ആദ്യമായി ഇന്ത്യന്‍ ഭക്ഷണം കഴിച്ച് മതിമറന്ന് സ്പാനിഷ് യുവതി-വൈറല്‍ വീഡിയോ

ആദ്യമായി-ഇന്ത്യന്‍-ഭക്ഷണം-കഴിച്ച്-മതിമറന്ന്-സ്പാനിഷ്-യുവതി-വൈറല്‍-വീഡിയോ

വ്യത്യസ്തമായ രുചികളില്‍ തയ്യാര്‍ ചെയ്ത വിഭവങ്ങളുടെ കലവറയാണ് ഇന്ത്യയെന്ന് പറയാറുണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും തനത് രുചികളില്‍ വിഭവങ്ങള്‍ ലഭിക്കും. എരിവും പുളിയും ഉപ്പും ചേര്‍ത്ത് തയ്യാര്‍ ചെയ്‌തെടുക്കുന്ന ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് ലോകമെമ്പാടും ആരാധകര്‍ ഏറെയുമാണ്. 

ഇന്ത്യന്‍ ശൈലിയില്‍ തയ്യാര്‍ ചെയ്ത ചിക്കന്‍ ടിക്ക മസാല ആദ്യമായി കഴിക്കുന്ന സ്പാനിഷ് യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ചിക്കന്‍ വിഭവം കഴിച്ച് രുചി അറിഞ്ഞശേഷമുള്ള യുവതിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മാഡ്രിഡിലെ ഒരു റെസ്‌റ്റൊറന്റില്‍ വെച്ചാണ് ചിക്കന്‍ ടിക്ക മസാല ഫാത്തിമ ദെ ടെറ്റുവാന്‍ എന്ന യുവതി കഴിക്കുന്നത്. ചിക്കന്‍ വിഭവത്തിന്റെ രുചി അറിഞ്ഞശേഷം അത്ഭുതപ്പെട്ട് നില്‍ക്കുന്ന യുവതിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ചിക്കന്‍ ടിക്ക മസാല കഴിക്കുന്ന വീഡിയോ ഇവര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. തൊട്ടുപിന്നാലെ വീഡിയോ വൈറലാകുകയായിരുന്നു. എന്റെ ജീവിതത്തിലെ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ വിഭവം കഴിച്ചിട്ടില്ല എന്നത് വിശ്വസിക്കാന്‍ ആകുന്നില്ലെന്ന് വീഡിയോയില്‍ ഫാത്തിമ പറയുന്നുണ്ട്.

ഒരു വലിയ പാത്രം നിറയെ ചിക്കന്‍ ടിക്ക മസാലയ്ക്ക് മുമ്പില്‍ ഇരിക്കുന്ന ഫാത്തിമയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ചപ്പാത്തി ചിക്കന്‍ ടിക്ക മസാലയില്‍ മുക്കി ആദ്യമായി കഴിച്ചപ്പോഴുള്ള അത്ഭുതപ്പെട്ടുകൊണ്ടുള്ള ഫാത്തിമയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നത്. ഇത് അടിപൊളിയാണെന്നും ഇത്രയും നാള്‍ ഈ വിഭവം കഴിക്കാതിരുന്നത് വലിയ നഷ്ടമാണെന്നും വീഡിയോയില്‍ ഫാത്തിമ പറയുന്നുണ്ട്. എന്റെ ജീവിതത്തില്‍ കഴിച്ച ഏറ്റവും മികച്ച ഭക്ഷണമാണിതെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു. 

ഏഴുലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഒരു ലക്ഷത്തില്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും നൂറുകണക്കിന് കമന്റുകള്‍ ലഭിക്കുകയും ചെയ്തു.

Content highlights: chicken tikka masala spanis women taste an indian food for first time viral video

Exit mobile version