ഇരുപത്തിയഞ്ച് വർഷമായി വിക്ടോറിയ കഴിക്കുന്നത് ഒരേ ഭക്ഷണം; വെളിപ്പെടുത്തി ഡേവിഡ് ബെക്കാം

ഇരുപത്തിയഞ്ച്-വർഷമായി-വിക്ടോറിയ-കഴിക്കുന്നത്-ഒരേ-ഭക്ഷണം;-വെളിപ്പെടുത്തി-ഡേവിഡ്-ബെക്കാം

ഫിറ്റ്നസ് നിലനിർത്താൻ വർക്കൗട്ടിനൊപ്പം ഡയറ്റിലും കണിശത പുലർത്തുന്നവരാണ് മിക്ക താരങ്ങളും. ആഴ്ചയിലൊരിക്കലുള്ള ചീറ്റ് ഡേ മാത്രം തങ്ങൾക്കിഷ്ടമുള്ളവ കഴിച്ച് ബാക്കിയുള്ള ദിനങ്ങളിലെല്ലാം ആരോ​ഗ്യപ്രദമായ ഭക്ഷണം മാത്രമാണ് പല താരങ്ങളും കഴിക്കുന്നത്. എന്നാൽ ​ഗായികയും ഡിസൈനറുമൊക്കെയായ വിക്ടോറിയ ബെക്കാമിന്റെ കാര്യം അങ്ങനെയല്ല. വിക്ടോറിയ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി കഴിക്കുന്നത് ഒരേ ഭക്ഷണമാണത്രേ. 

സം​ഗതി കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും വിക്ടോറിയയുടെ ഭർത്താവും ഫുട്ബോൾ താരവുമായ ഡേവിഡ് ബെക്കാം തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. റിവർ കഫെ ടേബിൾ 4 എന്ന പോഡ്കാസ്റ്റിൽ പങ്കെടുക്കുന്നതിനിടെയാണ് ഡേവിഡ് ബെക്കാം ഇക്കാര്യം പറഞ്ഞത്. 

പ്രശസ്ത ഷെഫും റെസ്റ്ററന്റ് ശൃംഖലകളുടെ ഉടമയുമായ റൂത് റോ​ഗേഴ്സായിരുന്നു പരിപാടിയുടെ അവതാരക. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന പരിപാടിയുടെ പ്രധാന ആകർഷണം ഭക്ഷണവുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലാണ്. ഇക്കൂട്ടത്തിലാണ് ഡേവിഡ് ബെക്കാം വിക്ടോറിയയുടെ വ്യത്യസ്തമായ ഡയറ്റിനെക്കുറിച്ചും പങ്കുവെച്ചത്. 

സ്റ്റീക്കും വൈനുമൊക്കെ തനിക്ക് പ്രിയമാണെങ്കിലും ഒരിക്കലും ഭാര്യയുമായി തന്റെ പ്രിയപ്പെട്ട ഭക്ഷണം പങ്കിട്ട് കഴിക്കാനാവില്ലെന്ന് പറയുകയാണ് ഡേവിഡ് ബെക്കാം. കാരണം. ഇരുവരും കണ്ടുമുട്ടുന്ന കാലം തൊട്ട് ഇന്നോളം വിക്ടോറിയ കഴിക്കുന്നത് ഒരേ ഭക്ഷണമാണ്.

നിർഭാ​ഗ്യകരമെന്നു പറയട്ടെ, ഇരുപത്തിയഞ്ചു വർഷമായി ഒരേ ഭക്ഷണം കഴിക്കുന്നയാളെയാണ് ഞാൻ വിവാഹം കഴിച്ചത്. ഞാൻ കാണുന്ന കാലം മുതൽ ​ഗ്രിൽഡ് ഫിഷും പുഴുങ്ങിയ പച്ചക്കറികളും മാത്രമാണ് വിക്ടോറിയ കഴിക്കുന്നത്. അതിൽ നിന്ന് മാറുന്നത് വളരെ അപൂർവമാണ്- ഡേവിഡ് ബെക്കാം പറഞ്ഞു.

എന്നാൽ ​ഗർഭിണിയായിരുന്ന കാലത്ത് മാത്രം വിക്ടോറിയ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു എന്നും ബെക്കാം പറയുന്നു. 

Content Highlights: Victoria Beckham Has Been Eating The Same Meal For 25 Years says David Beckham

Exit mobile version