പൂ -2 എണ്ണം
- 4. ഏലക്ക -2 എണ്ണം
- 5. കുരുമുളക് -5,6 എണ്ണം
- 6. പാല്‍ -3 കപ്പ്
- 7. ചായപ്പൊടി -ഒരു ടേബിള്‍ സ്പൂണ്‍
- 8. വെള്ളം -ഒരു കപ്പ്
- 9. ശര്‍ക്കര -ചെറിയ കഷ്ണങ്ങള്‍ ആക്കിയത്, കാല്‍കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ഇഞ്ചി, ഏലക്ക, കുരുമുളക്, ഗ്രാമ്പൂ എന്നിവ എടുക്കുക. ഒരു പാനില്‍ ഒരു കപ്പ് വെള്ളം എടുത്ത് ചൂടായ ശേഷം അതിലേക്ക് മുകളിലെ കൂട്ട് ചേര്‍ക്കുക. ഇതിലേക്ക് ചായപ്പൊടി ചേര്‍ക്കുക. ശേഷം ഇത് നന്നായി തിളയ്ക്കുന്നതുവരെ കാത്തിരിക്കുക. തുളസി ഇല കൈകൊണ്ട് നന്നായി ഞെരടി എടുക്കുക. ഇത് പാനിലെ തിളയ്ക്കുന്ന കൂട്ടിലേക്ക് ചേര്‍ക്കുക. രണ്ട് മൂന്ന് മിനിറ്റുനേരത്തേക്ക് തിളയ്ക്കാന്‍ അനുവദിക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്തശേഷം തിളപ്പിക്കുക. മൂന്ന് മിനിറ്റോളം ഇത് തിളപ്പിക്കണം. ശേഷം ഇതിലേക്ക് ശര്‍ക്കര ചേര്‍ക്കാം. ഒരു മിനിറ്റ് ചെറുതീയില്‍വെച്ച് ഇത് നന്നായി അലിഞ്ഞു ചേരുന്നതുവരെ ഇളക്കിക്കൊടുക്കാം. ശേഷം ചൂടോടെ ഗ്ലാസിലേക്ക് പകര്‍ത്താം.
Content highlights: how to make tulasi tea, Chef Sanjeev Kapoor, Healthy tea