വട്ടവട ഉരുളക്കിഴങ്ങിൽനിന്ന് ഫ്രഞ്ച് ഫ്രൈസ്

വട്ടവട-ഉരുളക്കിഴങ്ങിൽനിന്ന്-ഫ്രഞ്ച്-ഫ്രൈസ്

മൂന്നാർ: വട്ടവടയിലെ ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള ഫ്രഞ്ച് ഫ്രൈസ് (ചിപ്സ്) വിപണിയിലെത്തി. ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂമിത്ര കർഷക സമിതിയാണ് വട്ടവടയിൽനിന്നുള്ള ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള ചിപ്സ് പ്രത്യേകമായി തയ്യാറാക്കി വിപണിയിലെത്തിച്ചത്.

വട്ടവട പഴത്തോട്ടത്ത് ഭൂമിത്ര കർഷക സമിതിക്ക് കൃഷിവകുപ്പ് അഞ്ച് ഏക്കർ സ്ഥലം പാട്ടത്തിന് നൽകിയിരുന്നു. പൂർണമായും ജൈവരീതിയിൽ ഇവിടെ കൃഷി ചെയ്ത കിഴങ്ങ് ഉപയോഗിച്ചാണ് ഉത്പന്നം വിപണിയിലെത്തിച്ചത്. വിപണിയിലുള്ള മറ്റ് ഫ്രഞ്ച് ഫ്രൈസിനെക്കാളും വിലക്കുറവാണ്.

അര കിലോ-80 രൂപ, 200 ഗ്രാം-40 രൂപ എന്നിങ്ങനെയാണ് വില. മറ്റ് കമ്പനികളുടേതിന് കിലോയ്ക്ക് 360 രൂപയ്ക്ക് മുകളിലാണ് വില.ആദ്യഘട്ടത്തിൽ കേരളത്തിലെ സൂപ്പർ മാർക്കറ്റുകൾ വഴിയാണ് ഇവ വിറ്റഴിക്കുന്നത്. കമാൽഡാ ഫ്രഞ്ച് ഫ്രൈസ് എന്ന പേരിലാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. വട്ടവടയിൽനിന്ന് ശേഖരിക്കുന്ന ഉരുളക്കിഴങ്ങ് ആലുവയിലെത്തിച്ച് വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെയാണ് ഫ്രഞ്ച് ഫ്രൈസ് ആക്കുന്നത്. പ്രദേശങ്ങളിലെ കർഷകരിൽനിന്നു ന്യായവില നൽകിയും ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസ് നിർമാണത്തിനായി ഭൂമിത്ര കർഷക സമിതി ശേഖരിക്കുന്നുണ്ട്.

വട്ടവടയിൽ മൂന്നേക്കർ സ്ഥലത്ത് ഭൂമിത്ര കർഷക സമിതി സവാളകൃഷിയും ചെയ്തുവരുന്നുണ്ട്. പ്രവാസികളായ 18 പേരുടെ നേതൃത്വത്തിലുള്ളതാണ് ഭൂമിത്ര കർഷകസമിതി.

Content Highlights: french fries from vattavada potato

Exit mobile version